വാഹനങ്ങളുടെ എന്‍ജിനില്‍ കൃത്രിമത്വം നടത്തി ശബ്ദം കൂട്ടുന്നതും അനുവദനീയമല്ലാത്ത രൂപമാറ്റം വരുത്തുന്നതും 12,000 ദിര്‍ഹംവരെ പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് ഗതാഗതവകുപ്പിന്റെ മുന്നറിയിപ്പ്. 

വാഹനത്തിന്റെ വേഗവും ശബ്ദവും കൂട്ടുന്നതിന് അനുവദനീയമല്ലാത്തവിധം മാറ്റങ്ങള്‍ വരുത്തുന്നവരുണ്ട്. താമസകേന്ദ്രങ്ങള്‍ക്ക് സമീപമുള്ള തുറസ്സായ ഇടങ്ങളില്‍ യുവാക്കള്‍ ഇത്തരം വാഹനങ്ങളില്‍ അഭ്യാസം നടത്തുന്നത് കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് ഇതുമൂലമുണ്ടാകുന്നത്.

വാഹനത്തിന്റെ അമിതവേഗം നിരത്തുകളില്‍ കാല്‍നടയാത്രികര്‍ക്കും കുട്ടികള്‍ക്കും വെല്ലുവിളിയുയര്‍ത്താറുണ്ട്. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 999 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പോലീസിനെ വിവരമറിയിക്കണം. 

2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലുമാണ് ഇതിനുള്ള ശിക്ഷ. കണ്ടുകെട്ടിയ വാഹനം മൂന്നുമാസത്തിനകം തിരിച്ചെടുക്കണം. ഇതിന് 10,000 ദിര്‍ഹമാണ് ഫീസ്. 770 വാഹനങ്ങള്‍ക്ക് നിലവില്‍ പിഴ ചുമത്തിയതായും പോലീസ് അറിയിച്ചു.

Content Highlights: 13 thousand dirhams penalty for violation of driving vehicle caused noise and changes in the engine