തര സംസ്ഥാന തൊഴിലാളികളുമായി കേരളത്തില്‍നിന്നു പോയി തിരിച്ചുവരാനാകാതെ ഇനിയും കുടുങ്ങിക്കിടക്കുന്നത് 163 ബസുകള്‍. 320 തൊഴിലാളികളുമുണ്ട്. ഏജന്റുമാര്‍ പണം നല്‍കാത്തതിനാല്‍ ബസുകളും തൊഴിലാളികളും കുടുങ്ങിയതുമായി ബന്ധപ്പെട്ട് മാതൃഭൂമി വാര്‍ത്തകള്‍ നല്‍കിയിരുന്നു.

465 ബസുകളാണ് കുടുങ്ങിയിരുന്നത്. കേരളസര്‍ക്കാര്‍ ഇവരെ നാട്ടിലെത്തിക്കാന്‍ 22 മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചിരുന്നു. തുടര്‍ന്ന് 70 ശതമാനത്തോളം ബസുകളും തിരിച്ചെത്തി. ഇപ്പോഴും പശ്ചിമബംഗാള്‍, അസം, ആന്ധ്ര, ഛത്തീസ്ഗഢ് തുടങ്ങിയ സ്ഥലങ്ങളില്‍ ബസുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. 

21 ബസുകള്‍ ബംഗാളിലെ ചില ഗ്രാമങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. 98 ബസുകള്‍ യാത്രക്കാരെ ലഭിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ കാത്തുനില്‍ക്കുന്നുണ്ട്. 40 ബസുകള്‍ കേടുപാടുകള്‍ സംഭവിച്ചും യാത്രക്കാരെ കിട്ടാത്തതിനാലും പല സ്ഥലങ്ങളിലുണ്ട്. ഇതിലെ ഡ്രൈവര്‍മാര്‍ ട്രെയിനിലും മറ്റു മാര്‍ഗങ്ങളിലൂടെയും നാട്ടിലെത്തുകയായിരുന്നു.

ഭക്ഷണവും താമസസൗകര്യവും ചികിത്സയും അസം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ലഭിക്കുന്നുണ്ടെന്ന് ബസ് തൊഴിലാളികള്‍ പറഞ്ഞു. ഡീസല്‍ അടിക്കാനുള്ള കാശുപോലും ലഭിക്കാത്തതിനാലാണ് കുടുങ്ങിക്കിടക്കുന്നത്. പല ഏജന്റുമാരും ഇപ്പോഴും പണംതരാതെ മുങ്ങിയിട്ടുണ്ടെന്നും ബസുടമകള്‍ പറയുന്നു. 

ഒരുമാസത്തിലേറെ അസമില്‍ കുടുങ്ങിയ ശ്രീറാം ട്രാവല്‍സിന്റെ ഡ്രൈവര്‍ അഭിജിത്ത് കഴിഞ്ഞദിവസം തൂങ്ങിമരിച്ചിരുന്നു. മേയ് 26-ന് മറ്റൊരു ട്രാവല്‍സിന്റെ ഡ്രൈവര്‍ അസമില്‍ വെച്ചുതന്നെ ഹൃദയാഘാതംകാരണം മരിച്ചിരുന്നു. കുടുങ്ങിയ ബസുകള്‍ക്ക് നാട്ടിലെത്താന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഗതാഗതവകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

Content Highlights: 163 Tourist Buses And 320 Employees Stuck In Northern States