സെക്രട്ടേറിയറ്റിനു മുമ്പിലുള്ള റിക്ഷാ സ്റ്റാൻഡ്, രാജകുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനം | ഫോട്ടോ: മാതൃഭൂമി
ഗാന്ധിജിയോളം പ്രായമുള്ള സെക്രട്ടേറിയറ്റ് അഥവാ പുത്തന്‍ കച്ചേരി (ഹജൂര്‍ കച്ചേരി) നിര്‍മിക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്നത്തെ ദിവാന് സര്. ടി.മാധവറാവുവോ, ബ്രിട്ടീഷ് ചീഫ് എന്‍ജിനിയര്‍ വില്ല്യം ബാര്ട്ടനൊ കരുതി ക്കാണില്ല ഇന്നത്തെപ്പോലെ മോട്ടോര്‍ വാഹനങ്ങളുടെ പെരുപ്പം. 1869 ഓഗസ്റ്റ് 23-നാണ് സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം അന്നത്തെ മഹാരാജാവ് ആയില്യം തിരുനാള്‍ നിര്‍വഹിച്ചത്. അതിനുശേഷം 41 വര്‍ഷം കഴിഞ്ഞ് 1910- ലാണ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ ആദ്യമായി ലൈസന്‍സ് നല്‍കിയത്.
കല്ടയറും കരിഗ്യാസും ഉപയോഗിച്ചുള്ള വാഹനങ്ങളായിരുന്നു ആദ്യം ഓടിയിരുന്നത്. പെട്രോള്‍ വണ്ടികളും കാറുകളും വരാന്‍ പിന്നെയും വര്‍ഷങ്ങളെടുത്തു. ആദ്യമാദ്യം വിരലില്‍ എണ്ണാവുന്ന കാറുകളെ അനന്തപുരിയിലുണ്ടായിരുന്നുള്ളു. ശ്രീമൂലം തിരുനാളിനും അന്നത്തെ ഇംഗ്ലീഷ് റസിഡന്റിനും സഞ്ചരിക്കാനാണ് ആദ്യമായി സര്‍ക്കാര്‍ കാറുവാങ്ങിയതെന്ന് പറയുന്നു. കാര്‍ അന്നു അത്ഭുതമായിരുന്നതായിട്ടാണ് പഴമക്കാരില്‍ നിന്നും കേട്ടറിവ്.
ശ്രീമൂലം തിരുനാള്‍ ഇറക്കുമതി ചെയ്ത നാലുകാറുകളില് ഒന്ന് ഒരപകടത്തില്‍ പെട്ടുവെന്നും അത്, നന്നാക്കി എടുത്തുകൊള്ളാന്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതനു കൊടുത്തുയെന്നും കേള്‍ക്കുന്നുണ്ട്. ഇന്നു റോഡുകളും സര്‍ക്കാര്‍ ഓഫീസുകളും വീടുകളും എല്ലായിടവും മോട്ടോര്‍ വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. പാര്ക്കുചെയ്യാന് സ്ഥലമില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പാര്‍ക്കിങ് സൗകര്യം എത്രയോ പരിമിതമാണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ മുമ്പ് തന്നെ മോട്ടോര്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ അവിടേക്ക് കര്‍ശന വ്യവസ്ഥകള്‍ ഇപ്പോള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു.
നാലായിരത്തോളം ജീവനക്കാര്‍ ആണ് സെക്രട്ടേറിയറ്റിലുള്ളത്. ഇതില്‍ ചീഫ് സെക്രട്ടറി മുതല്‍ ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍ വരെയുള്ളവര്‍ക്ക് കാറോ, സ്കൂട്ടറോ ഉണ്ട്. പക്ഷേ, പുതിയ നിയന്ത്രണം അനുസരിച്ച് ഇരുനൂറ് വാഹനങ്ങള്‍ക്കേ പാര്‍ക്ക് ചെയ്യാന്‍ കഴിയൂ. മാത്രവുമല്ല സംസ്ഥാനത്തിന്റെ പലഭാഗത്തുനിന്നും ഭരണപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പൊതുജനങ്ങളും ജനപ്രതിനിധികളും ഇവിടെ എത്തുന്നുണ്ട്. ഇവരുടെ വാഹനങ്ങള്‍ എവിടെ പാര്‍ക്കു ചെയ്യുമെന്ന് കണ്ടറിയണം.
കോട്ടയ്ക്കകത്തുണ്ടായിരുന്ന ഹജൂര്‍ കച്ചേരി പൊതുജനങ്ങളുടെ സൗകര്യാര്‍ഥമാണ് നഗരത്തിന്റെ പ്രധാന വീഥിയുടെ നടുക്ക് സ്ഥാപിക്കാന്‍ ദിവാന് സര്.ടി.മാധവറാവു തീരുമാനിച്ചത്. ചീഫ് എന്‍ജിനിയര്‍ വില്ല്യം ബാര്‍ട്ടണ്‍ അതിന്റെ റിപ്പോര്‍ട്ട് തയ്യാറാക്കി. അദ്ദേഹം സെക്രട്ടേറിയറ്റ് പണിയാന്‍ തുടങ്ങുന്ന കാലത്ത് അവിടെയെല്ലാം പട്ടാള ബാരക്സുകളായിരുന്നു. അതെല്ലാം പാളയത്തേക്ക് മാറ്റി. അന്ന് കാളവണ്ടി, വില്ലുവണ്ടി, ജഡുക്ക (ഒറ്റക്കുതിര വണ്ടി) ഫീറ്റണ്വണ്ടി (കൂടുതല്‍ കുതിരകളെ പൂട്ടിയത്) തുടങ്ങിയവയായിരുന്നു പ്രധാന വാഹനങ്ങള്‍. ധനാഢ്യന്മാരുടെ വീടുകളിലെല്ലാം വില്ലുവണ്ടികളോ ജഡുക്ക വണ്ടികളോ ഉണ്ടായിരുന്നു. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥന്മാരെല്ലാം സഞ്ചരിച്ചത് ജഡുക്കയിലായിരുന്നു. രാജാക്കന്മാര് ചടങ്ങുകള്‍ക്ക് രഥത്തിലും. അല്ലാത്ത സമയത്ത് കുതിര പൂട്ടിയ വണ്ടികളിലുമാണ് സഞ്ചരിച്ചിരുന്നത്.
രാജകുടുംബാംഗങ്ങള്‍ക്ക് അടച്ചുമുടിയതും കുതിരകള്‍ വലിക്കുന്നതുമായ മനോഹരമായ വാഹനങ്ങളുണ്ടായിരുന്നു. റസിഡന്റ് ഉള്‍പ്പെടെയുള്ള പ്രധാന ഉദ്യോഗസ്ഥന്മാര്ക്കെല്ലാം സഞ്ചരിക്കുന്നതിന് പ്രത്യേക കുതിരവണ്ടികള്‍ ഉണ്ടായിരുന്നു. നഗരത്തിന്റെ പുളിമൂട് ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ വാടകയ്ക്ക് ജഡുക്ക കിട്ടുമായിരുന്നു. ചാലയിലെ 'വണ്ടിത്താടം' എന്ന സ്ഥലത്തുനിന്നും കാളവണ്ടികള്‍ വാടകയ്ക്ക് നല്‍കിയിരുന്നതായി പറയുന്നു. കാളവണ്ടികള്‍ക്കും അന്ന് കര്‍ശനമായ നിയമങ്ങളുണ്ടായിരുന്നു. ഇത് ലംഘിച്ചതിന്റെ പേരിലാണ് ദിവസങ്ങളോളം നഗരത്തെ പിടിച്ചുകുലുക്കിയ ചാല കലാപം 1908-ല്‍ നടന്നത്. ഇതിനെതിരേ പോലീസുകാരെ കുറ്റപ്പെടുത്തിക്കൊണ്ട് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ ലേഖനങ്ങള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി.
ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്തായിരുന്നു ആ സംഭവം. രാമകൃഷ്ണപിള്ള തന്നെ സാധനങ്ങള്‍ വാങ്ങാന്‍ ചാലക്കടയിലെത്തിയിരുന്നത് ജഡുക്കവണ്ടിയിലാണെന്ന് അദ്ദേഹത്തെ കണ്ടിട്ടുള്ള ഒരാള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് തിരുവനന്തപുരത്തുനിന്നും കുതിരവണ്ടിയിലും നെയ്യാറ്റിന്‍കരയില്‍നിന്ന് വില്ലുവണ്ടിയിലുമായിരുന്നു. സെക്രട്ടേറിയറ്റിന്റെ നടയില്‍ മനുഷ്യര്‍ യാത്രക്കാരെ വലിച്ചുകൊണ്ട് ഓടുന്ന റിക്ഷാവണ്ടികള്‍ വാടകയ്ക്ക് കിട്ടുമായിരുന്നു.
സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥന്മാര് ആദ്യകാലത്ത് വന്നിരുന്ന ജഡുക്ക വണ്ടികള്‍ ഇപ്പോള്‍ വൈ.എം.സി.എ. സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുമ്പ് ഉണ്ടായിരുന്ന വിശാലമായ സ്ഥലത്താണ് പാര്‍ക്ക് ചെയ്തിരുന്നതെന്ന് പഴമക്കാര്‍ പറയാറുണ്ട്. കുറച്ചു ഹജൂര്‍ കച്ചേരി ഉദ്യോഗസ്ഥന്മാര്ക്കേ അന്ന് ജഡുക്കകള് ഉണ്ടായിരുന്നുള്ളു. എന്നാല്‍ ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണം, തിരുവിതാംകൂര്‍ രാജാക്കന്മാരുടെ അധികാരം ഏറ്റെടുക്കല്‍, വൈസ്റോയിമാരുടെയോ, ഗവര്‍ണര്‍മാരുടെയോ വരവ് എന്നിവ സംബന്ധിക്കുന്ന ദര്‍ബാറുകള്‍ നടക്കുന്ന സമയത്ത് ഇന്ന് പൂന്തോട്ടമായി മാറിയ സ്ഥലത്താണ് അശ്വാരൂഢ സേനയും അമ്പാരി കെട്ടിയ ആനകളും റസിഡന്റിന്റേയും തിരുവിതാംകൂര്‍ നായര്‍ പട്ടാളക്കാരും പീരങ്കി പടയുമെല്ലാം നിലയുറപ്പിച്ചിരുന്നത്. ആദ്യകാലത്ത് ഇന്ന് നടുക്ക് കാണുന്ന 'ചുണ്ണാമ്പ് കെട്ടിടവും 'നടുക്കുള്ള ദര്‍ബാര്‍ ഹാളും മാത്രമാണ് വില്ല്യം ബാര്‍ട്ടണ്‍ നിര്‍മിച്ചത്. തെക്കും വടക്കുമുള്ള സിമന്റ് കെട്ടിടങ്ങളെല്ലാം സ്വാതന്ത്ര്യത്തിനുശേഷം നിര്‍മിച്ചതാണ്. അതോടെ സെക്രട്ടേറിയറ്റിലെ വിശാലമായ തുറസ്സായ സ്ഥലം നഷ്ടപ്പെട്ടു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..