Image Courtesy: Team BHP
പരിസ്ഥിതി മലിനീകരണം കുറയ്ക്കാന്‍ ലോകം ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് മാറുന്നതിന് ചുവടുപിടിച്ച് പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്സൈറ്റായ ആമസോണ്‍ ഡെലിവറി വാഹനങ്ങള്‍ ഇലക്ട്രിക്കിലേക്ക് മാറ്റുന്നു. ഇതിന്റെ ഭാഗമായി 2025-ഓടെ 10,000 ഇലക്ട്രിക് വാഹനങ്ങള്‍ ഡെലിവറി ആവശ്യത്തിനായെത്തിക്കുമെന്ന് ആമസോണ്‍ അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന്റെ ആദ്യഘട്ടമായി കഴിഞ്ഞ വര്‍ഷം ഏതാനും വാഹനങ്ങള്‍ അവതരിപ്പിച്ചിരുന്നു. ഇവ ഈ വര്‍ഷം ഡല്‍ഹി, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, പൂനെ, നാഗ്പുര്‍, കോയമ്പത്തൂര്‍ എന്നി നഗരങ്ങളില്‍ ഡെലിവറി ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ച് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
2030-ഓടെ ത്രീ വീലറും ഫോര്‍ വീലറും ഉള്‍പ്പെടെ ഒരുലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഇതുവഴി പ്രതിവര്‍ഷം നാല് മില്ല്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആമസോണ്‍ സിഇഒ ജെഫ് ബെസോസാണ് ഇ-വാനുകള്‍ വാങ്ങുന്ന വിവരം ട്വിറ്ററില്‍ പങ്കുവെച്ചത്.
ഈ വര്‍ഷം മുതല്‍ റിവിയന്‍ ഇലക്ട്രിക് വാനുകളാണ് സര്‍വീസിനിറങ്ങുന്നത്. 2040 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പുര്‍ണ്ണമായും ഒഴിവാക്കാനുള്ള പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യങ്ങള്‍ പത്തു വര്‍ഷം മുമ്പെ കൈവരിക്കാനാണ് ആമസോണ്‍ ലക്ഷ്യമിടുന്നത്.
ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിനായി ഏതാനും ഇന്ത്യന്‍ കമ്പനികളുമായും ആമസോണ്‍ സഹകരിക്കുമെന്നാണ് സൂചന. ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഫെയിം-2 ഇലക്ട്രിക് വാഹനനയം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. ഇത് ആമസോണിനെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
Content Highlights: 10,000 Electric Vehicle In Amazon Delivery Vehicle Fleet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..