തൃശ്ശൂര്‍: ഇ-ഓട്ടോ, ഇ-റിക്ഷ വിപ്ലവത്തിനൊരുങ്ങുന്ന സംസ്ഥാനത്ത് ഇവയുടെ നിര്‍മാണത്തിനായി അഞ്ചുകമ്പനികള്‍ രംഗത്തെത്തി. എല്ലാ കമ്പനിയും ആദ്യ മോഡല്‍ നിര്‍മിച്ചു. 2020 ആദ്യം ഇവ പുറത്തിറക്കും. സര്‍ക്കാര്‍ സംരംഭമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡിന് പുറമേയാണിത്.

കേരളത്തില്‍ ഇ-ഓട്ടോയുടെയും ഇ-റിക്ഷയുടെയും 25 മോഡലുകള്‍ നിരത്തിലിറക്കാന്‍ അനുമതിക്കായി ഗതാഗത കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. വൈദ്യുതവാഹന നിയമപ്രകാരം ചെറുകിട വൈദ്യുതവാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അതത് സംസ്ഥാനങ്ങളുടെ അനുമതി നേടണം. ഇ-ഓട്ടോയ്ക്കും ഇ-റിക്ഷയ്ക്കും റോഡ് പെര്‍മിറ്റ് ആവശ്യമില്ലാത്തതിനാലാണിത്. ഇപ്പോള്‍ സംസ്ഥാന അനുമതിക്കുപുറമേ വാഹനസംബന്ധിയായ സര്‍ക്കാര്‍ സൈറ്റായ വാഹനിലും രജിസ്റ്റര്‍ ചെയ്യണം. എ.ആര്‍.എ.ഐ., ഐ.കാറ്റ് തുടങ്ങി അഞ്ച് കേന്ദ്രസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി കിട്ടിയശേഷംമാത്രമേ നിരത്തിലിറക്കാന്‍ അനുമതിക്കായി അപേക്ഷിക്കാനാകൂ.

നിലവില്‍ ഷിഹാന്‍, മയൂരി, കൈനറ്റിക്, മഹീന്ദ്ര, ഹൂഗ്ലി, വിട്രി തുടങ്ങിയ കമ്പനികളുടെ ഇ-ഓട്ടോകളും ഇ-റിക്ഷകളും കേരള നിരത്തിലോടുന്നുണ്ട്. കെ.എ.എല്‍. അവരുടെ പുതിയ മോഡലും പുറത്തിറക്കി. ബാറ്ററി നിര്‍മാണക്കമ്പനിയായ ഹൈക്കോണും ഇ-ഓട്ടോ ഉടന്‍ നിരത്തിലിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

പ്രതിസന്ധി

പൊതു ചാര്‍ജിങ് സ്റ്റേഷനുകളില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ഇ-ഓട്ടോയ്ക്കും ഇ-റിക്ഷയ്ക്കും റോഡ് പെര്‍മിറ്റ് ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉടമയ്ക്ക് ഇത് അനുഗ്രഹമാണെങ്കിലും ഒരേസമയം പ്രശ്‌നവുമാണ്. ഓട്ടോകള്‍ക്ക് പൊതു നിരത്തുകളില്‍ സ്റ്റാന്‍ഡ് അനുവദിക്കുന്നത് പെര്‍മിറ്റ് നോക്കിയാണ്. പെര്‍മിറ്റ് ആവശ്യമില്ലെന്ന ഉത്തരവ് രേഖാമൂലം ഇറക്കിയിട്ടുമില്ല. രേഖകളില്ലാത്തതിനാല്‍ ഇ-ഓട്ടോകള്‍ക്ക് ഇപ്പോള്‍ സ്റ്റാന്‍ഡ് കിട്ടുന്നില്ല.

Content Highlights; 25 electric auto rickshaw models coming to kerala road