ന്ത്യന്‍ നിരത്തുകളെ തൊട്ടറിഞ്ഞ വാഹനമാണ് മാരുതിയുടെ 800. 30 വര്‍ഷത്തോളം നിരത്തില്‍ നിറഞ്ഞോടിയ ഈ വാഹനം ഇപ്പോഴും ആളുകള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു പഴയ മാരുതി 800-ന് മഹീന്ദ്ര താറിന്റെ രൂപം നല്‍കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി ഓടുന്നത്. 

മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലെ ഒരു സാധാരണ വര്‍ക്ക് ഷോപ്പിലാണ് കാര്‍ താര്‍ ആയി മാറിയത്. വാഹനങ്ങള്‍ മോടിപിടിപ്പിക്കുന്നതില്‍ ആ മേഖലയില്‍ പ്രസിദ്ധമായ കദ്രി ഓട്ടോ ഗാരേജാണ് ഈ രൂപമാറ്റം നടത്തിയത്. ഒരു ലക്ഷം രൂപയില്‍ താഴെയാണ് ഇതിന് ചിലവ് വന്നത്.

മാരുതിയുടെ റൂഫ് അറുത്തുമാറ്റിയും മുന്നിലെ ബമ്പര്‍ മാറ്റി ഓഫ് റോഡ് ബമ്പര്‍ നല്‍കിയും ജീപ്പില്‍ നല്‍കുന്ന ഇന്റിക്കേറ്റര്‍ നല്‍കിയിരിക്കുന്നതുമാണ് പ്രധാനമാറ്റം. ഇതിന് പുറമെ വാഹനത്തിന് സ്‌പോര്‍ട്ടി ഭാവം നല്‍കുന്നതിനായി വീതിയുള്ള ടയറും വലിയ സൈഡ് മിററുമൊക്കെ നല്‍കിയിട്ടുണ്ട്.

ബോണറ്റിന് മുകളില്‍ വലിയ ഒരു തകിട് ഘടിപ്പിക്കുകയും അതില്‍ സുസുക്കിയുടെ ബാഡ്ജും എല്‍ഇഡി ലൈറ്റുകളും നല്‍കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 92,000 രൂപ ചിലവിലാണ് ഓഫ് റോഡിനിണങ്ങുന്ന താറിന്റെ രൂപത്തിലേക്ക് മാരുതിയെ മാറ്റിയെടുത്തത്.

രൂപത്തില്‍ അടിമുടി മാറിയെങ്കിലും മെക്കാനിക്കലായി മാറ്റം വരുത്തിയിട്ടില്ല. 37 എച്ച്പി കരുത്ത് ഉത്പാദിപ്പിക്കുന്ന 796 സിസി മൂന്ന് സിലണ്ടര്‍ എന്‍ജിനും നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുമാണ് ഇതില്‍ നല്‍കിയിരിക്കുന്നത്.