തൃശ്ശൂര്‍: വൈദ്യുതിവാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ബാറ്ററി ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് വന്‍ വാഗ്ദാനവുമായി സര്‍ക്കാര്‍. വന്‍ നഗരങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നവര്‍ക്ക് 50 മുതല്‍ 100 ശതമാനം വരെ സബ്‌സിഡിയാണ് ഹെവി ഇന്‍ഡസ്ട്രി മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ആനുകൂല്യങ്ങളുമുണ്ട്. ആദ്യ ഘട്ടം 6,000 ചാര്‍ജിങ് പോയിന്റോടെ 1,000 സ്റ്റേഷനുകളാണ് സ്ഥാപിക്കുക. ഇതിനായി ഹെവി ഇന്‍ഡസ്ട്രി മന്ത്രാലയം താത്പര്യപത്രം ക്ഷണിച്ചു. തദ്ദേശസ്ഥാപനങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, പൊതു-സ്വകാര്യ മേഖലാ സംരംഭങ്ങള്‍, വ്യക്തികള്‍ തുടങ്ങിയവര്‍ക്ക് ചാര്‍ജിങ് കേന്ദ്രം തുടങ്ങാം.

വൈദ്യുത വാഹനങ്ങളുെട പ്രോത്സാഹനത്തിനായി ആവിഷ്‌കരിച്ച ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ്(ഫെയിം) പദ്ധതിയില്‍നിന്നാണ് സബ്‌സിഡിത്തുക അനുവദിക്കുക. ഏപ്രിലില്‍ നിലവില്‍ വന്ന ഫെയിം പദ്ധതിയില്‍ 10,000 കോടിയാണ് മൂന്നുവര്‍ഷത്തേക്ക് വകയിരുത്തിയിരിക്കുന്നത്.

100 ശതമാനം സബ്‌സിഡി

വാണിജ്യേതര വിതരണത്തിനായി സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് 100 ശതമാനം സബ്‌സിഡി നല്‍കുന്നത്. ആശുപത്രികള്‍,സര്‍ക്കാര്‍ ഓഫീസുകള്‍,സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.

70 ശതമാനം സബ്‌സിഡി

വാണിജ്യാധിഷ്ഠിത വിതരണത്തിനായി പൊതുസ്ഥലങ്ങളില്‍ സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്കാണ് മുതല്‍മുടക്കിന്റെ 70 ശതമാനം സബ്‌സിഡി കിട്ടുക. ഏതുപൗരനും ഇതിന്റെ സേവനം കിട്ടിയിരിക്കണം. റോഡോരം, പാര്‍ക്കിങ് ഇടം, മാളുകള്‍, പെട്രോള്‍ പമ്പുകള്‍, കോംപ്ലക്‌സുകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും.

50 ശതമാനം സബ്‌സിഡി

സ്വന്തം ആവശ്യത്തിനും ഒപ്പം ആവശ്യക്കാര്‍ക്ക് നല്‍കാനുമായി സ്ഥാപിക്കുന്ന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് 50 ശതമാനം സബ്‌സിഡി കിട്ടും. ടാക്‌സിക്കമ്പനികള്‍ നടത്തുന്ന സ്ഥാപനങ്ങള്‍, നിരവധി വാഹനങ്ങളുള്ള സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്കാണ് ഈ സബ്‌സിഡി കിട്ടുക. സ്വന്തം വാഹനത്തോടൊപ്പം പൊതുജനങ്ങളുടെ വാഹനവും ചാര്‍ജുചെയ്ത് നല്‍കണം. 

Content Highlights; Electric Charging Stations, EV charging, 1000 charging stations coming soon