രുകാലത്ത് പാതകളില്‍ അംബാസഡര്‍ കാറുകള്‍ ഏറെയായിരുന്നു. മാറ്റത്തിന്റെ ഗതിവേഗത്തില്‍ ഈ കാഴ്ചയ്ക്ക് കോട്ടംതട്ടിയെങ്കിലും അടൂര്‍ ഏഴംകുളം പ്ലാന്റേഷന്‍ ജങ്ഷനില്‍ നാലുപതിറ്റാണ്ടായി തൂവെള്ള അംബാസഡര്‍ കാറുണ്ട്. മുന്‍സീറ്റില്‍ നിറഞ്ഞ ചിരിയോടെ സാരഥിയായി നാട്ടുകാരുടെ 'വിജയന്‍ ചേട്ടനും'.

നാല്പതോളം കാറുണ്ടായിരുന്ന ഈ സ്റ്റാന്‍ഡില്‍ ഇപ്പോള്‍ ശേഷിക്കുന്നത് വിജയന്‍ നായരുടെ അംബാസഡര്‍മാത്രം. മക്കള്‍ക്ക് പുതിയ ഇനം കാറുണ്ടെങ്കിലും ഇദ്ദേഹം ഒരിക്കല്‍പ്പോലും അവ ഓടിച്ചിട്ടില്ല. അംബാസഡറിനോടുള്ള പ്രിയം അത്രമേലുണ്ട്, ഏഴംകുളം തേപ്പുപാറ കൃഷ്ണവിലാസത്തില്‍ വിജയന്‍ നായര്‍ക്ക്.

കൃത്യനിഷ്ഠയിലും ഇദ്ദേഹം മുമ്പന്‍. പറഞ്ഞ സമയത്ത് എത്തുന്ന പ്രകൃതം. എല്ലാ ദിവസവും രാവിലെ ഏഴിന് സ്റ്റാന്‍ഡിലെത്തും. രാത്രി എട്ടിനുമാത്രമേ വീട്ടില്‍ പോകൂ. ഒരിക്കല്‍ ഈ കാറില്‍ സഞ്ചരിച്ചവര്‍ എപ്പോള്‍ ദീര്‍ഘയാത്രയ്‌ക്കൊരുങ്ങിയാലും വിജയന്‍ നായരെ മറക്കില്ല. മുന്തിയ ഇനം കാറുള്ള പ്രവാസികള്‍വരെ, വിമാനത്താവളത്തിലേക്ക് പോകാനും വരാനും KL 26 9062 എന്ന കാര്‍ വിളിക്കുന്നു.

28 വര്‍ഷം കൂലിക്ക് ഓടിച്ചു. 12 വര്‍ഷമായി സ്വന്തം കാറാണ് ഓടിക്കുന്നത്. ഓടിച്ചതെല്ലാം അംബാസഡര്‍. 1980-ല്‍ 25-ാംവയസ്സില്‍ വളയം പിടിക്കാന്‍ തുടങ്ങിയതാണെന്ന് വിജയന്‍ നായര്‍ പറയുന്നു. ഇതുവരെയും ഒരപകടവും ഉണ്ടായിട്ടില്ല. പെറ്റിക്കേസുപോലുമില്ല. മദ്യപിക്കില്ല, മുറുക്കില്ല, പുകവലിയില്ല.

അംബാസഡറിന്റെ നിര്‍മാണം നിര്‍ത്തിയതാണ് വിജയന്‍ ചേട്ടന്റെ ആകെയുള്ള വിഷമം. പക്ഷേ, പാര്‍ട്സ് ലഭിക്കുന്നിടത്തോളംകാലം ഇതുവിട്ടൊരു കളിയില്ലെന്ന് ഈ അറുപത്തിയാറുകാരന്‍ പറയുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതാവുകൂടിയായ വിജയന്‍ ചേട്ടന് ഭാര്യയും രണ്ട് മക്കളുമുണ്ട്. മക്കള്‍ വിദേശത്താണ്.

Content Highlights: Vijayan Only Drive Ambassador Car Last 40 Years