പ്രതീകാത്മക ചിത്രം |ഫോട്ടോ:എ.പി
കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം, ലോക്ക്ഡൗണ്‍, ചിപ്പുക്ഷാമം തുടങ്ങി ഇന്ത്യയുടെ വാഹന മേഖലയ്ക്ക് ഒട്ടും അനുകൂലമായിരുന്നില്ല 2021. എന്നാല്‍, ഈ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യയിലെ വാഹന നിര്‍മാതാക്കള്‍ മത്സരിച്ചാണ് പുതിയ മോഡലുകളും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും വിപണിയില്‍ എത്തിച്ചിരുന്നത്. പെട്രോള്‍-ഡീസല്‍ കാറുകള്‍ക്ക് പുറമെ, ടൂ വീലറുകളിലും ഫോര്‍ വീലറുകളിലുമായി ഇലക്ട്രിക് വാഹനങ്ങളുടെ ഒരു കുത്തൊഴുക്കിനും ഇക്കഴിഞ്ഞ വര്‍ഷം സാക്ഷിയായി.
സാധാരണ വാഹനങ്ങളെക്കാള്‍ അധികം പ്രീമിയം വാഹനങ്ങളുടെ പുതിയ മോഡലുകളാണ് 2021-ല്‍ വിപണിയില്‍ എത്തിയതെന്ന് പറയേണ്ടിവരും. ബി.എം.ഡബ്ല്യു, ഔഡി, മെഴ്‌സിഡസ്, പോര്‍ഷെ, വോള്‍വോ, ഫെരാരി, ലംബോര്‍ഗിനി തുടങ്ങിയ എല്ലാ ആഡംബര വാഹന നിര്‍മാതാക്കളും കുറഞ്ഞത് ഒരു വാഹനമെങ്കിലും വിപണിക്ക് സമ്മാനിച്ചിട്ടുണ്ട്. ഒന്നിലധികം വാഹനം എത്തിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

2021-ല്‍ ഇന്ത്യയില്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷം ലഭിച്ചത് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കള്‍ക്ക് തന്നെയാണ്. ടാറ്റയുടെ പഞ്ച്, മഹീന്ദ്രയുടെ XUV700, മാരുതിയുടെ സെലേറിയ തുടങ്ങിയ വാഹനങ്ങളാണ് ചില സൂപ്പര്‍ സ്റ്റാറുകള്‍. പുതിയ ഒരു സെഗ്‌മെന്റില്‍ നിറയെ ഫീച്ചറുകളും അതിനൊത്ത സ്റ്റൈലുമായി എത്തിയതാണ് പഞ്ചിന്റെ ഹൈലൈറ്റ്. എന്നാല്‍, വിദേശ വാഹനങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന സുരക്ഷ ഫീച്ചറുകളും പുത്തന്‍ ലോഗോയും മികച്ച സ്‌റ്റൈലിലുമെത്തിയതാണ് XUV700-നെ ഹിറ്റാക്കിയത്. സെലേറിയോ തിളങ്ങിയതിന്റെ പ്രധാന കാരണം മൈലേജാണ്. പെട്രോള്‍ വില 100 രൂപയും കടന്ന് കുതിക്കുമ്പോഴാണ് 26 കിലോമീറ്റര്‍ മൈലേജ് എന്ന ഓഫറുമായി സെലേറിയോയുടെ വരവ്. അതോടെ ഈ വാഹനവും ഹിറ്റുകളുടെ ലിസ്റ്റില്‍ എത്തുകയായിരുന്നു.

എണ്ണിയാല്‍ തീരാത്ത വിദേശ വാഹനങ്ങളാണ് 2021-ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ തിളങ്ങിയത്. ആദ്യമെത്തിയ ടൊയോട്ട ഫോര്‍ച്യൂണര്‍, പിന്നാലെ എത്തിയ എം.ജി. ഹെക്ടര്‍ പ്ലെസ്, ഈ വാഹനങ്ങള്‍ക്ക് ഒപ്പം തന്നെ എത്തിയ ടാറ്റ സഫാരി തുടങ്ങിയവയും 2021-ന്റെ തുടക്കത്തില്‍ തിളങ്ങിയ വാഹനങ്ങളാണ്. 2021 അവസാനത്തോട് അടുത്തതോടെ സാങ്കേതികവിദ്യയില്‍ ഞെട്ടിച്ച എം.ജി. മോട്ടോഴ്‌സിന്റെ ആസ്റ്റര്‍ എത്തിയത്. ഓട്ടോണമസ് ലെവല്‍ ടൂ സംവിധാനത്തോടെയാണ് ഈ വാഹനം എത്തിയത്. 2022-ലേക്ക് പ്രതീക്ഷ നല്‍കി കിയയുടെ ഇന്ത്യയിലെ നാലാമത്തെ വാഹനം കാരന്‍സ് ഡിസംബര്‍ മാസത്തിലാണ് പ്രദര്‍ശിപ്പിച്ചത്.

സിട്രോണ്‍ എന്ന ഫ്രഞ്ച് വാഹന നിര്‍മാതാക്കളുടെ ഇന്ത്യ പ്രവേശനത്തിനും 2021 സാക്ഷ്യം വഹിച്ചു. സി5 എയര്‍ക്രോസ് എന്ന എസ്.യു.വിയുമായാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. 2022 രണ്ടാമത്തെ മോഡലായ സി3 കോംപാക്ട് എസ്.യു.വി. എത്തുമെന്നും സിട്രോണ്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. പുതിയ വാഹന നിര്‍മാതാക്കള്‍ പ്രവേശിച്ചത് പോലെ 28 വര്‍ഷമായി ഇന്ത്യന്‍ നിരത്തുകളില്‍ സജീവമായിരുന്ന ഫോര്‍ഡ് ഇന്ത്യയോട് വിടപറഞ്ഞതും 2021-ല്‍ വാഹന ലോകത്തിനുണ്ടായ നഷ്ടങ്ങളില്‍ പ്രധാനമാണ്.

പ്രീമിയം വാഹനങ്ങളായി മാത്രം ഇന്ത്യയിലെ ജനങ്ങള്‍ കണക്കാക്കിയിരുന്ന സ്‌കോഡയും ഫോക്‌സ്‌വാഗണും മത്സരിച്ച് വാഹനങ്ങള്‍ എത്തിച്ചതും 2021-ല്‍ വാഹന ലോകത്തിന് പുത്തന്‍ ഉണര്‍വ് നല്‍കി. ടൈഗൂണ്‍, ടിഗ്വാന്‍ എന്നീ വാഹനങ്ങളുമായി ഫോക്‌സ്‌വാഗണും, കുഷാഖ്, കരോഖ് എന്നീ വാഹനങ്ങളുമായി സ്‌കോഡയും വിപണിയില്‍ സജീവ സാന്നിധ്യമായി. 2020-ല്‍ വിപണിയില്‍ എത്തി ഇപ്പോഴും താരമായി തുടരുന്ന ഥാറിനോട് മത്സരിക്കാന്‍ ഗുര്‍ഖ എന്ന ഓഫ് റോഡര്‍ എസ്.യു.വിയുടെ പുതിയ പതിപ്പും ഈ വര്‍ഷം എത്തി.

ഇലക്ട്രിക് വാഹനങ്ങള്‍
മലിനീകരണ മുക്തമായ ഗതാഗത സംവിധാനം എന്ന ഇന്ത്യയുടെ വലിയ ലക്ഷ്യത്തിന് ഏറ്റവുമധികം കരുത്താര്‍ജിച്ച വര്‍ഷവുമായിരുന്നു 2021. വാഹന നിര്‍മാതാക്കള്‍ ഇലക്ട്രിക് വാഹനത്തിന്റെ പണിപ്പുരയിലേക്ക് കടക്കുകയും, വാഹനങ്ങള്‍ ഒന്നിനുപുറമെ ഒന്നായി എത്തുകയും ചെയ്തതോടെ ജനങ്ങള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളോട് ഉണ്ടായിരുന്ന അകലം കുറച്ചു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് പുറമെ, സംസ്ഥാനങ്ങളും പ്രത്യേകമായി ഇലക്ട്രിക് വാഹന നയങ്ങള്‍ പ്രഖ്യാപിക്കുകയും വലിയ ഇളവുകള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

ടാറ്റ നെക്‌സോണ്‍ ഇ.വി, എം.ജി. ZS ഇലക്ട്രിക്, ഹ്യുണ്ടായി കോന തുടങ്ങിയ വാഹനങ്ങള്‍ 2020-ന്റെ സംഭാവന ആയിരുന്നെങ്കിലും കൂടുതല്‍ പ്രചാരം ലഭിച്ചത് ഈ വര്‍ഷത്തിലാണ്. വില കൊണ്ടും വിശ്വാസ്യത കൊണ്ടും ഈ വാഹനങ്ങളില്‍ ഒന്നാമനാകാന്‍ ടാറ്റ നെക്‌സോണ്‍ ഇ.വിക്ക് സാധിച്ചു. ഈ ജനപ്രീതിയെ തുടര്‍ന്ന് ടാറ്റയുടെ ആദ്യ ഇലക്ട്രിക് വാഹനമായിരുന്ന ടിഗോര്‍ ഇ.വി. കൂടുതല്‍ റേഞ്ച് വാഗ്ദാനം ചെയ്തും ഫീച്ചറുകള്‍ ഒരുക്കിയും മുഖം മുനിക്കി എത്തിയതിനും 2021 സാക്ഷിയായി.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ഒഴുക്കായിരുന്നു 2021-ല്‍ കണ്ടത്. ഇന്ത്യയിലെ വിവിധ സ്റ്റാര്‍ട്ട്അപ്പ് കമ്പനികളാണ് മത്സരിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ എത്തിച്ചത്. റിവോള്‍ട്ട്, ആംപിയര്‍, ഒഖിനാവ, സിംപിള്‍ എനര്‍ജി, യോ ബൈക്ക്‌സ് തുടങ്ങിയ കമ്പനികളാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാണത്തിന് ഇറങ്ങിയിട്ടുള്ളത്. ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ, ബജാജ്, ടി.വി.എസ്. തുടങ്ങിയ കമ്പനിയുടെ വാഹനങ്ങള്‍ വേറെയുമുണ്ട്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളില്‍ വിപ്ലവം സൃഷ്ടിച്ചത് ഒല ഇലക്ട്രിക് ആണ്. ഓണ്‍ലൈനായി ബുക്കുചെയ്യുന്ന വാഹനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതായിരുന്നു ഒല മുന്നോട്ട് വെച്ച ആശയം. 500 രൂപ അഡ്വാന്‍സ് വാങ്ങി ആരംഭിച്ച ബുക്കിങ്ങ് അതിവേഗം ഒരുലക്ഷം എന്ന നമ്പര്‍ കടക്കുകയായിരുന്നു. ഒല എസ്1, എസ്1 പ്രോ എന്നീ രണ്ട് സ്‌കൂട്ടറുകളാണ് ഒല എത്തിച്ചത്. കണക്ടിവിറ്റി സംവിധാനങ്ങള്‍ ഉള്‍പ്പെടെ ന്യൂജനറേഷന്‍ ഫീച്ചറുകളും 100, 180 കിലോമീറ്റര്‍ റേഞ്ചും നല്‍കി എത്തിയതാണ് ഈ സ്‌കൂട്ടറിനെ വൈറലാക്കിയത്.
വെല്ലുവിളി
2021 വാഹന മേഖല നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമമാണ്. കോവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് സെമി കണ്ടക്ടറുകളുടെ നിര്‍മാണം മുടങ്ങിയതും വിതരണത്തിലുണ്ടായ തടസവുമാണ് ചിപ്പുകളുടെ ക്ഷാമത്തിന് കാരണം. എഞ്ചിന്‍, ബ്ലൂടൂത്ത് സംവിധാനങ്ങള്‍, സീറ്റ് സിസ്റ്റം, കൊളിഷന്‍, ബ്ലൈന്റ് സ്പോട്ട് ഡിറ്റക്ഷന്‍, ട്രാന്‍സ്പിഷന്‍,വൈഫൈ, വീഡിയോ ഡിസ്പ്ലേ സിസ്റ്റം പോലെ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ആധുനിക സാങ്കേതിക വിദ്യകള്‍ക്കെല്ലാം ചിപ്പുകള്‍ ആവശ്യമാണ്.
വാഹനവുമായി മൊബൈല്‍ കമ്പനികള്‍
ഇന്ത്യയിലും വിദേശത്തുമുള്ള സുപ്രധാന മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കള്‍ എല്ലാം തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിള്‍, ഗൂഗിള്‍, ഒപ്പോ, ഷവോമി തുടങ്ങിയ കമ്പനികളാണ് ഇവയില്‍ ചിലത്. വരും വര്‍ഷങ്ങളില്‍ ഈ വാഹനം എത്തിത്തുടങ്ങും.
Content Highlights: Year Ender, Indian automobile industry, Indian automobile industry in 2021


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..