കാക്കനാട്: കൊച്ചിയില്‍ പുതുച്ചേരി (PY) രജിസ്ട്രേഷനില്‍ നികുതി വെട്ടിച്ചോടിയ 55 ആഡംബര കാറുകള്‍ KL രജിസ്ട്രേഷിലേക്ക് മാറ്റി. നികുതിയായി മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചത് അഞ്ചരക്കോടി രൂപ. എറണാകുളം ആര്‍.ടി. ഓഫീസിലും ജില്ലയിലെ മറ്റ് സബ് ആര്‍.ടി. ഓഫീസുകളിലുമായി 55 പേരാണ് വാഹനങ്ങള്‍ കേരളത്തിലെ വിലാസത്തിലേക്ക് മാറ്റിയത്.
കഴിഞ്ഞ നവംബര്‍ മുതല്‍ മാര്‍ച്ച് പകുതി വരെ 14.5 ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഓരോ ഉടമകളും നികുതി അടച്ചിട്ടുള്ളത്. പുതുച്ചേരി രജിസ്ട്രേഷനുള്ള 118 വാഹനങ്ങള്‍ ജില്ലയിലുണ്ടെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍. ഇതില്‍ എറണാകുളം ആര്‍.ടി. ഓഫീസ് പരിധിയിലാണ് കൂടുതലും.
വ്യാജ മേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുമെന്ന് മുന്നറിയിപ്പു നല്‍കിയശേഷം നിരത്തുകളില്‍നിന്ന് ഒരുവിഭാഗം പുതുച്ചേരി വാഹനങ്ങള്‍ അപ്രത്യക്ഷമായതായി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
പലരും വാഹനങ്ങള്‍ ഇതര സംസ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് വിവരം. വാഹനങ്ങളുടെ പിറകേ പോകുന്നത് പ്രായോഗികമല്ലാത്തതിനാല്‍ എറണാകുളത്ത് റോഡുകളില്‍ ഇറങ്ങുന്ന വാഹനങ്ങള്‍ കര്‍ശനമായി പരിശോധിക്കാനാണ് നിര്‍ദേശം. ഇതില്‍ നോട്ടീസ് നല്‍കിയ 118 വാഹന ഉടമകളില്‍ 55 പേരാണ് നികുതി അടച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ മറ്റുചിലര്‍ക്ക്, നികുതി അടച്ച ശേഷം പിന്നീട് കേസ് വരുമോയെന്ന ആശങ്കയും ഉണ്ട്. പണം അടയ്ക്കാതെ കേസ് നടത്തുന്നതാണ് ഉചിതമെന്ന് വിചാരിക്കുന്ന വാഹന ഉടമകളും കൂട്ടത്തിലുണ്ട്.
20 ലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനങ്ങള്‍ക്ക് 20 ശതമാനം നികുതി എന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് ചട്ടം. ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കേരളത്തില്‍ 14 മുതല്‍ 20 ലക്ഷം രൂപ വരെ നല്‍കേണ്ടി വരുമ്പോള്‍, പുതുച്ചേരിയില്‍ ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതി. ഈ സൗകര്യംമൂലം പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് ഉപയോഗിക്കുകയായിരുന്നു പലരും.
മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലെത്തിക്കുന്ന വാഹനം ഒരു വര്‍ഷത്തിനകം കേരള രജിസ്ട്രേഷന്‍ സ്വീകരിക്കണമെന്നാണ് നിയമം.
Content Highlights; 55 Pondicherry Registeration Car Reregistered In Kerala