ല്‍ഹിയിലെ വാണിജ്യവാഹന ഉടമകളോട് അവരുടെ പകുതി വണ്ടികളെങ്കിലും 2023-ഓടെ വൈദ്യുതിയിലേക്ക് മാറ്റാന്‍ ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് അഭ്യര്‍ഥിച്ചു. 2025-ഓടെ മുഴുവന്‍ വാണിജ്യ വാഹനങ്ങളും വൈദ്യുതിയിലാക്കണമെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി അഞ്ച് ശതമാനം പലിശ സബ്സിഡി നല്‍കുന്ന പദ്ധതി കൊണ്ടുവരും.

2023-ഓടെ വാണിജ്യ വാഹന സര്‍വീസുകള്‍ നടത്തുന്നവര്‍ അവരുടെ കൈവശമുള്ള ആകെ വാഹനങ്ങളില്‍ പകുതിയെങ്കിലും വൈദ്യുതിയിലാക്കണമെന്ന് ഉറപ്പുവരുത്തണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടത്. പല കമ്പനികള്‍ക്കും വൈദ്യുതിയിലേക്ക് മാറാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന്റെ ചെലവാണ് വിഷയമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 

അതിനാണ് പലിശ സബ്സിഡി കൊണ്ടുവരുന്നത്. ഡല്‍ഹി ഫിനാന്‍സ് കോര്‍പ്പറേഷന്‍ വഴിയാണ് അഞ്ച് ശതമാനം പലിശ സബ്സിഡി നല്‍കുക. ഇതുസംബന്ധിച്ച പദ്ധതിയുടെ രൂപവത്കരണം അന്തിമഘട്ടത്തിലാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എളുപ്പത്തില്‍ അത് സാധ്യമാക്കുകയാണ് ലക്ഷ്യം.

ഡല്‍ഹിയുടെ ഇലക്ട്രിക് വാഹന നയമായിരിക്കും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതെന്നും മന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക സഹായം, കുറഞ്ഞ പലിശയില്‍ വായ്പ, നോ-എന്‍ട്രി നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് എന്നിങ്ങനെ വിവിധ പ്രോത്സാഹനങ്ങള്‍ വൈദ്യുതി വാഹനങ്ങള്‍ക്ക് ലഭിക്കും.

ഇരുചക്ര, മുച്ചക്ര വാഹന സര്‍വീസുകള്‍, ടാക്‌സി, ചരക്ക് വാഹന സര്‍വീസ് എന്നിവ നടത്തുന്നവര്‍ക്കിടയില്‍ സ്വിച്ച് ഡല്‍ഹി പ്രചാരണത്തിന്റെ ഭാഗമായി ബോധവത്കരണം നടന്നുവരികയാണ്. ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. വൈദ്യുതി വാഹനങ്ങളിലേക്ക് മാറുക വഴി നഗരത്തിലെ വായു മലിനീകരണം കുറയുമെന്നു മാത്രമല്ല, ഉടമകള്‍ക്ക് പ്രതിവര്‍ഷം 22,000 രൂപവരെ ലാഭിക്കുകയും ചെയ്യാം.

Content Highlights: 50 Percent Of The Commercial Vehicles Wanted To Changed Electric In Two Years