അമ്പലപ്പുഴ: അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴിയില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുന്ന പുന്നപ്ര കളരിക്കല്‍ വീട്ടില്‍ മോഹന്‍ലാലിന് ഒരു മോഹമുണ്ട്, തന്റെ പുതിയ കണ്ടുപിടിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒന്നു കാണിക്കണം. കാരണം ഇതിന്റെ പ്രചോദനം പ്രധാനമന്ത്രിയാണ്. ഇന്ധനക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമായ മത്സ്യബന്ധന എന്‍ജിന്‍ ആണ് മോഹന്‍ലാല്‍ നിര്‍മിച്ചത്.

ഇതാദ്യമല്ല ഇത്തരമൊരു കണ്ടുപിടിത്തം. ആദ്യം കണ്ടുപിടിച്ചതിലും കുറെക്കൂടി ശേഷി കൂടിയതാണ് ഇപ്പോഴത്തേത്. നേരത്തെ നടത്തിയ കണ്ടുപിടിത്തത്തിന് രാഷ്ട്രം മൂന്നുവട്ടം ആദരിച്ചിരുന്നു. രാഷ്ട്രപതിമാരായ എ.പി.ജെ.അബ്ദുള്‍കലാം, പ്രതിഭാ പാട്ടീല്‍, പ്രണബ് കുമാര്‍ മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ക്ക് മുന്‍പില്‍ ഇത് അവതരിപ്പിക്കാന്‍ അവസരവും ലഭിച്ചിരുന്നു. 2015ല്‍ പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കുമ്പോള്‍ ഇന്നവേഷന്‍ സ്‌കോളേഴ്സ് ഇന്‍ റസിഡന്റ്സ് പ്രോഗ്രാമുമായി ബന്ധപ്പെട്ട് രണ്ടാഴ്ച രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ അവസരം ലഭിച്ചു.

ഒരു ദിവസം മോദി പങ്കെടുക്കുന്ന ചടങ്ങ് ഉണ്ടായിരുന്നു. തന്റെ കണ്ടുപിടിത്തത്തെ അഭിനന്ദിച്ചതിനൊപ്പം ഇതുപോലെയുള്ള കണ്ടുപിടിത്തം ഇനിയും വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് നാലു പ്രൊപ്പല്ലര്‍ ഘടിപ്പിച്ച എന്‍ജിന്‍ രൂപകല്പന ചെയ്തിരിക്കുന്നത്.

പക്ഷേ, പുരസ്‌കാരങ്ങളുടെ രേഖകളും രാഷ്ട്രപതിമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും മാത്രമാണ് മോഹന്‍ലാലിന്റെ ആകെയുള്ള കൈമുതല്‍. ഒരുകാലത്ത് തിരക്കുകൊണ്ട് നിന്നുതിരിയാനിടമില്ലാതിരുന്ന വര്‍ക്ക്ഷോപ്പ് ആളൊഴിഞ്ഞ നിലയിലാണ്. കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം കൂട്ടിവച്ച് സമ്പാദിച്ച വീടും സ്ഥലവും കടത്തിലും.

1996-97 കാലത്ത് ഔട്ട് ബോര്‍ഡ് ഡീസല്‍ എന്‍ജിന്‍ നിര്‍മിച്ചു. മണ്ണെണ്ണ ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന എന്‍ജിനില്‍നിന്ന് ഡീസലിലേയ്ക്കെത്തുമ്പോള്‍ ഇന്ധനച്ചെലവ് മൂന്നിലൊന്നായി കുറയുമെന്ന് അദ്ദേഹം തെളിയിച്ചു. ഇതേത്തുടര്‍ന്നാണ് അന്ന് മത്സ്യഫെഡ് നൂറ് എന്‍ജിനുകള്‍ ഇദ്ദേഹത്തില്‍നിന്ന് വാങ്ങിയത്. എന്നാല്‍, പിന്നീടിത് വിപണിയിലേക്കെത്തിയില്ല. 

Content Highlights; Malayali mechanic mohanlal made a new fishing engine