യു.എ.ഇ. കാത്തിരിക്കുന്ന അതിവേഗ യാത്രാമാര്‍ഗമായ ഹൈപ്പര്‍ലൂപ്പിന്റെ പരീക്ഷണ ഓട്ടം ലാസ് വെഗാസില്‍ നടന്നു. ആദ്യ യാത്രക്കാര്‍ ഒരു ഹൈപ്പര്‍ലൂപ്പ് പോഡില്‍ വിജയകരമായി യാത്ര ചെയ്തതോടെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് സൃഷ്ടിച്ചത് ചരിത്രമാണ്. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയുടെ ഗവേഷണത്തിലും വികസനത്തിലും സ്മാര്‍ട്ട് ലോജിസ്റ്റിക് സൊല്യൂഷനുകളുടെ അന്താരാഷ്ട്ര ദാതാക്കളായ ദുബായ് ആസ്ഥാനമായുള്ള ഡി.പി. വേള്‍ഡ് നടത്തിയ സുപ്രധാന നിക്ഷേപം ഇതില്‍ പ്രധാന പങ്ക് വഹിച്ചിരുന്നു.

വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് ചെയര്‍മാനും ഗ്രൂപ്പ് ചെയര്‍മാനും ഡി.പി. വേള്‍ഡ് സി.ഇ.ഒയുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം നെവാഡയിലെ ലാസ് വെഗാസില്‍ ആദ്യത്തെ യാത്രക്കാരുടെ പരീക്ഷണയാത്ര കണ്ടു. 'നൂറുവര്‍ഷത്തിലേറെക്കാലത്തിനുശേഷം ആദ്യമായി വരുന്ന പുതിയ ചരിത്രമെഴുതിയ ഗതാഗതമാര്‍ഗം നേരില്‍ക്കണ്ടതിന്റെ സന്തോഷത്തിലാണ് താനെന്ന്' സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലൈം പറഞ്ഞു. 

'ഈ സാങ്കേതികവിദ്യയെ ഒരു സുരക്ഷിതസംവിധാനമാക്കി മാറ്റുന്നതിനായി വിര്‍ജിന്‍ ഹൈപ്പര്‍ ലൂപ്പിലെ ടീമില്‍ വലിയ വിശ്വാസമുണ്ട്, ഇന്ന് ഞങ്ങള്‍ അത് ചെയ്തു. ആളുകളുടെ അതിവേഗ, സുസ്ഥിര മുന്നേറ്റത്തിന്റെ ഒരു പുതിയ യുഗത്തിലേക്ക് കടക്കുന്നതിന് ഞങ്ങള്‍ ഒരുപടി അടുത്താണ്. ഗതാഗത, ലോജിസ്റ്റിക് വ്യവസായത്തിലെ സാങ്കേതികകണ്ടുപിടിത്തങ്ങളില്‍ ഡി.പി. വേള്‍ഡും ദുബായിയും മുന്‍പന്തിയിലാണ്. 

ലോകം അതിവേഗം മാറുകയാണ്, വിപണികളെയും സമ്പദ്വ്യവസ്ഥകളെയും ബന്ധിപ്പിക്കുന്നതിനും വ്യാപാരം തുടരുന്നതിനും ഈ ഗതാഗതസംവിധാനങ്ങളില്‍ ഭാഗമാകാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് ആഗോള സമ്പദ്വ്യവസ്ഥയുടെ അടുത്തഘട്ടം കെട്ടിപ്പടുക്കാന്‍ സഹായിക്കുന്നു'വെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ചരിത്രപരമായ പരീക്ഷണം ഹൈപ്പര്‍ലൂപ്പ് സര്‍ട്ടിഫിക്കേഷന്‍ സെന്ററിലെ മുന്നേറ്റങ്ങളുമായി ചേര്‍ന്ന് ലോകമെമ്പാടുമുള്ള ഹൈപ്പര്‍ലൂപ്പ് സിസ്റ്റങ്ങളുടെ സര്‍ട്ടിഫിക്കേഷന് വഴിയൊരുക്കും. 

സൗദി അറേബ്യ, യു.എ.ഇ. എന്നിവയുള്‍പ്പെടെയുള്ള ലോകമെമ്പാടുമുള്ള വാണിജ്യപദ്ധതികളിലേക്കുള്ള ഒരു പ്രധാന പടിയായി ഇതുമാറുമെന്നാണു കണക്കാക്കുന്നത്. സഹസ്ഥാപകനും ചീഫ് ടെക്നോളജി ഓഫീസറുമായ ജോഷ് ഗീഗല്‍, വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിലെ പാസഞ്ചര്‍ എക്‌സ്പീരിയന്‍സ് ഡയറക്ടര്‍ സാറാ ലൂച്ചിയന്‍ എന്നിവരാണ് ലോകത്തില്‍ ആദ്യമായി ഗതാഗതമാര്‍ഗത്തില്‍ സഞ്ചരിച്ചത്. ലാസ് വെഗാസിലെ വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിന്റെ 500 മീറ്റര്‍ ഡേവ്ലൂപ്പ് ടെസ്റ്റ് സൈറ്റിലാണ് പരീക്ഷണം നടന്നത്. 

അവിടെ കമ്പനി നേരത്തേ യാത്രക്കാരില്ലാത്ത 400 പരീക്ഷണയാത്രകള്‍ നടത്തിയിരുന്നു. 'ആറുവര്‍ഷം മുമ്പ് ഞങ്ങള്‍ ഒരു ഗാരേജില്‍ തുടങ്ങിയപ്പോള്‍, ലക്ഷ്യം ലളിതമായിരുന്നു. ആളുകള്‍ സഞ്ചരിക്കുന്ന രീതിയെ മാറ്റുക എന്നതായിരുന്നു ആ ലക്ഷ്യമെന്ന്' ജോഷ് ഗീഗല്‍ പറഞ്ഞു. ഇന്ന്, ആ ആത്യന്തിക സ്വപ്നത്തിലേക്ക് ഞങ്ങള്‍ ഒരു വലിയ കുതിച്ചുചാട്ടം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 'ഹൈപ്പര്‍ലൂപ്പ് സുരക്ഷിതമാണോ' എന്ന ചോദ്യം എത്രതവണ കേട്ടു എന്ന് എനിക്കുപറയാനാവില്ല. ഇന്നത്തെ പരിശോധനയിലൂടെ, ഞങ്ങള്‍ ഈ ചോദ്യത്തിന് വിജയകരമായി ഉത്തരം നല്‍കിക്കഴിഞ്ഞുവെന്ന് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് സി.ഇ.ഒ. ജയ് വാള്‍ഡര്‍ പറഞ്ഞു.

ഇന്നത്തെ വിജയകരമായ യാത്രാപരിശോധന ഗള്‍ഫ് മേഖലയിലെ വാണിജ്യ ഹൈപ്പര്‍ലൂപ്പ് പ്രോജക്ടുകളുമായി ഒരു ചുവട് അടുപ്പിക്കുന്നുവെന്ന് വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പിനായുള്ള മിഡില്‍ ഈസ്റ്റിലെയും ഇന്ത്യയിലെയും മാനേജിങ് ഡയറക്ടര്‍ ഹര്‍ജ് ദാലിവാള്‍ പറഞ്ഞു. ഹൈപ്പര്‍ലൂപ്പ് സാങ്കേതികവിദ്യയുടെയും സുസ്ഥിരഗതാഗതത്തിന്റെയും വികസനത്തിന് പിന്തുണനല്‍കുന്നതിനായി അബുദാബിയുടെ മുഹമ്മദ് ബിന്‍ സായിദ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സര്‍വകലാശാലയുമായി വിര്‍ജിന്‍ ഹൈപ്പര്‍ലൂപ്പ് പങ്കാളിത്തവും പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlights: Virgin Hyperloop Conduct Trial Run With Passengers