ഒരു 'പൊളി'ക്കാലമാണ് വരാനിരിക്കുന്നത്. അടിച്ചുപൊളിയല്ല, പഴയ വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്നതാണ് സംഗതി. പഴക്കം വന്ന വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്നതിനുള്ള നയം ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
മലിനീകരണം കുറച്ച് ഇന്ധനക്ഷമതയുള്ള വാഹനങ്ങള്‍ റോഡിലെത്തിക്കുകയെന്നതാണ് പ്രധാനലക്ഷ്യം. എന്നാല്‍, ഈ പ്രഖ്യാപനം വന്നതോടെ വാഹനപ്രേമികളും പഴയ വണ്ടിക്കച്ചവടക്കാരും വാഹനംകൊണ്ട് ഉപജീവനം നടത്തുന്നവരുമെല്ലാം നിയമം എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ്.
പഴയതും നിരത്തിലിറങ്ങാന്‍ യോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ പൊളിക്കുമെന്നാണ് പ്രഖ്യാപനം. 15 വര്‍ഷമായ വാണിജ്യവാഹനങ്ങളും 20 വര്‍ഷമായ സ്വകാര്യവാഹനങ്ങളും സ്വമേധയാ പൊളിച്ചുവില്‍ക്കുന്നതിനാണ് നയം രൂപവത്കരിച്ചിരിക്കുന്നത്. കാലാവധി പൂര്‍ത്തിയായ വാഹനങ്ങള്‍ ഫിറ്റ്നെസ് ടെസ്റ്റിന് വിധേയമാക്കിയ ശേഷമുള്ള പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഒഴിവാക്കുക.
ആശങ്കകള്‍ തീര്‍ക്കണം
ഓട്ടോ-ടാക്സി, ചരക്കുവാഹനങ്ങള്‍ എന്നിവയില്‍ ഭൂരിഭാഗവും 15 വര്‍ഷമെന്ന കാലാവധിയോട് അടുത്തവയാണ്. മിക്കവര്‍ക്കും ഇത്തരം വാഹനങ്ങള്‍ വരുമാനമാര്‍ഗവുമാണ്. വാഹനങ്ങള്‍ പൊളിച്ചുവിറ്റ് പുതിയവ വാങ്ങുമ്പോള്‍ കൂടുതല്‍ തുക ചെലവഴിക്കേണ്ടിവരും.
സബ്സിഡി ഉള്‍പ്പെടെ മതിയായ സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കാതെവന്നാല്‍ കടബാധ്യതയും വായ്പകളും വര്‍ധിക്കും. ഇത്തരം കാര്യങ്ങളിലെല്ലാം വ്യക്തമായ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ആശങ്കള്‍ അകറ്റണമെന്നാണ് ഓട്ടോ-ടാക്സി ഡ്രൈവര്‍മാരുടെ ആവശ്യം.
നിരാശാജനകം
ഈ പ്രഖ്യാപനം പരിസ്ഥിതിയെ സംബന്ധിച്ച് നല്ലതാണ്. എങ്കിലും വാഹനപ്രേമികള്‍ക്ക് വിന്റേജ് വാഹനങ്ങള്‍ പുറത്തിറക്കാന്‍ കഴിയുമോയെന്ന് സംശയമുണ്ട്. വാഹനങ്ങളോട് കമ്പമുള്ളവര്‍ക്ക് ഇത് നിരാശയാകും
-ഡി. നവീന്‍ (വിന്റേജ് കാര്‍ കളക്ടര്‍, വാളയാര്‍)
സഹായം വേണം
പഴയ വാഹനങ്ങള്‍ ഒഴിവാക്കണമെന്ന് പറയുന്നത് ഞങ്ങളെ ദുരിതത്തിലാക്കും. പഴയ വാഹനങ്ങള്‍ക്ക് ന്യായമായ വില ലഭ്യമാക്കുകയും പുതിയ വാഹനങ്ങള്‍ വാങ്ങാന്‍ സാമ്പത്തികസഹായം അനുവദിക്കുകയും ചെയ്താലേ ആശങ്ക മാറുകയുള്ളൂ
-അബ്ദുള്‍ മനാഫ് (ടാക്സി ഡ്രൈവര്‍, ഒലവക്കോട്)
വരുമാനം മുട്ടും
എന്നെപ്പോലെ ഒരുപാട് പേരുടെ ആശ്രയമാണ് ഓട്ടോറിക്ഷ. കാലപ്പഴക്കം വന്ന ഓട്ടോറിക്ഷകള്‍ പെട്ടെന്ന് പൊളിച്ചുവില്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഒട്ടേറെ കുടുംബങ്ങളുടെ വരുമാനം മുട്ടും. ഇക്കാര്യത്തില്‍ ഒരു പരിഹാരം ഉണ്ടാക്കിയതിനുശേഷം വേണം, തുടര്‍നടപടി കൈകൊള്ളാന്‍. സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടല്‍ വേണം
-സി. ഷിജു (ഓട്ടോഡ്രൈവര്‍, ചിറ്റൂര്‍, വിളയോടി)
Content Highlights: Vehicle Scrappage Policy In India