ഞാനും ഒരു വോട്ടുവണ്ടിയാണേ...വോട്ടിനുവേണ്ടി സ്ഥാനാര്‍ഥികളും വോട്ടെടുപ്പിന് സര്‍ക്കാര്‍ വണ്ടികളും നെട്ടോട്ടമോടുമ്പോള്‍ നിങ്ങള്‍ എന്നെ സഹതാപത്തോടെ ഒന്നു നോക്കുന്നുപോലുമില്ലല്ലോ. എനിക്കും ഒരു നല്ല കാലമുണ്ടായിരുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഞാന്‍ ജനിച്ചത്. അക്കാലത്ത് ഓരോ വോട്ടറും എന്നെ ആരാധനയോടെ നോക്കിയിരുന്നു.
പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് എന്നെ നിങ്ങള്‍ക്കെല്ലാം വോട്ടിങ് പരിചയപ്പെടുത്താന്‍വേണ്ടി നാടാകെ കൊണ്ടുപോയി. ഞാന്‍ വരുന്ന കാര്യം ജില്ലാ ഭരണകൂടവും തിരഞ്ഞെടുപ്പ് വിഭാഗവുമൊക്കെ പത്രക്കുറിപ്പിറക്കി അറിയിച്ചിരുന്നു. കെ.എല്‍. 01 ബി.എന്‍. -9181 എന്ന തിരുവനന്തപുരം രജിസ്‌ട്രേഷനിലുള്ള എന്റെ നമ്പറിനടുത്ത് തന്നെ വിവര- പൊതുജനസമ്പര്‍ക്ക വകുപ്പ് എന്നൊക്കെ എഴുതിയിരിക്കുന്നുണ്ട്. അതൊക്കെ ഒരു കാലം.
ഇലക്ട്രോണിക് വോട്ടിങ്ങും വി.വി. പാറ്റുമൊക്കെ ആദ്യമായി പരിചയപ്പെടുത്താനായി ഞാനും എന്റെ യൂണിറ്റും നാടുചുറ്റിയത് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശപ്രകാരമായിരുന്നു. 1982-ല്‍ പറവൂരില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചെങ്കിലും ആര്‍ക്കും അതൊന്നും അത്രപരിചയമായിരുന്നില്ല.
90-കളില്‍ ഞാന്‍ നാടുനീളെ നടന്ന് അത് പരിചയപ്പെടുത്തി. തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന ഉത്സാഹത്തോടെ ആളുകള്‍ എന്നെ കാണാനെത്തി. പക്ഷേ, വയോധികനായ എന്നെ ഇന്ന് പി.ആര്‍.ഡി.ഓഫീസിനു മുന്നിലെ മരച്ചുവട്ടില്‍ നടതള്ളിയിരിക്കുന്നു. മഴയും വെയിലുമേറ്റ് തുരുമ്പിച്ച് നശിച്ചു.
ഇടയ്ക്കിടെ മരക്കൊമ്പുകള്‍ മുതുകത്ത് വീഴും. ദേഹമാകെ പായല്‍ പിടിച്ചു. എന്നെപ്പോലെ ഒത്തിരി കൂട്ടുകാര്‍ ഈ വളപ്പിലുണ്ട്. അതിനാല്‍ ഞാന്‍ ഒറ്റയ്ക്കല്ല. വാഹനങ്ങളുടെ ഈ ശവപ്പറമ്പില്‍ ഞങ്ങളിങ്ങനെ കഴിയുന്നു-ആരോടും പരിഭവമില്ലാതെ. ന്യൂജെന്‍ കാലത്ത് ആരെയും ഉപദേശിക്കുന്നത് ബുദ്ധിയല്ലെന്നറിയാം. എന്നാലും എനിക്കൊരു കാര്യം പറയാനുണ്ട്. അത് എന്റെ ജീവിതംകൊണ്ട് പഠിച്ചതും പകര്‍ന്നതുമായ സന്ദേശമാണ്. എന്റെ ഇരുവശത്തും ഈ എഴുതിയിരിക്കുന്നത് തന്നെ: വോട്ട് അവകാശമാണ്, നമ്മുടെ ഭാവിക്കുവേണ്ടി.
Content Highlights: Vote Vandi; The Bus for Giving Awareness About Voting