ഭീമൻ ട്രക്കായ ‘സിൽ’ എന്ന വാഹനത്തിനുമുന്നിൽ രാജാക്കാട് ലെമൺ ഗ്രാസ് ഹോട്ടൽ മനേജർ കെ.എം.ജോർളി
ഇരുപതു ഇഞ്ചിന്റെ ആറ് വലിയ ടയറുകള്‍, ചെറിയ വട്ട കണ്ണുകള്‍, ഏതോ വന്യമൃഗത്തിന്റെ കൊമ്പുകള്‍ പോലെ പുറത്തേക്കു തെറിച്ചുനില്ക്കുന്ന കണ്ണാടി, വലിയ ബോണറ്റിനു മുകളില്‍ റഷ്യന്‍ ഭാഷയില്‍ സില് (Zil) എന്നു പേരെഴുതിയിരിക്കുന്നു. ഈ വാഹനം കണ്ടാല്‍ ആരും ഒന്നമ്പരന്നുപോകും. രാജാക്കാട് പ്രവര്‍ത്തിക്കുന്ന ലെമണ്‍ ഗ്രാസ് ഹോട്ടലിനുമുന്നില്‍ തലയുയര്‍ത്തി നില്ക്കുന്ന ഈ കരുത്തന് ഭീമന് ട്രക്ക് ഇന്ന് നാട്ടിലെ താരമാണ്.
1999 മേയ് എട്ടുമുതല്‍ ജൂലായ് 26-വരെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ ഭാഗമായിരുന്നു ഈ കൂറ്റന്‍ വാഹനം. റോള്‍സ് റോയിസിനു തുല്യമായ ആഡംബര കാറുകള്‍ നിര്‍മിച്ചിരുന്ന റഷ്യന്‍ കമ്പിനിയായ സില് (ZIL-Zavod Imeni Likhachyova) എന്ന കമ്പനിയാണ് ഇതിന്റെ നിര്‍മാതാക്കള്‍.
മിസൈലുകള്‍ റീഫില്‍ ചെയ്യുന്നതിനാവശ്യമായ ഓക്സിജന്‍ സിലിന്‍ഡറുകള്‍ യുദ്ധഭൂമിയില്‍ എത്തിക്കുകയായിരുന്നു ഈ വാഹനത്തിന്റ ദൗത്യം. 2.97 മീറ്റര്‍ ഉയരമുള്ള ഈ ട്രക്കിന് 6x6 വീല്‍ ഡ്രൈവ് ആയതിനാല്‍ ഏതുകയറ്റവും ഇറക്കവും അനായാസമായി കയറി ഇറങ്ങാന്‍ കഴിയും. ഏഴ് ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് 1996 മോഡലായ ഈ സില് ട്രക്കിനുള്ളത്. 150 എച്ച്.പി. കരുത്തുണ്ട് ഈ വമ്പന്‍.
അഞ്ച് ടണ്‍ ഭാരം വഹിച്ച് റോഡിലൂടെ അനായാസം പായാന്‍ ഈ വാഹനത്തിനു കഴിയും. അഞ്ച് സ്പീഡ് ഗിയര്‍ ബോക്സാണ് ഉള്ളത്. ഇന്ധന ക്ഷമത ലിറ്ററിന് നാലു കിലോമീറ്റര്‍ താഴെ മാത്രം. കാര്‍ഗില്‍ യുദ്ധരംഗത്ത് ഉപയോഗിച്ചിരുന്ന 24 ഓക്സിജന്‍ സിലിന്‍ഡറുകള്‍ ഇപ്പോഴും ഈ വാഹനത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇ.വി.എം.ഗ്രൂപ്പ് ഉടമയായ ജോസ് മാത്യു 20 ലക്ഷത്തോളം രൂപ മുടക്കി പത്താന് കോട്ടുനിന്നും ഈ വാഹനം ലേലത്തില്‍ പിടിക്കുകയും പിന്നിട് അറ്റകുറ്റപ്പണികള്‍ നടത്തി ഇവരുടെ ഉടമസ്ഥതയിലുള്ള രാജാക്കാട് ലെമണ്‍ഗ്രാസ് ഹോട്ടലില്‍ എത്തിക്കുകയും ചെയ്തു. ഇവരുടെ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങളിലും ഇത്തരം ചരിത്ര പ്രാധാന്യമുള്ള വാഹനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇടുക്കി ഡാം നിര്‍മാണത്തിനാവശ്യമായ നിര്‍മാണ വസ്തുക്കള്‍ എത്തിച്ച മാക്ക് ട്രക്ക്, ഹിറ്റാച്ചിയുടെ പഴയ ട്രെയിന്‍ എന്നിവയും ഇവരുടെ വാഹന ശേഖരത്തിലുണ്ട്. ഇവയെല്ലാം പൊതുജനങ്ങള്‍ക്ക് അടുത്ത് കാണുവാനും, അറിയുവാനും സൗകര്യം ഉണ്ടെന്ന് ലെമണ്‍ ഗ്രാസ് മാനേജര്‍ കെ.എം.ജോര്‍ളി മാതൃഭൂമിയോട് പറഞ്ഞു.
Content Highlights: ZIL (Zavod Imeni Likhachyova) Truck used by Indian military during kargil war now in Kerala
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..