തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബോധവത്കരണ സന്ദേശങ്ങള്‍ പതിച്ച വോട്ടുവണ്ടി നാടുനീളെ ഓടുന്നു. വോട്ടുവണ്ടി കാണുന്നവര്‍ അറിയണം, ആ ഗ്രാഫിക്‌സ് ചെയ്തത് ചക്രക്കട്ടിലില്‍ ഇരുന്നും കിടന്നും ജോലിചെയ്യുന്ന കലാകാരനാണെന്ന്. എഴുന്നേറ്റുനില്‍ക്കാനാകില്ലെങ്കിലും 'സ്വന്തം കാലില്‍ നില്‍ക്കുന്ന' കലാകാരനാണ് എസ്.പ്രസന്നകുമാര്‍(49). 

തിരഞ്ഞെടുപ്പില്‍ ജനപങ്കാളിത്തം കൂട്ടാനുള്ള ബോധവത്കരണത്തിനാണ് വോട്ടുവണ്ടി ഓടുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍'(സ്വീപ്) എന്ന പരിപാടിയുടെ ഭാഗമാണിത്. തിരുവനന്തപുരം ജില്ലയില്‍ ഇതിനുള്ള ഗ്രാഫിക്‌സ് ജോലികള്‍ ചെയ്തത് പ്രസന്നകുമാറാണ്. 

വണ്ടിയില്‍ ഒട്ടിച്ച സ്റ്റിക്കറുകള്‍ക്കു പുറമേ, ബാനറുകള്‍, സ്റ്റേജിനു പിന്നില്‍ പ്രദര്‍ശിപ്പിക്കുന്നവ(ബാക്ക് ഡ്രോപ്സ്) തുടങ്ങിയവ ഇതില്‍പ്പെടുന്നു. പതിനേഴാം വയസ്സു മുതല്‍ മസ്‌കുലാര്‍ ഡിസ്ട്രോഫി (പേശീബലക്ഷയം)യോട് പൊരുതുകയാണ് പ്രസന്നകുമാര്‍. കഴക്കൂട്ടത്തിനടുത്ത് കുളത്തൂരില്‍ 'ഒമേഗ ഗ്രാഫിക്‌സ് ആന്‍ഡ് അഡ്വര്‍ടൈസേഴ്സ്' എന്ന സ്ഥാപനം നടത്തുകയാണ് അദ്ദേഹം.

കുളത്തൂര്‍ വടവില്‍ വീട്ടില്‍ പരേതനായ കെ.സദാശിവന്റെയും കെ.രാധയുടെയും മകനാണ്. ചെമ്പഴന്തി എസ്.എന്‍. കോളേജില്‍ പഠിക്കുന്ന കാലത്താണ് അസുഖം വന്നത്. പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കാനായില്ല. തിരിച്ചുപോക്കില്ലാത്ത അവസ്ഥയ്ക്കു കീഴടങ്ങാതെ അദ്ദേഹം പറഞ്ഞു- 'എനിക്കു വെറുതേ കിടക്കാന്‍ മനസ്സില്ല'.

ഒമേഗ എന്ന സ്ഥാപനം തുടങ്ങിയിട്ട് ഇരുപതു കൊല്ലമായി. ചായങ്ങളും ബ്രഷുംകൊണ്ടായിരുന്നു തുടക്കം. പിന്നെ, കംപ്യൂട്ടറില്‍ ജോലിചെയ്യാന്‍ സ്വയം പഠിച്ചു. ഒന്നരക്കൊല്ലം മുമ്പ് മസ്തിഷ്‌കാഘാതം കാരണം അദ്ദേഹത്തിന്റെ ഒരു വശം തളര്‍ന്നു. സംസാരിക്കാന്‍പോലും കഴിയാതായിരുന്നു. അക്യുപങ്ചര്‍ ചികിത്സയെത്തുടര്‍ന്ന് കൈക്ക് ചലനശേഷി അല്പം തിരിച്ചുകിട്ടി. വീണ്ടും സംസാരിക്കാനും പറ്റുന്നു.

ചക്രമുള്ള ലോഹക്കട്ടിലിന്റെ ഒരു ഭാഗം മടക്കിയാല്‍ ചാരിയിരിക്കാം. വളരെ നേരം ഒറ്റയിരിപ്പ് പറ്റില്ല. അതിനാല്‍, രാവിലെ പത്തു മണിക്കു തുടങ്ങുന്ന ജോലി രാത്രി ഒരു മണി വരെ നീളും. കംപ്യൂട്ടറിലെ രൂപകല്പനയ്ക്കു ശേഷമുള്ള കായികജോലികള്‍ക്ക് മൂന്നു ജീവനക്കാര്‍ ഒമേഗയിലുണ്ട്. ഭാര്യ എന്‍.ബേനസീറിന്റെ സഹായമാണ് പ്രസന്നകുമാറിന്റെ ഏറ്റവും വലിയ ശക്തി.

Content Highlights; Vote Vandi For Election Polling Awareness Designed By Presanna Kumar