കോവിഡിനെത്തുടര്‍ന്ന് അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ കേരളത്തില്‍നിന്ന് ബിഹാര്‍, അസം, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലേക്ക് പോയ 465 ബസുകള്‍ കുടുങ്ങിക്കിടക്കുന്നു. ഈ ബസുകളിലെ എഴുന്നൂറോളം ജീവനക്കാരും തിരിച്ചുവരാനാകാത്ത അവസ്ഥയിലാണ്. 

30 മുതല്‍ 40 വരെ ദിവസമായി കുടുങ്ങികിടക്കുന്നവരുമുണ്ട് ഇക്കൂട്ടത്തില്‍. ബംഗാള്‍ (297), അസം (149), ജാര്‍ഖണ്ഡ് (17), ബിഹാര്‍, ആന്ധ്ര (ഒന്ന് വീതം) എന്നിങ്ങനെയാണ് ബസുകള്‍ കുടുങ്ങിക്കിടക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള ബസുകള്‍ വാടകയ്‌ക്കെടുത്ത ഏജന്റുമാരാണ് ഇതരസംസ്ഥാനങ്ങളിലേക്ക് ബസുകള്‍ അയച്ചത്.

ഒരു ബസ് അസമില്‍ പോകാന്‍ ഒരുതൊഴിലാളിയില്‍നിന്ന് 4500 മുതല്‍ 5500 രൂപവരെയാണ് ഏജന്റുമാര്‍ ഈടാക്കിയത്. ഇങ്ങനെ ഒരു ബസില്‍ ഏകദേശം 50 തൊഴിലാളികളില്‍നിന്നായി മൂന്ന് ലക്ഷത്തോളം രൂപ ഏജന്റുമാര്‍ക്ക് ലഭിക്കും. ബസ് ഉടമകള്‍ക്ക് ഒരുലക്ഷത്തോളം രൂപയാണ് ഏജന്റുമാര്‍ നല്‍കുന്നത്. 

ബാക്കി തുകയ്ക്ക് വിളിക്കുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കി വെക്കുകയാണെന്ന് ബസ്സുടമകളും തൊഴിലാളികളും പറഞ്ഞു. അസമില്‍ പോയി വരാന്‍ 2.15 ലക്ഷത്തോളമാണ് ചെലവെന്ന് ബസ്സുടമകള്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ നാട്ടില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന ഭീഷണിയും ചില ഏജന്റുമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതായി തൊഴിലാളികള്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ യുട്യൂബ് വ്ളോഗിലൂടെ പുറത്തെത്തിച്ച കേരളത്തില്‍നിന്നുള്ള ഇ-ബുള്‍ജെറ്റ് വ്ളോഗേഴ്സിനെതിരെയും ഭീഷണിയുയര്‍ന്നിട്ടുണ്ട്. ഇത് കാണിച്ച് വ്‌ളോഗര്‍മാര്‍ അസം പോലീസില്‍ പരാതി നല്‍കി. പെരുമ്പാവൂര്‍ ഭാഗത്തുനിന്നാണ് കൂടുതല്‍ ബസുകള്‍ പോയിട്ടുള്ളത്.

മുഖ്യമന്ത്രി ഇടപ്പെട്ടു

മുഖ്യമന്ത്രി പിണറായി വിജയന്‍ അസം, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് അവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. തിരിച്ചുവരാനുള്ള സ്‌പെഷ്യല്‍ പെര്‍മിറ്റും സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം 30-നകം എല്ലാ ബസുകളും തിരിച്ച് കേരളത്തിലെത്തും എന്നാണ് കരുതുന്നത്. ആശങ്കയുടെ കാര്യമില്ല

- ആന്റണി രാജു,ഗതാഗതമന്ത്രി

Content Highlights: 465 Tourist Busus Stuck In Other States Due To Lockdown and Lack Of Money