
-
കേരളത്തിലെ ബൈക്ക് പ്രാന്തന്മാരുടെ ആവേശമാണ് സ്ട്രെല്‍ എന്ന യൂടൂബ് വ്ളോഗര്‍. മലയാളം, ഇംഗ്ലീഷ് ചാനലുകളിലായി സ്ട്രെല്‍ ചെയ്യുന്ന വീഡിയോകള്‍ക്ക് ഏറെ ആരാധകരാണ് യൂട്യൂബിലുള്ളത്. എന്നാല്‍ സ്ട്രെല്ലിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങളൊന്നും പ്രേക്ഷകര്‍ക്ക് അറിയില്ല. കാരണം സ്ട്രെല്ലിന്റെ പേരോ മുഖമോ ഒന്നും സ്ട്രെല്‍ ഇന്നുവരെ വെളിപ്പെടുത്തിയിട്ടില്ല. യൂടൂബിലെ താരത്തിളക്കം സ്വകാര്യ ജീവിതത്തില്‍ ബാധിക്കരുതെന്ന് ആഗ്രഹിക്കുന്ന സ്ട്രെല്‍ ഇക്കാര്യങ്ങള്‍ അഭിമുഖത്തിൽ പോലും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുമില്ല. ബൈക്ക്, യാത്ര, ജീവിതം എന്നിവയെ കുറിച്ച് സ്ട്രെല്‍ സംസാരിക്കുന്നു.
മലയാളം മോട്ടോ വ്ളോഗിങ് രംഗത്തെ ടോപ്പ് ചാനലുകളില്‍ ഒന്നാണ് സ്ട്രല്ലിന്റേത്. എങ്ങനെയാണ് ഈ മേഖലയിലേക്ക് എത്തുന്നത്?
യാത്രകള്‍ ചെയ്യണം, വ്യത്യസ്തമായ വണ്ടികള്‍ ഓടിക്കണം എന്നതായിരുന്നു എപ്പോഴും ആഗ്രഹം. അങ്ങനെ ഓടിച്ച വണ്ടികളെ കുറിച്ചുള്ള ഒരു അഭിപ്രായം ആര്‍ക്കെങ്കിലും ഉപകാരമാകും എന്ന് കരുതിയാണ് ആദ്യകാലങ്ങളില്‍ വീഡിയോസ് അപ്ലോഡ് ചെയ്തിരുന്നത്. വളരെ പ്രൊഫഷണല്‍ ആയി വീഡിയോ ചെയ്യുന്ന ഒരുപാട് ചാനലുകള്‍ അന്ന് ഉണ്ടായിരുന്നു. വളരെയധികം അറിവും ക്യാമറ മികവും ഉള്ള അത്തരം വീഡിയോസ് ചിലപ്പോഴൊക്കെ ഒരു സാധാരണക്കാരന് മനസിലാവുന്നതിലും മുകളില്‍ ആണെന്ന് തോന്നിയിരുന്നു. അതുകൊണ്ടു ഒരു സാധാരണ രീതിയില്‍ Natural talking ചെയ്തു വീഡിയോ ചെയ്താല്‍ അത് കുറച്ചു പേര്‍ക്ക് സഹായം ആവും എന്ന് കരുതിയാണ് എല്ലാം തുടങ്ങുന്നത്. ഒരു സുഹൃത്തിനെ അടുത്ത് നിര്‍ത്തി കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്ന രീതിയില്‍ വീഡിയോസ് ചെയ്തു തുടങ്ങിയപ്പോള്‍ പ്രേക്ഷകരുമായി ഒരു നല്ല connection ഉണ്ടായിത്തുടങ്ങി. അങ്ങനെയാണ് സ്ഥിരമായി വീഡിയോസ് ചെയ്യാന്‍ തുടങ്ങിയത്.
യൂടൂബില്‍ ഏറെ ഫോളോവേഴ്സ് ഉള്ള സ്ട്രെല്‍ പക്ഷെ ആരാണെന്നോ എങ്ങനെയാണെന്നോ ഒന്നും താങ്കളുടെ വ്യുവേഴ്സിന് അറിയില്ല. എന്തുകൊണ്ടാണ് ഈ അനോണിമിറ്റി സൂക്ഷിക്കുന്നത്?
ക്യാമറയെ അഭിമുഖീകരിക്കാന്‍ ഉള്ള ബുദ്ധിമുട്ടുകൊണ്ടായിരുന്നു ആദ്യകാലങ്ങളില്‍ മുഖം കാണിക്കാതെ വീഡിയോസ് ചെയ്തിരുന്നത്. അതോടൊപ്പം തന്നെ യൂടൂബിലെ പ്രമുഖരുടെ ജീവിതം ഞാന്‍ നോക്കി കണ്ടിരുന്നു. ചിലപ്പോഴൊക്കെ അവര്‍ക്ക് ഒരു സാധാരണക്കാരന് പൊതുസ്ഥലങ്ങളില്‍ ആസ്വദിക്കുന്ന പലതും നഷ്ടപെടുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ഒരു പരിധിവരെ അന്തര്‍മുഖനായിട്ടുള്ള എനിക്ക് ഇന്റര്‍നെറ്റില്‍ anonymous ആയി തന്നെ നില്ക്കാന് തോന്നി. യൂടൂബില്‍ സ്ട്രെല്‍ എന്ന പേരില്‍ ഞാന്‍ യാത്രകളോടും വണ്ടികളോടും ഉള്ള എന്റെ സ്നേഹവും അനുഭവങ്ങളും പങ്കുവച്ചു. ചുരുക്കി പറഞ്ഞാല്‍ സ്ട്രെല്‍ എന്നത് എന്റെ വ്യക്തിത്വത്തിന്റെ ഒരു ഭാഗം ആണ്.

യൂടൂബില്‍ ഫുഡ്, ട്രാവല്‍ ഒന്നും പോലെ അത്ര ജനപ്രിയമായ ഒന്നല്ല മോട്ടോ വ്ളോഗിങ്. പക്ഷെ സ്ട്രെല്ലിന്റെ വീഡിയോസ് എല്ലാം ഹിറ്റാണ്. എന്താണ് ഇതിന്റെ രഹസ്യം?
മുന്‍പ് പറഞ്ഞപോലെതന്നെ ഒരു സുഹൃത്തിനെ അടുത്ത് നിര്‍ത്തി കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നപോലെ വീഡിയോസ് ചെയ്തു തുടങ്ങിയപ്പോള്‍, ആ സുഹൃത്തിന്റെ സ്ഥാനം പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ തുടങ്ങി. വീഡിയോ ചെയ്യുന്ന ഞാനും കാണുന്ന സ്ഥിരം പ്രേക്ഷകരും ഒരേ താല്പര്യം ഉള്ളവരെപോലെ തോന്നി. വണ്ടി വാങ്ങാന്‍ ഉള്ളവര്‍ മാത്രമല്ല, വണ്ടികളെ കുറിച്ച് അറിയാന്‍ ആഗ്രഹമുള്ളവരും വീഡിയോ കണ്ട് അവരുടെ അഭിപ്രായങ്ങള്‍ കമന്റ് ചെയ്ത് തുടങ്ങി. അത്തരത്തില്‍ പ്രേക്ഷകരുടെ കൂടെ നില്ക്കുന്ന വീഡിയോ ചെയ്യാനാണ് ശ്രമിച്ചിട്ടുള്ളത്.
ബൈക്കുകളോടുള്ള പ്രണയം തുടങ്ങുന്നത് എപ്പോഴാണ്. വ്ളോഗിങ്ങിലേക്ക് എത്തുന്നത് എങ്ങനെയാണ്?
വീട്ടിലെ പഴയ ആല്‍ബം എടുത്തു മറിച്ചു നോക്കിയപ്പോള്‍ എനിക്ക് ഓര്മ്മവെക്കുന്നതിലും മുന്‍പേ ഞാന്‍ വണ്ടികളോട് താല്പര്യം കാണിച്ചിരുന്നു എന്ന് പഴയ ഫോട്ടോസില്‍ കാണാന്‍ കഴിഞ്ഞു. വണ്ടിയുടെ മുകളില്‍ ഇരുത്തി എടുത്ത എല്ലാ ഫോട്ടോകളിലും, മറ്റു ഫോട്ടോകളില്‍ ഉള്ളതിനേക്കാളും ഞാന്‍ ചിരിച്ചിരുന്നു എന്നതാണ് അതിനൊരു തെളിവ്. സൈക്കിളില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. ലോകം കാണാനുള്ള കറക്കം വൈകീട്ടു ആറു മണിക്ക് നിര്‍ത്തണം എന്ന് വീട്ടില്‍ നിന്നും ഓര്‍ഡര്‍ ഉണ്ടായിരുന്നു. സൈക്കിളിലെ കറക്കം വളര്‍ന്നു വന്നപ്പോള്‍ മോട്ടോര്ബൈക്കുകളിലേക്കായി. സ്വന്തമായി സമ്പാദിക്കാനും ജീവിതം നോക്കാനും തുടങ്ങിയപ്പോള്‍ വീട്ടുകാര്‍ക്കും ഇതില്‍ ഒരു വിശ്വാസം തോന്നി തുടങ്ങി.
പൊതുവെ ആള്‍കൂട്ടത്തില്‍ നിന്നും മാറിനിന്നു ജീവിക്കാന്‍ ആഗ്രഹിച്ച എനിക്ക് വ്ളോഗിങ് ഒരിക്കലും പറ്റില്ല എന്നായിരുന്നു ഞാന്‍ വിശ്വസിച്ചത്. പക്ഷെ നേരത്തെ പറഞ്ഞ ആ സുഹൃത്തിനോടുള്ള സംഭാഷണ ശൈലിയാണ് വ്ളോഗിങ്ങിന് ആത്മവിശ്വാസം തന്നത്. ഇപ്പോഴും യാത്രകള്‍ ചെയ്യുമ്പോള്‍ വ്ളോഗിങ് ചെയ്യാറില്ല. കാടും മലകളും ഗ്രാമങ്ങളും ആണ് ഏറ്റവും പ്രിയപ്പെട്ടത്. അതുകൊണ്ടു തന്നെ പോകുന്ന സ്ഥലത്തിന്റെ ഫീല്‍ അറിയാന്‍ വാക്കുകളെക്കാളും നല്ലത് നിശബ്ദത ആണെന്ന് വിശ്വസിക്കുന്നു.
ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ചാനലുകളാണ് സ്ട്രെല്ലിനുള്ളത്. പല തരത്തിലുള്ള റിവ്യു, ടിപ്സ്, ടൂറിങ് വീഡിയോകള്‍. ഒരുപാട് സമയം ഇതിനായി വര്‍ക്ക് ചെയ്യേണ്ടി വരും. അതിന്റെ കൂടെ ജോലി, ഫാമിലി.. ഇത് എങ്ങനെയാണ് മാനേജ് ചെയ്യുന്നത്?
അഞ്ചു വര്‍ഷം മുമ്പാണ് ഇംഗ്ലീഷ് ചാനല്‍ തുടങ്ങിയത്, രണ്ടു വര്‍ഷം മുന്‍പ് മലയാളവും. മലയാളം ചാനല്‍ തുടങ്ങിയപ്പോഴാണ് ആദ്യമായി സമയം തികയുന്നില്ല എന്ന് തോന്നിയത്. അപ്പോഴൊക്കെ ഞാന്‍ വെറുതെ എങ്ങനെയൊക്കെ സമയം പാഴാക്കി കളയുന്നു എന്ന് ആലോചിച്ചുനോക്കാറുണ്ട്. അതുകൊണ്ടാവണം ഫേസ്ബുക്, TV എന്നിവ ഉപയോഗിക്കുന്നത് യൂസില്‍ നിന്നും ഒഴിവാക്കിയത്. ചെറിയ ഈ കാര്യം കൊണ്ടുതന്നെ ഒരു ദിവസത്തെ ടൈം മാനേജ്മെന്റില്‍ വലിയ വ്യത്യാസം ഉണ്ടെന്ന് തോന്നിയപ്പോള്‍ ഇതുപോലെ ചെറിയ പല കാര്യങ്ങളും വേണ്ടെന്ന് വെച്ചു. ഒരു ദിവസത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ചിലതാണ്, ഫാമിലി, ജോലി, സുഹൃത്തുക്കള്‍, ചില ഹോബികള്‍ എന്നിവ. ഇതിനെല്ലാം തന്നെ ഇപ്പോള്‍ സമയം കിട്ടാറുമുണ്ട്. മൊബൈല്‍ കണ്ടുപിടിച്ചത് സമയം ലാഭിക്കാന്‍ ആണെങ്കിലും, അത് സമയം കളയാനും തുടങ്ങുമ്പോള്‍ മൊബൈലില്‍ നിന്നോ ചില ആപ്ലിളിക്കേഷനില് നിന്നോ വിട്ടു നില്കും. അതുകൊണ്ട് ഇക്കാര്യങ്ങള്‍ക്ക് സമയം ഇല്ല എന്ന് പിന്നീട് തോന്നിയിട്ടില്ല.

സ്ട്രെല്ലിന്റെ റൈഡിങ് വളരെ ഫാസ്റ്റ് ആന്‍ഡ് മെച്വര്‍ ആണ്. നമ്മുടെ യുവാക്കള്‍ക്ക് അങ്ങനെ ഒരു റൈഡിങ് കള്‍ച്ചര്‍ ഉണ്ടോ എന്ന് സംശയമാണ്. എങ്ങനെയാണ് ഒരേ സമയം ഫാസ്റ്റും മെച്വറും ആയി റൈഡ് ചെയ്യുന്നത്
ബൈക്കുകളുമായുള്ള ചുറ്റല് തുടങ്ങിയ കാലത്ത് വളരെ അടുത്തറിയാവുന്ന ഒരു സുഹൃത്ത് ഒരു ബൈക്ക് അപകടത്തില്‍ ഞങ്ങളെ വിട്ടുപിരിഞ്ഞു. നിയമവിരുദ്ധം ആണെങ്കിലും ഇതെല്ലാം സംഭവിച്ചത്, സ്കൂള്‍ കാലഘട്ടങ്ങളില്‍ ആയിരുന്നു. രാവിലെ കണ്ടുമുട്ടിയ ഒരു സുഹൃത്തിനെ വൈകിട്ടത്തേക്ക് ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞു കണ്ടത് അന്ന് സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു. അതിനു ശേഷം അവന്റെ മാതാപിതാക്കള്‍ക്ക് സംഭവിച്ച മാനസിക പ്രശ്നങ്ങള്‍ ഒക്കെ ഒന്നും ചെയ്യാന്‍ കഴിയാതെ കാണേണ്ടിവന്നു. ഇതോടുകൂടി ബൈക്കിനോടും സ്പീഡിനോടും ഭയം തോന്നി തുടങ്ങി. വര്‍ഷങ്ങള്‍ കഴിഞ്ഞ് സ്വയം സമ്പാദിക്കാന്‍ തുടങ്ങിയപ്പോള്‍, ഹെല്‍മെറ്റിന്റെയും ജാക്കറ്റിന്റെയും ബൂട്ടിന്റെയും ആത്മവിശ്വാസത്തില്‍ എനിക്ക് പതുക്കെ ബൈക്കില്‍ ലോകം ചുറ്റാന്‍ ഉള്ള ധൈര്യം വീണ്ടും കിട്ടി. പക്ഷെ ഇപ്പോഴും ഒരു ബൈക്കില്‍ ഒരു പരിധിക്ക് മുകളില്‍ സ്പീഡ് എടുക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ മനസില്‍ കയറി വരും. ഞാന്‍ ഈ ലോകത്ത് നിന്നും പോയാല്‍ ഏറ്റവും കൂടുതല്‍ ദുഖിക്കുന്നത് എന്നെ സ്നേഹിക്കുന്നവരാണ് എന്ന ബോധം ഉള്ളതുകൊണ്ട്, സ്പീഡ് ഒരിക്കലും എന്നെ സ്വാധീനിച്ചിട്ടില്ല. ഇങ്ങനെയൊരു വളരെ വിഷമം ഉള്ള അനുഭത്തിലൂടെയാണ് ഞാന്‍ ഈ പറയുന്ന Fast and mature riding style കൈവരിക്കുന്നത്. ഈ അനുഭവം മറ്റാര്‍ക്കും സംഭവിക്കാതെ തന്നെ ഇതിന്റെ ഗൗരവം പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നത്കൂടിയാണ് എന്റെ വീഡിയോസിന്റെ ഒരു ഉദ്ദേശം.
പൊതുവെ യൂട്യൂബര്‍മാര്‍ക്കെല്ലാം ഫാന്‍സ് ഉള്ളപോലെ ഹെയ്റ്റേഴ്സും ഉണ്ട്. എന്നാല്‍ സ്ട്രെല്ലിന് അത് വളരെ കുറവാണ്. ട്രോളുകള്‍ പോലും സ്നേഹത്തോടെയുള്ളതാണ്. എന്താണ് ഇതിന്റെ രഹസ്യം?
നമ്മുടെ ചാനല്‍ സ്നേഹം പങ്കിടുന്ന ഒരു ചാനല്‍ ആണ്. അതുകൊണ്ടു തന്നെ ആവശ്യം ഇല്ല എന്ന് തോന്നുന്ന വിഷയങ്ങളില്‍ കൈകടത്താറില്ല. എപ്പോഴും പോസിറ്റീവ് content ചെയ്യാനേ ശ്രദ്ധിക്കാറുള്ളു. ഇനി ഇതിനടയില്‍ എന്റെ തന്നെ തെറ്റുകൊണ്ടു ആര്‍ക്കെങ്കിലും ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടെങ്കില്‍ എനിക്ക് അത് തുറന്നു സമ്മതിക്കുന്നതില്‍ ഒരു വിഷമവും ഇല്ല. വീഡിയോയുടെ താഴെ കമന്റ് ഇടുന്നവരോട് ഒരു കാര്യമേ ഞാന്‍ പറയാറുള്ളൂ, ഒരിക്കലും മറ്റൊരു വ്യക്തിയെയോ, ആശയത്തെയോ ഈ ചാനലില്‍ മോശമായി പറയരുത്. ഇതില്‍ എന്നോടുള്ള ഏതൊരു അമര്‍ഷവും സ്വതന്ത്രമായി പറയാവുന്നതേ ഉള്ളു. ഇത്രയും കാര്യങ്ങള്‍ ആദ്യം മുതലേ തുടര്‍ന്നു വന്നപ്പോള്‍, ആരും ഹെയ്റ്റേഴ്സ് എന്ന നിലയില്‍ ഒന്നും പറഞ്ഞു കണ്ടില്ല. ഒരു പക്ഷെ ഇതിനെല്ലാം കാരണം ഇംഗ്ലീഷ് ചാനലില്‍ നിന്നും എനിക്ക് പ്രേക്ഷകരെ കുറിച്ച് പഠിക്കാന്‍ പറ്റിയത്കൊണ്ടാകാം .
സ്ട്രെല്ലിന്റെ ഏറ്റവും പ്രിയപ്പെട്ട ബൈക്ക് ഏതാണ്? ഡ്രീം ഡെസ്റ്റിനേഷന്‍ ഏതാണ്?
എന്റെ ഏറ്റവും പ്രിയപ്പെട്ട ബൈക്ക്, എന്റെ ബൈക്ക് ആയ Honda CBR 650R തന്നെയാണ്. ഇനി ഒരുപക്ഷെ, പണം ഒരു ഘടകമല്ലെങ്കില്‍ ഞാന്‍ ഏതു ബൈക്ക് എടുക്കും എന്നാണെങ്കില്‍, സ്പോര്‍ട്സ് ബൈക്കുകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്. Sporting Touring മേഖലയില്‍ ഞാന്‍ എന്നും അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു വണ്ടിയാണ് BMW S1000 XR.

എന്റെ യാത്രകള്‍ നോക്കുമ്പോള്‍ എനിക്ക് ഡ്രീം ഡെസ്റ്റിനേഷന്‍ എന്നൊന്ന് ഞാന്‍ കാണാറില്ല. കാരണം The journey is more important than Destination എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാടുകളും, മലകളും ആണ് താല്പര്യം. അങ്ങനെ നോക്കുമ്പോള്‍ തെക്കേ ഇന്ത്യ തന്നെയാണ് എന്റെ സ്വര്‍ഗം. ഇന്ത്യക്ക് പുറത്തേക്ക് നോക്കുകയാണെങ്കില്‍, വായിച്ച പുസ്തകങ്ങളില്‍നിന്നും, കേട്ടറിവില്‍ നിന്നും എന്നെ ആകര്‍ഷിച്ച ഒരു സ്ഥലം ആണ് Europe. Stelvio Pass, Grossglockner തുടങ്ങിയ സ്ഥലങ്ങളിലൂടെ ഒരു യൂറോപ്യന്‍ ബൈക്കും ആയുള്ള പര്യടനം ഒരു വലിയ ആഗ്രഹം ആണ്.
യൂടൂബ് വരുമാനത്തില്‍ സംതൃപ്തനാണോ. വ്ളോഗിങ്ങിലൂടെ ജീവിച്ചുപോകാന്‍ കഴിയുന്ന സാഹചര്യം ഉണ്ടോ?
ഒരു ചാനലില്‍ മാസം നാല് വീഡിയോ ചെയ്യുന്നുണ്ട്. ഇതില്‍ നിന്നും ഉള്ള വരുമാനംകൊണ്ടു ഒരു കുടുംബം നോക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. പക്ഷെ സ്വന്തമായി ഒരു ജോലി ഉള്ളതുകൊണ്ടും യൂടൂബ് വരുമാനത്തില്‍ വലിയ പ്രതീക്ഷകള്‍ കൊടുക്കാത്തതുകൊണ്ടും ഇപ്പോഴത്തെ വരുമാനത്തില്‍ സംതൃപ്തന്‍ ആണ്. ഒരു ഡെയിലി വ്ളോഗര്‍ ആയിരുന്നെങ്കില്‍ യൂടൂബ് പോലൊരു സംരംഭത്തിന്റെ വരുമാനത്തില്‍ ജീവിക്കാം.

ബൈക്കുകള്‍ക്ക് പുറമെയുള്ള സ്ട്രെല്ലിന്റെ ലോകം എന്തൊക്കെയാണ്. താല്പര്യമുള്ള മേഖലകള്‍?
യാത്രകളും ബൈക്കും പോലെത്തന്നെ സംഗീതവും വളരെ ഇഷ്ടപെട്ടതാണ്. ചെറിയ തോതില്‍ ഗിറ്റാര്‍ വായിക്കാന്‍ ആറിയാവുന്നതുകൊണ്ട് പാട്ടു പാടുന്ന സൃഹൃത്തുക്കളും ആയി ഒരു ഒത്തുചേരല്‍ പതിവാണ്. പിന്നെ എല്ലാ മലയാളികളെയുംപോലെതന്നെ വ്യത്യസ്തമായ ഭക്ഷണത്തോടും അത് തയ്യാറാക്കുന്ന രീതിയോടും ഒരു ചെറിയ താല്പര്യമുണ്ട്. ഏതൊരു യാത്രയിലും പോകുന്ന സ്ഥലത്തെ ഭക്ഷണ രീതി ട്രൈ ചെയ്യാന്‍ മറക്കാറില്ല. ഒരുപക്ഷെ പലയാത്രകളും തുടങ്ങുന്നത് ഒരു ബിരിയാണിക്കോ ചായക്കോ വേണ്ടി മായിയിരിക്കും. വലിയ വായനാശീലം ഒന്നുമില്ലെങ്കിലും മനഃശാസ്ത്രപരമായ വിഷയത്തിലുള്ള ചെറു ലേഖനങ്ങള്‍ വായിക്കാറുണ്ട്. നമുഷ്യര് പല സാഹചര്യങ്ങളിലും എങ്ങനെ ചിന്തിക്കുന്നു എന്നെല്ലാം അറിയാനുള്ള വായനകള്‍.
Content Highlights: Youtube Vlogger strell Malayalam Interview
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..