ലോകത്തെ ഏറ്റവും സുരക്ഷിത കാര്‍ എന്ന അവകാശവാദവുമായി വോള്‍വോയുടെ പുതിയ XC 60 ഇന്ത്യന്‍ മണ്ണിലെത്തുകയാണ്.  1959-ല്‍ ത്രീ പോയിന്റ് സീറ്റ്ബെല്‍റ്റ് ഫീച്ചര്‍ അവതരിപ്പിച്ചുകൊണ്ടാണ് വോള്‍വോ കാറുകളിലെ സുരക്ഷ അവരുടെ പ്രഥമ പരിഗണനാവിഷയമാക്കി തുടങ്ങിയത്. അവിടുന്നിങ്ങോട്ട് കാര്‍ സുരക്ഷയുടെ കാര്യത്തില്‍ കിരീടം വെക്കാത്ത രാജാവാണ് വോള്‍വോ. ആ കുടുംബ പാരമ്പര്യം മുറുകെ പിടിച്ചാണ് വോള്‍വോ അവരുടെ രണ്ടാം തലമുറ XC60 ഡിസംബര്‍ രണ്ടാം വാരത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്.
  
യൂറോപ്പിലെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മിഡ്‌സൈസ് ലക്ഷ്വറി എസ്.യു.വി എന്ന വിശേഷണത്തോടെ ഇന്ത്യയിലെത്തുന്ന ഈ മോഡല്‍ വോള്‍വോയുടെ SPA (Scalable Porduct Architecture) പ്ലാറ്റ്‌ഫോമിലാണ് ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഡിസൈന്‍, ഫീച്ചര്‍, എന്‍ജിന്‍ എന്നിവയുടെ കാര്യത്തില്‍ XC60 തന്റെ വല്ല്യേട്ടനായ XC 90 ലക്ഷ്വറി എസ്.യു.വിയോട് കടപ്പെട്ടിരിക്കുന്നു.

മുന്‍കാഴ്ചയില്‍ എടുത്തുപറയേണ്ടത് 'Thor's Hammer' (ഗ്രീക്ക് പുരാണത്തിലെ ഇടിമിന്നലിന്റെ ദേവനായ 'തോറിന്റെ' ആയുധം) സ്‌റ്റൈലിലുള്ള ഡേ ടൈം റണ്ണിങ് ലൈറ്റാണ്. പുതിയ എല്‍ഇഡി ഹെഡ്‌ലാംമ്പില്‍ ഇഴുകി ചേര്‍ന്നിട്ടുള്ള ഇത് ഗ്രില്ലിന്റെ അറ്റംവരെയെത്തുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടൊപ്പം പുതിയ ഗ്രില്‍, ബോഡിയില്‍ നല്‍കിയിട്ടുള്ള ക്യാരക്ടര്‍ ലൈന്‍സും 19 ഇഞ്ച് അലോയ് വീല്‍സും പിറകിലെ ഡ്യുവല്‍ എക്‌സ്‌ഹോസ്റ്റും വോള്‍വോയുടെ സിഗ്നേച്ചര്‍ സ്‌റ്റൈലായ 'L' രുപത്തിലുള്ള ടെയില്‍ ലൈറ്റ് (LED) കൂടി ചേരുമ്പോള്‍ ഒരു കരുത്തുറ്റ രൂപം വോള്‍വോ  XC60 യ്ക്ക് സ്വന്തം.

XC 60

ഇരട്ട നിറത്തില്‍ ചാലിച്ച അകത്തളത്തില്‍ ആദ്യം കണ്ണുടക്കുക സെന്റര്‍ കണ്‍സോളിലെ 12.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലാണ്. (ആപ്പിള്‍ കാര്‍ പ്ലേ, ആഡ്രോയിഡ് ഓ്‌ട്ടോ, സെല്ലുലാര്‍ നെറ്റ് വര്‍ക്ക് എന്നിവ ഇതില്‍ സപ്പോര്‍ട്ട് ചെയ്യും). പിന്നിലെ യാത്രക്കാര്‍ക്ക് പ്രത്യേകം നിയന്ത്രിക്കാവുന്ന ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റവും XC 60 യുടെ പ്രത്യേകതയാണ്. 'Inscription' എന്ന ഉയര്‍ന്ന വകഭേദത്തില്‍ എയര്‍ സസ്‌പെന്‍ഷന്‍, ബ്രിട്ടീഷ് ഓഡിയോ എക്യുപ്പ്മെന്റ് നിര്‍മ്മാതാക്കാളായ Bowers & Wilkins ന്റെ ഓഡിയോ സിസ്റ്റം, നാപ്പ ലെതര്‍ (Nappa leather) സീറ്റ്, ഹെഡ് അപ്പ് ഡിസ്‌പ്ലേ എന്നീ ഫീച്ചേഴ്സ് കൂടി ലഭ്യമാണ്.   

Xc 60

കസ്റ്റമേഴ്സിന്റെ സുരക്ഷ മുന്‍നിര്‍ത്തി ഒട്ടനവധി സേഫ്റ്റി ഫീച്ചേഴ്സ് ആണ് വോള്‍വോ പുത്തന്‍ XC60 ല്‍ ലഭ്യമാക്കിയിട്ടുള്ളത്. എബിഎസ്, സീറ്റ് ബെല്‍റ്റ്, സ്റ്റീര്‍ അസിസ്റ്റ് എന്നിങ്ങനെ സ്റ്റാന്റേഡ് ഫീച്ചേഴ്‌സിന് പുറമെ വോള്‍വോയുടെ റഡാര്‍ അധിഷ്ഠിത ബ്ലൈന്റ് സ്‌പോട്ട് ഇന്‍ഡിക്കേഷന്‍ സിസ്റ്റം,  പൈലറ്റ് അസിസ്റ്റ്, ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റം എന്നിവയും XC 60 വാഗ്ദാനം ചെയ്യുന്നു. മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ സഹായിക്കുന്ന പൈലറ്റ് അസിസ്റ്റ്, സിറ്റി ട്രാഫിക് സംവിധാനം ഒരനുഗ്രഹമാണ്. 130 kph വേഗതയില്‍ പോകുമ്പോള്‍ പോലും XC 60 ലെ ലൈന്‍ മാറാതെ മുന്നേറാന്‍ സഹായിക്കുന്ന ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റം നല്ല രീതിയില്‍ സെന്റര്‍ ലൈന്‍ പോലും മാര്‍ക്ക് ചെയ്യപ്പെടാത്ത നമ്മുടെ റോഡുകളില്‍ എത്രത്തോളം ഫലപ്രദമാകും എന്ന് കണ്ടറിയണം. 

XC 60

തുടക്കത്തില്‍ 235 ബിഎച്ച്പി കരുത്തേകുന്ന  2.0 litre D5 ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനില്‍ മാത്രം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുന്ന XC 60 ക്ക് പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 7.2 സെക്കന്‍ഡ് മതി. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലിലേക്കും ഒരുപോലെ ഊര്‍ജമെത്തും. മണിക്കൂറില്‍ 220 കിലോമീറ്ററാണ് പരമാവധി വേഗത. 

320 എച്ച്പി കരുത്തേകുന്ന T6 പെട്രോള്‍, 407 എച്ച്പി കരുത്തേകുന്ന T8 ട്വിന്‍ എന്‍ജിന്‍ പെട്രോള്‍ ഹൈബ്രിഡ് എന്നീ ഓപ്ഷന്‍സ് ഭാവിയില്‍ ലഭ്യമാക്കാന്‍ കമ്പനി ആലോചിക്കുന്നതായി അറിയുന്നു. ലോഞ്ച് സമയത്ത് പൂര്‍ണമായും നിര്‍മിച്ച ഇറക്കുമതി ചെയ്യുന്ന XC 60 പിന്നീട് വോള്‍വോയുടെ ബെംഗളൂരു ഫെസിലിറ്റിയില്‍ നിന്ന് പുറത്തിറക്കാനാണ് സാധ്യത. 55 ലക്ഷം രൂപ എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്ന XC60  വിപണിയിലെ താരങ്ങളായ ഔഡി Q5, ബിഎംഡബ്യു X3, മെഴ്‌സിഡീസ് ബെന്‍സ് GLC, പുതുതായി ലോഞ്ച് ചെയ്ത ലെക്‌സസ് എന്‍എക്‌സ് എന്നിവയോട് നേരിട്ട് ഏറ്റുമുട്ടും. 

Content Highlights: Volvo XC 60 India Launch Features Price Specs