ന്ത്യന്‍ നിരത്തുകള്‍ക്ക് ഇലക്ട്രിക് വാഹനം പരിചയപ്പെടുത്തിയതിന്റെ ക്രെഡിറ്റ് മഹീന്ദ്രയ്ക്ക് കൂടി അവകാശപ്പെട്ടതാണ്. മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിരയിലേക്ക് നിരവധി വാഹനങ്ങള്‍ എത്താനൊരുങ്ങുന്നുണ്ടെങ്കിലും നിലവില്‍ മഹീന്ദ്ര ട്രിയോ എന്ന ഇലക്ട്രിക് ഓട്ടോറിക്ഷ മാത്രമാണുള്ളത്. ഈ വാഹനം സ്വന്തമാക്കിയ ഒരു ഉപയോക്താവ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് മേധാവിക്ക് വാഹനം മെച്ചപ്പെടുത്തുന്നതിന് നല്‍കിയ നിര്‍ദേശമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 

വെബ് അധിഷ്ഠിത ബിസിനസ് കമ്പനിയായ സോഹോയുടെ മേധാവി ശ്രീധര്‍ വെമ്പുവാണ് മഹീന്ദ്രയുടെ ഇലക്ട്രിക് ഓട്ടോറിക്ഷയായ ട്രിയോ സ്വന്തമാക്കിയ ഉപയോക്താവ്. അദ്ദേഹം വാഹനം ഓടിക്കുന്നതിന്റെ ചിത്രം ഉള്‍പ്പെടെയാണ് അദ്ദേഹം തന്റെ നിര്‍ദേശങ്ങളും അനുഭവങ്ങളും പങ്കുവെച്ചിരിക്കുന്നത്. ഡിസൈന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെ വളരെ ഏറെ പുകഴ്ത്തിയ ശേഷമാണ് ഈ ഇലക്ട്രിക് ഓട്ടോറിക്ഷയില്‍ വരുത്തേണ്ട ചില മെച്ചപ്പെടുത്തലുകളെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്. 

കഴിഞ്ഞ ദിവസം എനിക്ക് പുതിയ മഹീന്ദ്ര ട്രിയോ ഇലക്ട്രിക് ഓട്ടോറിക്ഷ ലഭിച്ചു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 125 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്നതും മണിക്കൂറില്‍ 55 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ സാധിക്കുന്നതുമായി വാഹനമാണിത്. ഇതൊരു മികച്ച വാഹനമാണെന്നും ഇത് ഡ്രൈവ് ചെയ്യുന്നത് ഏറെ ഇഷ്ടപ്പെടുന്നു എന്നുമാണ് അദ്ദേഹത്തിന്റെ ട്വിറ്റര്‍ സീരീസിലെ ആദ്യ ട്വിറ്റില്‍ പറയുന്നത്. ഇതിനുപിന്നാലെയാണ് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുള്ളത്. 

വിലയുടെ കാര്യത്തില്‍ ഈ ഇലക്ട്രിക് ഓട്ടോറിക്ഷ ഒരു സാധാരണ കുടുംബത്തിന് സ്വന്തമാക്കാന്‍ കഴിയുന്ന വാഹനമാണ്. (3.5 ലക്ഷം രൂപയില്‍ താഴെയാണ് ട്രിയോയുടെ ഓണ്‍റോഡ് വില). എണ്ണത്തിന് അനുസരിച്ച് വില കുറയുന്നുമുണ്ട്. ഡിസൈന്‍ പരിശോധിച്ചാല്‍ ഏറ്റവുമധികം ആകര്‍ഷകമായ വാഹനമാണിത്. ഗ്രാമപ്രദേശങ്ങളിലെ നിരത്തുകളില്‍ ഈ വാഹനവുമായി യാത്ര ചെയ്യുമ്പോള്‍ ആളുകള്‍ ഈ വാഹനത്തെ കുറിച്ച് ഇത് എവിടെ നിന്നാണ് ലഭിച്ചതെന്നും അന്വേഷിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 

വാഹനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള നിര്‍ദേശങ്ങളാണ് അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള ട്വീറ്റിലുള്ളത്. ഈ വാഹനത്തിന് വ്യത്യസ്തമായ ഡിസൈനും നിറങ്ങളും നല്‍കുകയും കുടുംബസമേതമുള്ള യാത്രയ്ക്ക് ഇണങ്ങുന്ന വാഹനമാക്കുകയും ചെയ്താല്‍ നന്നായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന നിര്‍ദേശം. ഇത്രയും കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കുന്ന ഇലക്ട്രിക് വാഹനം കൂടുതല്‍ പോപ്പുലര്‍ ആക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചിട്ടുണ്ട്. 

ഇന്ത്യയില്‍ ഡിസൈന്‍ ചെയ്യുകയും വികസിപ്പിക്കുകയും ചെയ്ത ഇലക്ട്രിക് ഓട്ടോറിക്ഷയാണ് മഹീന്ദ്ര ട്രിയോ. ഇന്ത്യയില്‍ 5000 യൂണിറ്റ് വില്‍പ്പന തികയ്ക്കുന്ന ആദ്യ 3W ഇലക്ട്രിക് ഓട്ടോറിക്ഷ എന്ന അംഗീകാരം കഴിഞ്ഞ വര്‍ഷം ട്രിയോ സ്വന്തമാക്കിയിരുന്നു. 11 ബി.എച്ച്.പി. പവറും 42 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 141 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്.

Content Highlights: Zoho CEO Buys Mahindra Treo e-Auto, Suggest some improvements to Mahindra Chief Anand Mahindra