vehicles
representative image

തിരുവനന്തപുരം: റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്) യുടെ പരിശോധനയില്‍ തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍നിന്നായി ഉപേക്ഷിക്കപ്പെട്ട 170 വാഹനങ്ങള്‍ കണ്ടെത്തി. മൂന്ന് കാറുകളും ഇരുചക്രവാഹനങ്ങളുമാണ് കണ്ടെത്തിയത്. പാര്‍ക്കിങ്ങ് ഗ്രൗണ്ടുകള്‍, സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലാണ് ഓപ്പറേഷന്‍ നമ്പര്‍പ്ലേറ്റ് എന്ന പ്രത്യേക പരിശോധന നടത്തിയത്.

ഏറെക്കാലമായി ഉടമകള്‍ ഉപേക്ഷിച്ച വാഹനങ്ങളാണിവ. വാഹനങ്ങള്‍ ഏല്‍പ്പിച്ച് മടങ്ങിയവര്‍ പിന്നീട് തിരികെയെടുത്തിട്ടില്ല. വാടകക്കുടിശ്ശികയുമുണ്ട്. മോഷ്ടിച്ച വാഹനങ്ങളാണോയെന്നും സംശയമുണ്ട്. കൂടുതല്‍ വാഹനങ്ങള്‍ ഉപേക്ഷിച്ചിട്ടുള്ളത് കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ്. പഴയതും പുതിയതുമായ 22 ഇരുചക്രവാഹനങ്ങള്‍. കോട്ടയത്ത് -19, നാഗര്‍കോവില്‍- 18, തിരുവനന്തപുരത്ത് -16 വീതം ഇരുചക്രവാഹനങ്ങള്‍ അവകാശികള്‍ എത്താതെയുണ്ട്.

തൃശ്ശൂര്‍, ചങ്ങനാശ്ശേരി, വര്‍ക്കല സ്റ്റേഷനുകളിലാണ് കാറുകളുള്ളത്. ഉടമകള്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളുമായി എത്തിയാല്‍ ഇവ വിട്ടുനല്‍കും. ഇല്ലെങ്കില്‍ ലേലം ചെയ്യും. ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുള്ളതിനാല്‍ ഇവ സ്റ്റേഷനില്‍നിന്ന് നീക്കംചെയ്യാന്‍ ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് തിരുവനന്തപുരം ഡിവിഷനില്‍ പരിശോധന നടന്നത്.

Content Highlights; 170 vehicles at railway stations awaiting its owners, railway protection force operation number plate