ലോകത്തെ മുന്‍നിര വാഹന നിര്‍മാതാക്കളുടെ പുത്തന്‍ ആശങ്ങള്‍ക്ക് വേദിയായി പുതുതലമുറ മോഡലുകളെ സ്വീകരിക്കാന്‍ ഡല്‍ഹി ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ വാഹന മാമാങ്കമായ ഓട്ടോ എക്‌സ്‌പോയുടെ തിയതികള്‍ സിയാം പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം ഫെബ്രുവരി 9 മുതല്‍ 14 വരെയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഇന്ത്യ എക്‌സ്‌പോ മാര്‍ട്ടില്‍ 2018 ഓട്ടോ എക്‌സ്‌പോ അരങ്ങേറുക. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (CII), ഓട്ടോമോട്ടീവ് കോമ്പണന്റ്‌സ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (ACMA) എന്നിവയുടെ ആഭിമുഖ്യത്തിലാണ് ഓട്ടോ എക്‌സ്‌പോ നടക്കുന്നത്. 

ഫെബ്രുവരി 8 മുതല്‍ 11 വരെ ന്യൂഡല്‍ഹി പ്രഗതി മൈതാനത്ത് ഇതോടനുബന്ധിച്ച കംപോണന്റ്സ് ഷോയും അരങ്ങേറും. 1200 ഓളം വാഹന ഘടക നിര്‍മാതാക്കള്‍ ഇതില്‍ പങ്കെടുക്കും. ഫെബ്രുവരി 8-നാണ് ഉദ്ഘാനട ചടങ്ങ്. 14 ഇന്‍ഡോര്‍ എക്സിബിഷന്‍ ഹാളുകളിലായി 185000 സ്‌ക്വയര്‍ ഫീറ്റിലാണ് പ്രദര്‍ശനം. വിന്റേജ്, സൂപ്പര്‍ കാറുകള്‍ക്ക് പുറമേ ഇന്നൊവേഷന്‍ സോണ്‍, ഡെസ്റ്റിനേഷന്‍ സോണ്‍, സ്മാര്‍ട്ട് മൊബിലിറ്റി സോണ്‍, കോംമ്പിറ്റീഷന്‍ സോണ്‍ എന്നീ കാറ്റഗറിയില്‍ വിവിധ കമ്പനികളുടെ മോഡലുകള്‍ പ്രദര്‍ശിപ്പിക്കും. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ഡല്‍ഹി എന്‍സിആര്‍ പരിധിയിലെ മെട്രോ സ്റ്റേഷനില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാം. BookMyShow.com വെബ്സൈറ്റ് വഴി ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യാം.

രണ്ടു വര്‍ഷം കൂടുമ്പോഴാണ് ഓട്ടോ എക്‌സ്‌പോ നടക്കാറുള്ളത്. കഴിഞ്ഞ എക്‌സ്‌പോയില്‍ (2016) പൊതുജന പങ്കാളിത്തം വര്‍ധിച്ച സാഹചര്യത്തില്‍ ഇത്തവണ ഒരു ദിവസം അധികം ഷോ നടക്കും. കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയില്‍ പങ്കെടുത്ത ചില കമ്പനികള്‍ ഇത്തവണ എത്തില്ലെന്നും അഭ്യൂഹമുണ്ട്. ആഭ്യന്തര വില്‍പ്പന ഈ വര്‍ഷം അവസാനത്തോടെ നിര്‍ത്തുന്ന ജനറല്‍ മോട്ടോഴ്‌സ് ഇത്തവണ ഉണ്ടാകില്ല. ഫോക്‌സ് വാഗണ്‍ ഗ്രൂപ്പ്, ഫോര്‍ഡ് എന്നിവ ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. നിലവില്‍ ഇരുപത്തിയഞ്ചോളം മുന്‍നിര കമ്പനികള്‍ ഓട്ടോ എക്‌സ്‌പോയ്‌ക്കെത്തുമെന്ന് ഉറപ്പായതായി സിയാം അറിയിച്ചു. നവാഗതരായ കിയ മോട്ടോഴ്‌സ്, കവസാക്കി അടക്കം ആകെ അന്‍പതോളം കമ്പനികള്‍ ഓട്ടോ ഷോയില്‍ പങ്കെടുക്കും.