പഴയവാഹനങ്ങള്‍ ഒഴിവാക്കാനായി ബജറ്റില്‍ പ്രഖ്യാപിച്ച പൊളിനയത്തെക്കുറിച്ച് വ്യക്തതയായില്ല. നയം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും പൂര്‍ണമായും നടപ്പാക്കുകയെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞത്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ റോഡുകളില്‍നിന്ന് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്.
സ്വകാര്യവാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് 20 വര്‍ഷത്തിനു ശേഷവും പൊതുവാഹനങ്ങള്‍ 15 വര്‍ഷത്തിലും നടത്തണമെന്നാണിതില്‍ പറയുന്നത്. അതിനുശേഷം ഉടമകള്‍ക്ക് വാഹനങ്ങള്‍ പൊളിക്കാനായി നല്‍കാം. ഇപ്പോള്‍ കേരളത്തില്‍ പതിനഞ്ചുവര്‍ഷമാണ് സ്വകാര്യവാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലാവധി. പതിനഞ്ചുവര്‍ഷത്തിനുശേഷം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കി രജിസ്‌ട്രേഷന്‍ നീട്ടി നല്‍കും.
എന്നാല്‍, പൊതുവാഹനങ്ങള്‍ക്ക് വര്‍ഷംതോറും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. ഇപ്പോള്‍ റോഡിലുള്ള വാഹനങ്ങള്‍ക്കാണോ അതോ പുതിയ വാഹനങ്ങള്‍ക്കാണോ നയം ബാധകമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. പുതിയ രജിസ്‌ട്രേഷനില്‍ ഇറക്കുന്ന വാഹന ഉടമകള്‍ക്ക് പുതിയ നയം ഗുണമായിരിക്കും. കാരണം 20 വര്‍ഷം വരെ രജിസ്‌ട്രേഷന്‍ കാലാവധിയുണ്ടാകും.
10000 കോടിയുടെ നിക്ഷേപം
പുതിയനയത്തിലൂടെ പഴയവാഹനങ്ങള്‍ പൊളിക്കുന്ന പുതിയൊരു വ്യവസായവും തൊഴിലവസരങ്ങളും തുറക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 10,000 കോടിയുടെ നിക്ഷേപവും 50,000 തൊഴിലവസരവും ഉണ്ടാവുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി പറഞ്ഞത്. ഏതാണ്ട് ഒരുകോടി വാഹനങ്ങള്‍ ഇതിന്റെ പരിധിയില്‍ വരുമെന്നാണ് കണക്ക്.
20 വര്‍ഷത്തിനുമുകളില്‍ 51 ലക്ഷവും പതിനഞ്ചുവര്‍ഷത്തിനുള്ള മുകളിലുള്ള 34 ലക്ഷം വാഹനങ്ങളും ഇന്ത്യയിലുണ്ടെന്നാണ് ഏകദേശകണക്ക്. ഇവയുണ്ടാക്കുന്ന മലിനീകരണം രൂക്ഷമാണ്. വാഹനങ്ങള്‍ പൊളിക്കുന്ന വ്യവസായത്തിന് അനുബന്ധവ്യവസായങ്ങള്‍ക്കും ഇത്തരത്തില്‍ ഗുണമുണ്ടാകും.
2019-ലാണ് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ പൊളിക്കുന്നതിനുള്ള നയം കൊണ്ടുവരാന്‍ നിര്‍ദേശിക്കപ്പെട്ടത്. വൈദ്യുത വാഹനങ്ങളിലേക്കുള്ള ചുവടുവെപ്പായിരുന്നു അത്. നയം പൂര്‍ണമായി നടപ്പായിക്കഴിഞ്ഞാല്‍ രാജ്യത്ത് വാഹനങ്ങളുടെ വിലകുറയുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇരുമ്പടക്കമുള്ള വാഹനഭാഗങ്ങള്‍ ഇവിടെത്തന്നെ പുനരുപയോഗിക്കാന്‍ കഴിയുന്നതിലൂടെയായിരിക്കും അത്. അതോടൊപ്പം ഇന്ത്യയിലെ വാഹനവില്‍പ്പന രംഗത്തും മുന്നേറ്റമുണ്ടാക്കും.
Content Highlights: Vehicle Scraping Policy; Over 51 Lakhs Vehicle Aged 20 Years And 34 Lakhs Vehicles 15 Year