ksrtc
 
കെ.എസ്.ആര്‍.ടി.സി. സെന്‍ട്രല്‍ ഡിപ്പോയില്‍
ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന വോള്‍വോ ബസ്

രുപതുലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തിയ കെ.എസ്.ആര്‍.ടി.സി.യുടെ വോള്‍വോ ബസ് ആറുമാസമായി വിശ്രമത്തില്‍. അറ്റകുറ്റപ്പണി നടത്തി ഫിറ്റ്നസ് വാങ്ങിയ ബസ് ആറുമാസത്തോളം ഉപയോഗിക്കാതെ ഇട്ടിരുന്നു. വീഴ്ചയുടെ പേരില്‍ വിവിധ വകുപ്പുകള്‍ തമ്മില്‍ പഴിചാരുകയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയുടെ ആര്‍.എ. 101 എന്ന വോള്‍വോ ബസിനാണ് കഴിഞ്ഞ ഡിസംബറില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കിയത്.

കമ്പനിയില്‍ അയച്ച് അറ്റകുറ്റപ്പണി ചെയ്യുന്നതിനുപകരം കെ.എസ്.ആര്‍.ടി.സി.യുടെ മെക്കാനിക്കുകളാണ് വാഹനം നന്നാക്കിയത്. അത്യാധുനിക ഉപകരണങ്ങള്‍വെച്ച് ചെയ്യേണ്ട അറ്റകുറ്റപ്പണി സ്വന്തം വര്‍ക്ക്ഷോപ്പില്‍ പരിചയമില്ലാത്ത മെക്കാനിക്കുകള്‍ ചെയ്തപ്പോള്‍ ബസ് വീണ്ടും കട്ടപ്പുറത്തായി.

ഇത് ഒളിച്ചുവയ്ക്കാനുള്ള ശ്രമമാണ് പിന്നീട് നടന്നത്. പണം ചെലവിട്ടെങ്കിലും ബസ് ഉപയോഗപ്രദമല്ല. അറ്റകുറ്റപ്പണി പൂര്‍ത്തിയായാല്‍ ബസ് പ്രവര്‍ത്തനക്ഷമമാണെന്നു കാണിച്ച് അതാത് ഡിപ്പോയ്ക്ക് കൈമാറണം. എന്നാല്‍, തമ്പാനൂരില്‍ ഇത് കൃത്യമായി നടന്നിട്ടില്ലെന്നാണ് വിവരം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മെക്കാനിക്കിന്റെ കൈയബദ്ധത്തില്‍ എന്‍ജിന്‍ ഓയിലിനു പകരം സോപ്പ് ലായനി ഒഴിച്ച ബസാണിത്. ഇതേത്തുടര്‍ന്ന് സാരമായി തകരാര്‍ സംഭവിച്ച ബസ് പലതവണ ശരിയാക്കിയെങ്കിലും ഫലപ്രദമായില്ല. സോപ്പ് ലായനി ഒഴിച്ചതില്‍ വിജിലന്‍സ് അന്വേഷണവും ആരംഭിച്ചു.

സോപ്പ് ലായനി കാരണം ബസ് കേടായില്ലെന്ന് കാണിക്കാന്‍ വേണ്ടിയാണ് ആദ്യം തട്ടിക്കൂട്ടി പണിതിറക്കിയത്. എന്നാല്‍, റൂട്ടില്‍വിട്ട ബസ് എല്ലാ ദിവസവും വഴിയിലായി. ഇതോടെ വീണ്ടും ഗാരേജില്‍ എത്തിച്ചു. ഇതിനിടെ മോട്ടോര്‍വാഹനവകുപ്പിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കി.

ബസ് ഉപയോഗിക്കുന്നുവെന്ന് കാണിച്ച് വിജിലന്‍സിനു കത്തും നല്‍കി. എന്നാല്‍, നിരത്തിലിറക്കാതെ ഡിപ്പോയില്‍ സൂക്ഷിച്ചു. സംഭവം പുറത്തായപ്പോള്‍ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഓപ്പറേറ്റിങ്, സാങ്കേതികം, ഡിപ്പോ വിഭാഗങ്ങള്‍ തമ്മില്‍ ഇതേക്കുറിച്ച് പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. 

Contnet Highlights; ksrtc bus, ksrtc bus maintanance work