ചില ആളുകളുണ്ട്, സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ എന്തിനേയും വിമര്‍ശിക്കുകയും എന്ത് കാര്യത്തെ കുറിച്ചും അഭിപ്രായം പറയുകയും ചെയ്യുന്നവര്‍. വസ്തുതകള്‍ മനസിലാക്കി ഒന്നുമായിരിക്കില്ല ഇത്തരക്കാരുടെ കമന്റുകള്‍. ഇത്തരത്തിലുള്ള വിമര്‍ശനകന് സ്‌കോഡ ഇന്ത്യയുടെ മേധാവി സാക് ഹോളിസ് നല്‍കിയ കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 

സ്‌കോഡയുടെ സെഡാന്‍ മോഡലായ റാപ്പിഡിനെ കുറിച്ച് ഒരു ഉത്തരേന്ത്യന്‍ വ്‌ളോഗര്‍ ട്വിറ്ററില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിനാണ് സ്‌കോഡയുടെ മേധാവി ചുട്ടമറുപടിയുമായി എത്തിയത്. 16 ലക്ഷം രൂപ വിലയുള്ള സ്‌കോഡ റാപ്പിഡില്‍ കീലെസ് എന്‍ട്രിയും പുഷ് സ്റ്റാര്‍ട്ട് ബട്ടണും നല്‍കുന്നില്ല. ഇതിലും വില കുറഞ്ഞ വാഹനങ്ങളില്‍ ഈ ഫീച്ചര്‍ നല്‍കുന്നുണ്ടെന്നുമായിരിക്കും വ്‌ളോഗറുടെ പ്ലോസ്റ്റ്.

ഈ ട്വീറ്റ് ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ സാക്കിന്റെ മറുപടിയും എത്തുകയായിരുന്നു. നിങ്ങള്‍ വേറെ വാഹനം വാങ്ങിക്കൊള്ളൂ, നിര്‍മാണ ശേഷിയെക്കാള്‍ കൂടുതലാണ് ഈ വാഹനത്തിന് ലഭിക്കുന്ന ബുക്കിങ്ങ്. അടുത്ത വര്‍ഷത്തേക്കുള്ള വാഹനവും ഇതിനോടകം വിറ്റുപോയിരിക്കുന്നുവെന്നും സാക്ക്, വ്‌ളോഗറിന് മറുപടിയായി ട്വിറ്ററില്‍ കുറിച്ചു.

അദ്ദേഹത്തിനെ മറുപടി അല്‍പ്പ സമയത്തിനുള്ളില്‍ തന്നെ ശ്രദ്ധ നേടുകയായിരുന്നു. റാപ്പിഡിനൊപ്പമുള്ള ഫോട്ടോ ഉള്‍പ്പെടെയാണ് വ്‌ളോഗര്‍ ഈ കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചത്. പ്രീമിയം സെഡാന്‍ വാഹനങ്ങളില്‍ മികച്ച സ്വീകാര്യത നേടിയിട്ടുള്ള വാഹനമാണ് സ്‌കോഡ റാപ്പിഡ്. ഇതിനെ ഇകഴ്ത്തിയതാണ് സാക്കിനെ ചൊടിപ്പിച്ചത്.

Content Highlights: Vlogger Critisise Skoda Rapid; Skoda India Chief Give Stunning Reply