ബൈക്ക് യാത്ര ഹരമാക്കി കാടും മേടും താണ്ടുന്ന യുവാക്കളെ നമുക്കറിയാം. എന്നാല്‍ ബൈക്കില്‍ പറക്കുന്ന അശ്വതി സന്തോഷ് കാര്‍ഗില്‍ മലനിര കണ്ട് മടങ്ങിയെത്തിയിരിക്കുകയാണ്. ഒന്‍പതാംവയസ്സു മുതല്‍ അശ്വതിക്ക് കൂട്ടായി ഇരുചക്രവാഹനമുണ്ട്. പാണപ്പുഴ പറവൂരിലെ ഫാഷന്‍ ഡിസൈനറായ അശ്വതി സന്തോഷ് എന്ന ഇരുപത്തിരണ്ടുകാരിയുടെ മനസ്സ് ദിവസങ്ങള്‍ നീളുന്ന ബൈക്ക് യാത്രയ്ക്കായി വീണ്ടും തുടിക്കുകയാണ്.
  
കരാട്ടെ പരിശീലകനായിരുന്ന അച്ഛന്‍ അനില്‍കുമാറില്‍നിന്ന് ബ്രൗണ്‍ ഫസ്റ്റ് കഴിഞ്ഞ അശ്വതി സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ബൈക്ക് യാത്ര ഹരമാക്കിയവളായിരുന്നു. വീടിനടുത്തുള്ള ഫാമില്‍നിന്ന് അച്ഛനെ കൂട്ടാനും കൊണ്ടുവിടാനുമായിരുന്നു അശ്വതിയുടെ ആദ്യ ബെക്ക് യാത്ര. തുടക്കക്കാരി തുടങ്ങിയതുതന്നെ പൊട്ടിപ്പൊളിഞ്ഞ ചെമ്മണ്‍ റോഡുവഴി യമഹ വണ്ടിയിലായിരുന്നു. അന്നെല്ലാം ബൈക്കില്‍ ചെത്തിനടന്ന തന്നെ തെല്ലസൂയയോടെ നോക്കിനിന്നിട്ടുണ്ട് പലരുമെന്ന് അശ്വതി ഓര്‍ക്കുന്നു. 

കളിയാക്കിയവരും ഇല്ലാതില്ല. പഠനകാലത്ത് പരിചയപ്പെട്ട പ്രാപ്പൊയില്‍ സ്വദേശി സന്തോഷിനെ പ്രണയിച്ചതും പിന്നെ ജീവിതത്തിലേക്ക് സ്വന്തമാക്കിയതും ബൈക്ക് യാത്ര പോലെ സാഹസികത നിറഞ്ഞതായിരുന്നു. മൂന്നുവയസ്സുള്ള ഗയ എന്ന ഒരു മകളും ഇവര്‍ക്കുണ്ട്. 

Bike Rider

ടെലിവിഷനിലെ  സഞ്ചാരം പരിപാടിയും പിന്നെ ചില വീഡിയോകളുമാണ് സാഹസികയാത്രയ്ക്ക് അശ്വതിയെ പ്രേരിപ്പിച്ചത്. ഹിമവല്‍ശൈലവും മാനസസരസ്സും ഗംഗയും യമുനയും ലേയും ലഡാക്കുമെല്ലാം അതിസാഹസികമായി സഞ്ചരിച്ച് കാണുകയെന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നു. പോകുന്നെങ്കില്‍ അത് ഇരുചക്രവാഹനത്തില്‍ത്തന്നെ വേണമെന്നതും മറ്റൊരാഗ്രഹമായിരുന്നു. കഴിഞ്ഞ വനിതാദിനത്തില്‍ മാതൃഭൂമിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന സ്ത്രീസുരക്ഷാ റാലിയില്‍ പങ്കെടുത്ത 250-ഓളം വനിതകളില്‍ അശ്വതി തിരഞ്ഞെടുത്തത് ബുള്ളറ്റാണ്. ബാക്കി ഭൂരിഭാഗവും സ്‌കൂട്ടര്‍യാത്രക്കാരികളായിരുന്നു.
   
പിന്നീട് മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, കുളത്തൂപ്പുഴ, റാണിപുരം, പൈതല്‍മല, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്ന യാത്രകളില്‍ അശ്വതിയും പങ്കാളിയായി. പരിസ്ഥിതിസംരക്ഷണവുമായി ബന്ധപ്പെട്ട യാത്രകളും ഇതിലുണ്ടായിരുന്നു.

Bike Rider

യാത്രികന്‍ എന്ന വാട്‌സാപ്പ് കൂട്ടായ്മയില്‍ ചേര്‍ന്നതോടെയാണ് അശ്വതിയിലെ സാഹസികത നാടറിയുന്നത്. പല സാഹസികയാത്രക്കാരും ഈ കൂട്ടായ്മയിലൂടെ അവരുടെ അനുഭവങ്ങള്‍ പങ്കുവെച്ചപ്പോള്‍ അശ്വതിയുടെ കുഞ്ഞുനാളിലെ മോഹത്തിന് വീണ്ടും ചിറകുമുളച്ചു. അത് പിന്നീട് ചെന്നവസാനിച്ചത് 10,600 കിലോമീറ്റര്‍ താണ്ടി സമുദ്രനിരപ്പില്‍നിന്ന് 18,380 അടി ഉയരത്തില്‍ ലഡാക്കിലെ കര്‍ദുംഗ്ലയിലാണ്. കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് കണ്ണൂര്‍ കളക്ടറേറ്റില്‍നിന്നു കളക്ടര്‍ മിര്‍ മുഹമ്മദലി ഫ്‌ലാഗ് ഓഫ് ചെയ്ത കണ്ണൂര്‍ ടു ലഡാക്ക് യാത്രയില്‍ അശ്വതിക്ക് കൂട്ടായി ഭര്‍ത്താവ് സന്തോഷും ഉണ്ടായിരുന്നു. 

ഭാര്യയെ ഒറ്റയ്ക്ക് വിടുന്നതിന്റെ സാഹസികത അറിഞ്ഞുകൊണ്ടുതന്നെയാണ് സന്തോഷും ഈ യാത്രയില്‍ പങ്കാളിയായത്. പക്ഷേ, അവര്‍ തിരഞ്ഞെടുത്ത പള്‍സര്‍ 150 ഓടിച്ചത് അശ്വതിയാണെന്നു മാത്രം. ബെംഗളൂരു, ഹൈദരാബാദ്, നാഗ്പുര്‍, ചണ്ഡീഗഢ്, മണാലി വഴി ലേയിലേക്ക് ദിവസം 600-700 കിലോമീറ്റര്‍ യാത്ര. ഇതിന് രാത്രിയും പകലും തിരഞ്ഞെടുത്തു. രാത്രി ഒരുനാള്‍മാത്രം മുറിയെടുത്തുറങ്ങി. പിന്നീട് റോഡരികിലെ സത്രങ്ങളിലും സാവകളിലും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലുമാണ് തലചായ്ച്ചത്.

Bike Rider

മടക്കം നുബ്രവാലി വഴി. പാങ്കോങ് തടാകം ചുറ്റി, ശ്രീനഗര്‍സോസില്ല ചുരം കടന്നു. യാത്രയിലെ സാഹസികത ഇന്നും ഭീതിയോടെയാണ് അശ്വതി ഓര്‍ക്കുന്നത്. കണ്ണൊന്നു തെറ്റിയാല്‍ കണ്ണെത്താദൂരത്തെ താഴ്ചയിലേക്ക്. പൊടിക്കാറ്റും മണ്ണിടിച്ചിലും ഉരുളന്‍ പാറകളും മഞ്ഞുവീഴ്ചയും താണ്ടി ഒക്ടോബര്‍ ഏഴിന് ജമ്മുവിലെത്തി. മറ്റൊരു ലക്ഷ്യമായ ഹിമാലയം അങ്ങകലെ യാത്രയ്ക്കിടയില്‍ കണ്ടത് സ്വപ്നമല്ല യാഥാര്‍ഥ്യമാണെന്നത് അവിശ്വസനീയം.
  
കശ്മീര്‍ തടാകവും പേങ്കോ തടാകവും കാര്‍ഗിലും ലേയും ഋഷികേശും ആഗ്രയും താണ്ടി നാട്ടിലേക്ക് മടക്കം. 21 ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ ഒക്ടോബര്‍ 14-ന് തിരുവനന്തപുരത്ത് 'യാത്രികന്‍' വക സ്വീകരണം. പിന്നീട് കോഴിക്കോട്ടും കണ്ണൂരും തുടങ്ങി നാട്ടിലെ വിവിധ സംഘടനകളുടെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്ന തിരക്കിലാണ് അശ്വതി സന്തോഷ്. 

Content Highlights: Kerala Women Bike Rider Aswathi Santhosh