നിങ്ങളെപ്പോഴെങ്കിലും ആക്രിവിലയ്ക്ക് വിറ്റ സാധനം തിരികെ വാങ്ങാന്‍ ശ്രമിച്ചിട്ടുണ്ടോ...? ഇല്ലെങ്കില്‍ ഒന്നു പരീക്ഷിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ലഭിച്ച വിലയെക്കാള്‍ പത്തു രൂപയെങ്കിലും കൂടുതല്‍ കൊടുക്കാതെ അത് തിരികെ കിട്ടില്ല. അതാണ് ആക്രിയുടെ 'അമൂല്യമായ വില'. രാജ്യത്ത് 'വാഹന പൊളി നയം' പ്രഖ്യാപിച്ചതോടെ വലിയ നിക്ഷേപം വരാന്‍ പോകുന്ന മേഖലയും ആക്രി ബിസിനസ് അഥവാ 'മെറ്റീരിയല്‍ റീസൈക്‌ളിങ്' ബിസിനസ് ആണ്. 10,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിലേക്ക് വരാന്‍ പോകുന്നതെന്നാണ് നയം പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

രാജ്യത്തെ വാഹനപ്പെരുപ്പത്തിന്റെ കണക്കുകളിലേക്ക് കണ്ണോടിച്ചാല്‍ അത്രയും വന്നാല്‍ പോരാ, 15,000-30,000 കോടി രൂപയുടെ നിക്ഷേപം വന്നേക്കും. കാരണം ഇന്ത്യയില്‍ 'മരണാസന്നരായ' 2.14 കോടി വാഹനങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. ഓരോ വര്‍ഷവും ഈ എണ്ണം അധികരിച്ചുകൊണ്ടിരിക്കും. രാജ്യത്തെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മെറ്റീരിയല്‍ റീസൈക്‌ളിങ് മാറുന്നതിലേക്കാണ് നയം വിരല്‍ ചൂണ്ടുന്നത്.

'പൊളിനയം' അഥവാ 'വെഹിക്കിള്‍ സ്‌ക്രാപ്പിങ് പോളിസി' പ്രകാരം വാണിജ്യ വാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് ആയുസ്സ്. ഈ കാലാവധി കഴിഞ്ഞാല്‍ വാഹനം പാടേ ഉപേക്ഷിക്കണമെന്ന് നിര്‍ബന്ധമില്ല. വാഹനങ്ങള്‍ 'ഫിറ്റ്നസ് സെന്ററി'ല്‍ എത്തിച്ച് ആരോഗ്യം പരിശോധിക്കാം. അതില്‍ പരാജയപ്പെട്ടാല്‍ പൊളിക്കാന്‍ കൊടുത്തേ മതിയാകൂ. ഇത്തരം 'ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്റര്‍ ആന്‍ഡ് സ്‌ക്രാപ്പിങ് സെന്റര്‍' (വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമതാ പരിശോധനാ കേന്ദ്രവും പൊളിക്കല്‍ കേന്ദ്രവും) എല്ലാ ജില്ലകളിലും ഒന്നെങ്കിലും വരും. പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് ഇത്തരത്തില്‍ 26 കേന്ദ്രങ്ങള്‍ നിര്‍ദേശിക്കപ്പെട്ടു കഴിഞ്ഞു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുറത്തുവിട്ട പട്ടികയില്‍ കേരളത്തിന്റെ ഈ കേന്ദ്രം കൊച്ചിയിലാണ്.

താരമാകുക ഇരുമ്പുരുക്ക്

വാഹനങ്ങളുടെ ബോഡിയും യന്ത്രവും ഉള്‍പ്പെടുന്ന ഇരുമ്പുരുക്കിനായിരിക്കും വലിയ ആവശ്യകതയുണ്ടാവുക. ലോകത്ത് ഏറ്റവും അധികം ശേഖരിക്കപ്പെടുന്നതും പുനരുപയോഗിക്കപ്പെടുന്നതുമായ വസ്തു ഇരുമ്പുരുക്കാണ്. എത്ര തവണ വേണമെങ്കിലും പുനരുപയോഗിക്കാവുന്ന ലോകത്തെ അപൂര്‍വം വസ്തുക്കളിലൊന്ന് എന്ന പ്രത്യേകതയും ഇരുമ്പുരുക്കിനുണ്ട്. 

ബി.ഐ.ആറിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ഏറ്റവും അധികം ഇരുമ്പുരുക്ക് ആക്രി ഇറക്കുമതി ചെയ്യുന്നതില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആകെയുള്ളതിന്റെ 11.4 ശതമാനവും ഇന്ത്യയാണ് ഇറക്കുമതി ചെയ്യുന്നത്. ഇരുമ്പടങ്ങിയ 67 ലക്ഷം ടണ്‍ ആക്രിവസ്തുക്കളാണ് 2018-19-ല്‍ ഇന്ത്യ ഇറക്കുമതി ചെയ്തത്. ലോകം കോവിഡിന്റെ പിടിയിലേക്കു വീണ 2019-20-ല്‍ ഇത് 46 ലക്ഷം ടണ്‍ ആയി കുറഞ്ഞു. വാഹനപൊളി നയം പ്രാവര്‍ത്തികമാകാന്‍ തുടങ്ങുമ്പോള്‍ ഇന്ത്യയുടെ ഇരുമ്പുരുക്ക് ഇറക്കുമതി കുറയ്ക്കാനാകും. ഇറക്കുമതി ചെലവിനത്തില്‍ വന്‍ ലാഭം കൊണ്ടുവരാന്‍ ഈ നയത്തിലൂടെ സാധിക്കും.

ഇരുമ്പയിരാണ് ഉരുക്ക് നിര്‍മാണത്തിനുള്ള പ്രധാന വസ്തു. അതു കഴിഞ്ഞാല്‍ ആക്രി ഇരുമ്പാണ് ഉരുക്കു നിര്‍മാണത്തിന് ഏറ്റവും അധികം ഉപയോഗിക്കുന്നത്. ഓരോ ടണ്‍ ഇരുമ്പുരുക്ക് പുനരുപയോഗിക്കുമ്പോഴും 1.1 ടണ്‍ ഇരുമ്പയിര് സംരക്ഷിക്കപ്പെടുന്നുവെന്നാണ് കണക്ക്. പ്രകൃതിവിഭവങ്ങളുടെ ചൂഷണം കുറയുന്നു എന്ന് സാരം.

ഹരിയാണയിലെ റോത്തക്കില്‍ കഴിഞ്ഞയാഴ്ച 'ടാറ്റാ സ്റ്റീല്‍' അവരുടെ ആദ്യ ഇരുമ്പുരുക്ക് റീസൈക്ലിങ് പ്ലാന്റ് തുടങ്ങിയത് ഇതിനോടു ചേര്‍ത്ത് വായിക്കേണ്ടതാണ്. ആധുനിക രീതിയില്‍ സംവിധാനം ചെയ്യപ്പെട്ട ഇന്ത്യയിലെ ആദ്യ പ്ലാന്റാണിത്. പ്രതിവര്‍ഷം അഞ്ചു ലക്ഷം ടണ്‍ ഇരുമ്പുരുക്ക് പുനരുപയോഗിക്കാന്‍ ഈ പ്ലാന്റിലൂടെ സാധിക്കും. രാജ്യത്തെ മറ്റു വ്യവസായ ഗ്രൂപ്പുകളും ഇതേ പാതയിലേക്ക് വന്നേക്കും.

ആക്രി നല്‍കും തൊഴില്‍

ആക്രി ബിസിനസിലെ ഇന്ത്യയിലെ വലിയ സംഘടനകളിലൊന്നാണ് 'മെറ്റീരിയല്‍ റീസൈക്ലിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യ'. ഇവരുടെ കണക്കു പ്രകാരം 25 ലക്ഷത്തോളം പേര്‍ നേരിട്ടും അല്ലാതെയും ആക്രി ബിസിനസുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ അസംഘടിതരായവരുടെ കണക്കുകൂടി ചേര്‍ക്കുമ്പോള്‍ ഇത് അമ്പതുലക്ഷത്തോളം വന്നേക്കും. വാഹനപൊളി നയം പ്രാവര്‍ത്തികമാകുന്നതോടെ ഒരു കോടിയിലേറെ പേര്‍ ജോലി ചെയ്യുന്ന മേഖലയായി ഇത് മാറും. 

രാജ്യത്തെ ഓരോ ജില്ലയിലും കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരമുള്ള 'ഓട്ടോമേറ്റഡ് ഫിറ്റ്നസ് ടെസ്റ്റ് സെന്റര്‍ ആന്‍ഡ് സ്‌ക്രാപ്പിങ് സെന്റര്‍' വരുമെന്നുള്ളതിനാല്‍ ഇവിടങ്ങളിലെല്ലാം തൊഴില്‍ സൃഷ്ടിക്കപ്പെടും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള കേന്ദ്രങ്ങളാകും ഇതെല്ലാമെന്നാണ് കരുതുന്നത്. ഇത്തരം കേന്ദ്രങ്ങളില്‍ ഒരു ടെസ്റ്റിന് സ്വകാര്യ വാഹനങ്ങളില്‍ നിന്ന് 500 രൂപ വരെ ഈടാക്കിയേക്കും. വാണിജ്യ വാഹനങ്ങളില്‍നിന്ന് രണ്ടായിരം രൂപ വരെയും. കേന്ദ്രത്തിന്റെ നടത്തിപ്പിനു വരുന്ന ചെലവ് കണക്കാക്കി ഒരേ നിരക്കായിരിക്കും രാജ്യത്ത് എല്ലായിടത്തും നടപ്പാക്കുകയെന്നാണ് കരുതുന്നത്.

വാഹന വിപണിക്ക് കുതിപ്പേകും

പഴയ വാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയ വാഹനങ്ങളിലേക്ക് ഉപഭോക്താവ് തിരിയുമെന്നതിനാല്‍ രാജ്യത്തെ വാഹന വിപണിക്ക് കുതിപ്പേകാന്‍ പുതിയ നയത്തിന് സാധിക്കും. സാമ്പത്തിക മേഖലയ്ക്ക് ഊര്‍ജമേകാന്‍ രാജ്യങ്ങള്‍ ഇത്തരം നയങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. 2008-ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം അമേരിക്ക 'കാര്‍ അലവന്‍സ് റിബേറ്റ് സിസ്റ്റം' അഥവാ 'ക്യാഷ് ഫോര്‍ ക്ലങ്കേഴ്സ്' കൊണ്ടുവന്നു. ഇതിലൂടെ ഏഴു ലക്ഷം പഴയ കാറുകളാണ് ആക്രിയിലേക്ക് പോയത്. പകരം പുതിയ കാറുകള്‍ നിരത്തിലിറങ്ങി. സമാനമായ സ്ഥിതി ഇന്ത്യയിലുമുണ്ടാകും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നയമെന്നതിനാല്‍ ഇലക്ട്രിക് വാഹന വിപണിക്കായിരിക്കും കൂടുതല്‍ നേട്ടം.

Content Highlights: Vehicle Scrappage Policy, Business Development, Employment Opportunity