പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്ന കാലത്ത് വൈദ്യുതവാഹനങ്ങളുടെ എണ്ണം കൂടുന്നു. കോവിഡ് ബുദ്ധിമുട്ടുകള്‍ക്കിടയിലും കഴിഞ്ഞ ആറര മാസത്തിനിടയില്‍ മാത്രം 2,550 വൈദ്യുതവാഹനങ്ങള്‍ സംസ്ഥാനത്തെ നിരത്തുകളിലിറങ്ങി. 2020-ല്‍ 1324 വാഹനങ്ങള്‍ ഇറങ്ങിയ സ്ഥാനത്താണ് ഈ വര്‍ഷം ആറര മാസംകൊണ്ടുതന്നെ ഇരട്ടിയോളം വൈദ്യുതവാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ സംസ്ഥാനത്തെ നിരത്തുകളിലിറങ്ങിയത് 3,874 വൈദ്യുതവാഹനങ്ങളാണ്.

ഉപഭോക്താക്കള്‍ക്ക് വൈദ്യുതവാഹനങ്ങളോടുള്ള പ്രിയം കൂടുകയാണെന്ന് കേന്ദ്രസര്‍ക്കാരിന്റെ മോട്ടോര്‍ വാഹന സേവനങ്ങളുടെ കേന്ദ്രീകൃത സംവിധാനമായ പരിവാഹന്‍ സോഫ്റ്റ്വെയറിലെ കണക്കുകള്‍ കാണിക്കുന്നു. 2018ല്‍ 243 വാഹനങ്ങളും 2019ല്‍ 468 വാഹനങ്ങളും പുറത്തിറങ്ങിയിരുന്നു. ഇതിനേക്കാള്‍ അഞ്ചിരട്ടി അധികം വാഹനങ്ങളാണ് 2021ല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.

പരിവാഹനിലെ കണക്കുപ്രകാരം ഒന്നര വര്‍ഷത്തിനിടെ തിരുവനന്തപുരം ആര്‍.ടി. ഓഫീസിനു കീഴിലാണ് കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവിടെ 284 ഇ-വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. മലപ്പുറത്ത് 186, എറണാകുളത്ത് 163, കോഴിക്കോട് 151, കണ്ണൂര്‍ 101 വാഹനങ്ങളും പച്ച നമ്പര്‍ ബോര്‍ഡ് സ്ഥാപിച്ച് നിരത്തിലുണ്ട്. വൈദ്യുതവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗവും വൈദ്യുത കാറുകളാണ് ഉപയോഗിക്കുന്നത്.

നിരത്തിലുണ്ട് 1109 ഇ-ഓട്ടോറിക്ഷകള്‍

ഒന്നരവര്‍ഷത്തിനിടെ 3,874 വൈദ്യുതവാഹനങ്ങള്‍ നിരത്തിലിറങ്ങിയപ്പോള്‍ അതില്‍ കൂടുതലും ഇ-ഓട്ടോറിക്ഷകളാണ്. 1,109 ഇ-ഓട്ടോറിക്ഷകളാണ് ഒന്നരവര്‍ഷത്തിനിടെ സര്‍വീസ് തുടങ്ങിയത്. 2021-ല്‍ മാത്രം 574 ഇ-ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങി.

വൈദ്യുതവാഹനങ്ങളെയും ഇ-ഓട്ടോറിക്ഷകളെയും പ്രോത്സാഹിപ്പിക്കാന്‍ സബ്സിഡിവിതരണ പദ്ധതിയുള്‍പ്പെടെ മോട്ടോര്‍വാഹനവകുപ്പിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

Content Highlights: 3874 Electric Vehicle Registered In Kerala In One And Half Year