പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
അതിരാവിലെ പണിക്കായി ബസില്‍ കയറിയാല്‍ പിന്നെ ഇറങ്ങുന്നത് രാത്രി പത്ത് മണിക്കായിരിക്കും. ബസ് ഓടിക്കുന്ന ഓരോ നിമിഷത്തിലും വലിയ മാനസിക സമ്മര്‍ദമാണ് ഡ്രൈവര്‍ അനുഭവിക്കുന്നത്. അതിരാവിലെയുള്ള ട്രിപ്പ് വലിയ കുഴപ്പമില്ലാതെ കഴിയും, എന്നാല്‍ നേരം കുറേ കഴിയുന്നതോടെ പ്രശ്നങ്ങള്‍ തുടങ്ങുകയായി.
ഗതാഗതക്കുരുക്ക് തുടങ്ങിയാല്‍ പിന്നെ ടെന്‍ഷനാണ്. അതോടെ ചെറുതായി നിയമം തെറ്റിച്ച്, ഇടതുവശത്തൂടെ ഓവര്‍ടേക്ക് ചെയ്തും ഫുട്പാത്തിലൂടെ ഓടിച്ചുമൊക്കെ ചിലര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ അഭ്യാസങ്ങള്‍ തുടങ്ങും. ഇതിനൊക്കെ കാരണമായി ഒന്നു മാത്രമേ അവര്‍ക്ക് പറയാനുള്ളൂ, കൃത്യസമയത്ത് ബസ് സ്റ്റാന്‍ഡില്‍ എത്തണേ!
ഇങ്ങനെയുണ്ടോ ഒരു ടൈം ഷെഡ്യൂള്‍
നമ്മുടെ നിരത്തില്‍ അരങ്ങേറുന്ന റോഡപകടങ്ങളില്‍ വില്ലന്‍മാരായി ബസ് ഡ്രൈവര്‍മാരെ പ്രതിസ്ഥാനത്ത് നിര്‍ത്തുമ്പോഴും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ യാഥാര്‍ഥ്യമായി മറുവശത്തുണ്ട്. കാലാനുസൃതമായി പുതുക്കാത്ത ടൈം ഷെഡ്യൂളാണ് ഇതില്‍ പ്രധാനം. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുടെ യോഗത്തില്‍ ഒരു ബസ് ഉടമ പറഞ്ഞ വാക്കുകളില്‍ ഇത് വ്യക്തമാണ്.
''മുപ്പത് വര്‍ഷം മുമ്പ് ഞാന്‍ ബസ് സര്‍വീസ് തുടങ്ങുമ്പോള്‍ നഗരത്തില്‍ ഒരു കി.മീ. പിന്നിടാന്‍ രണ്ടര മിനിറ്റാണ് ടൈം ഷെഡ്യൂളായി അനുവദിച്ചിരുന്നത്. കുറച്ചു വര്‍ഷം കഴിഞ്ഞപ്പോള്‍ അത് മൂന്നു മിനിറ്റാക്കി. ഇപ്പോഴും അതേ സമയം തന്നെയാണ് ബസുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. നഗരം വളര്‍ന്നതും വാഹനങ്ങള്‍ ക്രമാതീതമായി പെരുകിയതും അധികാരികള്‍ക്ക് അറിയാത്തതല്ലല്ലോ.
അഞ്ച് കി.മീ. ദൂരം പിന്നിടാന്‍ 15 മിനിറ്റ് മാത്രം അനുവദിച്ചാല്‍ നഗരത്തിരക്കില്‍ അതിന്റെ പകുതി പോലും എത്തണമെന്നില്ല'' - ഉടമ സംസാരിക്കുമ്പോള്‍ ഗതാഗത മന്ത്രി എല്ലാം സമ്മതിക്കുന്നതുപോലെ തലയാട്ടി. പക്ഷേ, അപ്പോഴും പരിഹാരമായി എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തില്‍ അധികാരികള്‍ മൗനത്തില്‍ തന്നെയാണ്.
36 മിനിറ്റും ആറ് ബസും
ടൈം ഷെഡ്യൂള്‍ പോലെ തന്നെ പ്രശ്നമായി തുടരുന്നതാണ് പെര്‍മിറ്റില്‍ നല്‍കിയിരിക്കുന്ന സമയവും. കാക്കനാട്ടു നിന്ന് സര്‍വീസ് നടത്തുന്ന ഒരു ബസിന്റെ ഉടമ പറഞ്ഞ വാക്കുകളില്‍ ഇങ്ങനെ:
''ഞാന്‍ 1994-ല്‍ ബസ് സര്‍വീസ് തുടങ്ങുമ്പോള്‍ കാക്കനാട്ടു നിന്ന് എറണാകുളം സൗത്തില്‍ എത്താന്‍ അനുവദിച്ചിരുന്നത് 36 മിനിറ്റാണ്. ഇപ്പോഴും അതില്‍ മാറ്റമില്ല. കാക്കനാട്ടു നിന്ന് എന്റെ ബസ് ആലിന്‍ചുവട്ടിലെത്തുമ്പോള്‍ ഒരു ബസ് കൂടി അതിനൊപ്പമെത്തും. പാലാരിവട്ടത്ത് എത്തുമ്പോള്‍ അത് രണ്ടാകും. ദേശാഭിമാനി ജങ്ഷനില്‍നിന്ന് ഒന്നും കലൂരില്‍നിന്ന് ഒന്നും കച്ചേരിപ്പടിയില്‍നിന്ന് ഒന്നും കൂടി അതിനൊപ്പം ചേരും. അതായത് ആറ് ബസ് ഒരുമിച്ചാണ് ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ മത്സരയോട്ടത്തിന് ഒരുങ്ങിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയുമോ''.
ഉടമയുടെ ചോദ്യത്തിന് അധികാരികള്‍ നല്‍കുന്ന മറുപടി എന്തായാലും, പറഞ്ഞ കാര്യം യാഥാര്‍ഥ്യം തന്നെയാണെന്നതില്‍ സംശയമില്ല.
പെര്‍മിറ്റും തീരാത്ത പ്രശ്നങ്ങളും
1988-ലെ മോട്ടോര്‍ വാഹന നിയമപ്രകാരം ബസ് സര്‍വീസിന് പെര്‍മിറ്റ് ലഭിക്കാന്‍ ഒട്ടേറെ കടമ്പകള്‍ താണ്ടേണ്ടതുണ്ടായിരുന്നു. പെര്‍മിറ്റ് വേണമെങ്കില്‍ ജനപ്രതിനിധികള്‍ സാക്ഷ്യപ്പെടുത്തി നല്‍കണമെന്ന നിയമമുണ്ടായിരുന്നു. എന്നാല്‍, പിന്നീട് പെര്‍മിറ്റ് വിതരണം ലളിതമാക്കി. ഇതോടെ ഒട്ടേറെപ്പേര്‍ അത് നേടാന്‍ ശ്രമങ്ങള്‍ തുടങ്ങി. ഒരേ സ്ഥലത്തേക്ക് കൂടുതല്‍ ബസുകള്‍ വന്നതോടെ പെര്‍മിറ്റ് വിതരണത്തെച്ചൊല്ലി വിവാദങ്ങളും കൂടി.
കൂടുതല്‍ ബസുകള്‍ക്ക് പെര്‍മിറ്റ് കിട്ടിയതോടെ വരുമാനം ഗണ്യമായി കുറഞ്ഞെന്നായിരുന്നു ഉടമകളുടെ പരാതി. അത് ശ്രദ്ധയില്‍പ്പെട്ടതോടെ പെര്‍മിറ്റ് വിതരണം കര്‍ശനമാക്കി. അതോടെ പുതിയ ഉടമകള്‍ പെര്‍മിറ്റിനായി കോടതിയെ സമീപിക്കുന്ന രീതി വന്നു. കോടതിയില്‍ നിന്ന് വിധി വാങ്ങി പെര്‍മിറ്റ് നേടി ഇവര്‍ ബസുകള്‍ നിരത്തിലിറക്കിയതോടെ തര്‍ക്കങ്ങളും മത്സരയോട്ടങ്ങളും കൂടി.
നഗരത്തില്‍ ചീറിപ്പായുന്ന ബസുകള്‍ അപകടങ്ങളുടെ ഏജന്റുമാരാകുമ്പോള്‍ പെര്‍മിറ്റുകള്‍ക്കും അതില്‍ നല്ലൊരു പങ്കുണ്ട്. അതുകൊണ്ടുതന്നെയാണ് കഴിഞ്ഞ ദിവസം നടന്ന ഗതാഗത മന്ത്രിയുടെ യോഗത്തില്‍ പെര്‍മിറ്റ് സംബന്ധിച്ച കാര്യം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ തല ശ്രമങ്ങളുണ്ടാകണമെന്ന് നിര്‍ദേശിച്ചത്. അത് പ്രാവര്‍ത്തികമായാല്‍ നിലവിലെ പ്രശ്നങ്ങളില്‍ കുറച്ച് കുറവുണ്ടാകും.
Content Highlights: 3 minute time to cover One Kilometer in city limits, Private Bus, City service buses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..