ഗാസിയാബാദ്-അലിഗഡ് എക്‌സ്പ്രസ്‌വേ | Photo: Twitter/Nitin Gadkari
ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേ, മുംബൈ-നാഗ്പുര്‍ എക്‌സ്പ്രസ് ഹൈവേ, ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേ തുടങ്ങി രാജ്യത്തിന്റെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന നിരവധി എക്‌സ്പ്രസ് ഹൈവേകളാണ് അടുത്ത കാലത്തായി ഒരുങ്ങുന്നത്. എന്നാല്‍, ഹൈവേ നിര്‍മാണത്തില്‍ റെക്കോഡ് സൃഷ്ടിച്ച് ഒരുങ്ങുന്ന ഒരു എക്‌സ്പ്രസ് ഹൈവേയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. അത് പങ്കുവെച്ചതാകട്ടെ രാജ്യത്തിന്റെ ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും.
ഗാസിയാബാദിനെയും അലിഗഡിനെയും ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് ഹൈവേയാണ് ഇപ്പോള്‍ വൈറല്‍ ഹൈവേ ആയിരിക്കുന്നത്. 100 മണിക്കൂറില്‍ 100 കിലോമീറ്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയാണ് നാഷണല്‍ ഹൈവേ 34 ആയ ഈ എക്‌സ്പ്രസ്‌വേ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഈ ഹൈവേ പുതിയ ചരിത്രമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നാണ് റോഡിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
ലാര്‍സണ്‍ ആന്‍ഡ് ടര്‍ബോ, ക്യൂബ് ഹൈവേ എന്നി കമ്പനികളാണ് ഈ ഹൈവേയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്. ഈ കമ്പനികളെയും ഗാസിയബാദ് അലിഗഡ് എക്‌സ്പ്രസ്‌വേ പ്രൈവറ്റ് ലിമിറ്റഡിനെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാന്‍ കോള്‍ഡ് സെന്‍ട്രല്‍ പ്ലാന്റ് റിസൈക്ലിങ്ങ് (സി.സി.പി.ആര്‍.) സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണം പുരോഗിമിക്കുന്നത്.
118 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള എക്‌സ്പ്രസ്‌വേയാണ് ഗാസിയാബാദ്-അലിഗഡ് നഗരങ്ങളെ ബന്ധിപ്പിച്ച് ഒരുങ്ങുന്നത്. ഉയര്‍ന്ന ജനസാന്ദ്രതയുള്ള ഗാസിയാബാദിനും അലിഗഡിലും ഇടയിലുള്ള ഗാതാഗത ലിങ്ക് എന്ന നിലയില്‍ ഈ പാത പ്രവര്‍ത്തിക്കുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും രണ്ട് ദിവസം കൊണ്ട് 28 ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.
വ്യാവസായിക, കാര്‍ഷിക മേഖലകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പാത എന്നതിലുപരി ചരക്ക് ഗതാഗതം സുഗമമാക്കുകയും പ്രാദേശിക സാമ്പത്തിക വികസനത്തിന് വലിയ സംഭാവന നല്‍കുന്ന നിര്‍ണായക വ്യാപാര പാതയായി ഇത് മാറുമെന്നാണ് മന്ത്രി അവകാശപ്പെടുന്നത്. ദാദ്രി, ഗൗതം ബുദ്ധ നഗര്‍, സിക്കന്ദ്രബാദ്, ബുലന്ദഷഹര്‍, ഖുര്‍ജ തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെ ഉത്തര്‍പ്രദേശിലെ വിവിധ നഗരങ്ങളിലൂടെയും ഈ പാത കടന്നുപോകും.
Content Highlights: 100 km road in 100 hours, The Ghaziabad-Aligarh Expressway has made historical achievement
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..