ചെന്നൈ: വെല്ലൂര്‍ വാണിയമ്പാടിയില്‍ വാട്സാപ്പ് സ്റ്റാറ്റസ് ഇടാന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ ലൈസന്‍സില്ലാതെ ട്രാക്ടര്‍ ഓടിച്ച യുവാവ് വാഹനത്തോടെ കിണറ്റില്‍വീണ് മരിച്ചു. ചിന്നമേട്ടൂര്‍ സ്വദേശി കൃഷ്ണന്റെ മകന്‍ സഞ്ജീവാണ് (18) മരിച്ചത്. 

അതേഗ്രാമത്തിലെതന്നെ ഒരു വയലിനോടുചേര്‍ന്ന കിണറിലാണ് ട്രാക്ടര്‍ വീണത്. നിലമുഴുന്നത് കാണാന്‍ ബന്ധുവായ ട്രാക്ടര്‍ ഡ്രൈവര്‍ക്കൊപ്പം വയലിലെത്തിയതായിരുന്നു സഞ്ജീവ്. ഉച്ചയായപ്പോള്‍ തൊഴിലാളികള്‍ എല്ലാവരും പണികള്‍ നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ പോയി. 

അപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന ട്രാക്ടറില്‍ കയറി ഓടിക്കുന്നതുപോലെ അഭിനയിച്ച് യുവാവ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. ട്രാക്ടറിലിരുന്നുള്ള ചിത്രം വാട്സാപ്പില്‍ സ്റ്റാറ്റസായി വെക്കുകയുംചെയ്തു. തുടര്‍ന്ന്, ട്രാക്ടറില്‍ കയറിയതിന്റെ ആവേശത്തില്‍ യുവാവ് വാഹനം ഓടിക്കാനും ശ്രമിച്ചു. 

ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ട്രാക്ടര്‍ വയലിനടുത്ത് 60 അടി താഴ്ചയുള്ള കിണറില്‍ പതിക്കുകയായിരുന്നു. ശബ്ദംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ട്രാക്ടറില്‍ക്കുടുങ്ങിയ യുവാവ് പൂര്‍ണമായും കിണറിലെ വെള്ളത്തില്‍ മുങ്ങിപ്പോയിരുന്നു. അഗ്‌നിരക്ഷാ സേന എത്തിയപ്പോഴേക്കും മരണം സംഭവിച്ചു. 

നാലുമണിക്കൂറോളം പരിശ്രമിച്ചാണ് ക്രെയിനുപയോഗിച്ച് മൃതദേഹവും ട്രാക്ടറും കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. സംഭവത്തില്‍ അമ്പലൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.