സൈക്കിളാണോ എന്നുചോദിച്ചാല്‍ സൈക്കിളല്ല, സ്‌കൂട്ടറാണോ എന്നുചോദിച്ചാല്‍ അതുമല്ല. വേണമെങ്കില്‍ ബാറ്ററി സൈക്കിളെന്നുപറയാം. എന്തുതന്നെയായാലും ബെംഗളൂരു നഗരത്തില്‍ സൂപ്പര്‍ഹിറ്റാണ് ഈ കുഞ്ഞുവണ്ടി. കുട്ടികള്‍മുതല്‍ മുതിര്‍ന്നവര്‍വരെ ആരാധകരായുള്ള ഈ വണ്ടിക്ക് കമ്പനിയിട്ടിരിക്കുന്ന പേര് 'മിറാക്കിള്‍' എന്നാണ്. കാഴ്ചയിലെ ലാളിത്യം ഉപയോഗത്തിലും അനുഭവപ്പെടും. സൈക്കിള്‍ ഷെയറിങ് പദ്ധതിയുടെ ഭാഗമായി പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ 'യുലു'വാണ് ബാറ്ററി സൈക്കിളുകള്‍ നിരത്തിറക്കിയിരിക്കുന്നത്.

മലിനീകരണമുണ്ടാക്കുന്നില്ലെന്നാണ് ഇതിന്റെ പ്രത്യേകത. പ്രവര്‍ത്തനം 48 വാട്ടിന്റെ മോട്ടോറിലാണ്. ഒരുതവണ ചാര്‍ജ്‌ചെയ്താല്‍ 60 കിലോമീറ്റര്‍ ഓടാം. പരമാവധിവേഗം 25 കിലോമീറ്റര്‍. സ്‌കൂള്‍വിദ്യാര്‍ഥികളും ഐ.ടി. ജീവനക്കാരുമുള്‍പ്പെടെ രാവിലെയും വൈകീട്ടും ഇതുപയോഗിക്കുന്നവര്‍ ഏറെയുണ്ട്. 10 രൂപ കിട്ടിയാല്‍ മിഠായി വാങ്ങാന്‍ കടയിലേക്കോടുന്ന കുട്ടികള്‍ ഇപ്പോള്‍ യുലുവിന്റെ പാര്‍ക്കിങ് കേന്ദ്രങ്ങളിലാണ് ആദ്യമെത്തുന്നത്. ലൈസന്‍സോ ഹെല്‍മെറ്റോ ആവശ്യമില്ലാത്തതും മിറാക്കിളിനെ ജനപ്രിയമാക്കുന്നു.

miracle

ബാറ്ററി തീര്‍ന്ന് പാതിവഴിയില്‍ നിന്നുപോകുമെന്ന പേടിയും വേണ്ട. സ്മാര്‍ട്ട് സംവിധാനമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മിറാക്കിളില്‍ ചാര്‍ജ് 10 ശതമാനത്തില്‍ കുറഞ്ഞാല്‍ കമ്പനിയില്‍ സന്ദേശമെത്തും. സന്ദേശം ലഭിച്ചാലുടനെ കമ്പനി ജീവനക്കാര്‍ സ്ഥലത്തെത്തി പുതിയ ബാറ്ററി സ്ഥാപിക്കുകയും ചെയ്യും. എടുത്തുമാറ്റാന്‍ കഴിയുന്ന ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. കോറമംഗല, ഇന്ദിരാനഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് മിറാക്കിളിന്റെ സജീവ സാന്നിധ്യമുള്ളത്. ഘട്ടംഘട്ടമായി മറ്റുപ്രദേശങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

മൊബൈല്‍ ആപ്പുപയോഗിച്ചാണ് ബാറ്ററി സൈക്കിളുകള്‍ എടുക്കേണ്ടത്. മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തശേഷം മിറാക്കിള്‍ തിരഞ്ഞെടുക്കുകയാണ് ആദ്യപടി. തുടര്‍ന്ന് എവിടെയാണ് തൊട്ടടുത്ത മിറാക്കിള്‍ പാര്‍ക്കിങ് പോയന്റെന്ന് മാപ്പിന്റെ സഹായത്തോടെ ആപ്പ് പറഞ്ഞുതരും. വണ്ടിക്കടുത്തെത്തിയാല്‍ ആപ്പുപയോഗിച്ച് ക്യൂ.ആര്‍. കോഡ് സ്‌കാന്‍ ചെയ്താല്‍ മിറാക്കിളിന്റെ ലോക്ക് തുറക്കാം.

10 രൂപയാണ് ഇതിന് ചാര്‍ജ്. പിന്നീട് ഉപയോഗിക്കുന്ന ഓരോ 10 മിനിറ്റിനും 10 രൂപ വീതവും ഈടാക്കും. ഉപയോഗം കഴിഞ്ഞാല്‍ ആപ്പുപയോഗിച്ചുതന്നെയാണ് മിറാക്കിള്‍ ലോക്ക് ചെയ്യേണ്ടത്. മലിനീകരണമുണ്ടാക്കാത്ത വിധത്തില്‍, കുറഞ്ഞ ചെലവില്‍ യാത്രാസൗകര്യമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് യുലു കമ്പനിയുടെ അവകാശവാദം. ഗതാഗതക്കുരുക്കില്‍നിന്ന് രക്ഷപ്പെടാന്‍ സൈക്കിളുകളോളം മികച്ച സാധ്യതയില്ലെന്ന് സ്ഥിരംയാത്രക്കാരും പറയുന്നു. ബാറ്ററി സൈക്കിളാകുമ്പോള്‍ ഏറെ സൗകര്യപ്രദമാകുകയും ചെയ്യും.

yulu

Content Highlights; Yulu cycle sharing, Miracel battery cycle, Yulu Miracle cycle, Yule cycel share project, Yulu startup, Yulu Miracle