ബുള്‍ ജെറ്റ് വാന്‍ലൈഫിന്റെ വാഹനം പിടികൂടിയതോടെ സമൂഹമാധ്യമങ്ങളില്‍ സേവ് മോഡിഫിക്കേഷന്‍ എന്ന മുറവിളി വീണ്ടും ഉയരുകയാണ്. ഒരു വാഹനത്തിന്റെ സ്റ്റെബിലിറ്റി നഷ്ടപ്പെടാതെയുള്ള ഏതൊരു മോഡിഫിക്കേഷനും അനുവദനീയമാണെന്ന് മുമ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് വരുത്തുന്നതിനുള്ള നടപടി ക്രമങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. മോഡിഫിക്കേഷന്റെ പേരില്‍ വാഹനത്തില്‍ വരുത്താന്‍ സാധിക്കുന്നതും അല്ലാത്തതുമായ മാറ്റങ്ങള്‍ പരിശോധിക്കാം. 

സുപ്രീം കോടതി ഉള്‍പ്പെടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളവ വാഹനത്തിന്റെ രൂപമാറ്റത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. കൂളിങ്ങ് സ്റ്റിക്കറുകള്‍, വിന്‍ഡോ കര്‍ട്ടണുകള്‍, ബുള്‍ബാറുകള്‍ അല്ലെങ്കില്‍ ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങിയവ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിന് വിലക്ക് നിലവിലുള്ളതാണ്. ഇത്തരത്തിലുള്ളവ വാഹനങ്ങളില്‍ ഉപയോഗിക്കുന്നവര്‍ നടപടിക്ക് വിധേയരാകേണ്ടതുണ്ട്.

വാഹനത്തിലെ പെയിന്റ്

വാഹനം വാങ്ങുമ്പോഴുള്ള നിറത്തിന് പകരം മറ്റൊന്ന് നല്‍കുന്നത് അനുവദനീയമാണ്. എന്നാല്‍, ഇത്തരത്തില്‍ നിറം മാറ്റം വരുത്തുന്ന വാഹനം ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കുകയും നിറം മാറ്റിയ വാഹനം ആര്‍.ടി.ഒഫീസില്‍ ഹാജരാക്കി ആര്‍.സിയില്‍ ഇത് രേഖപ്പെടുത്തുകയും വേണം. അതേസമയം, ബോണറ്റ്, വാഹനത്തിന്റെ റൂഫ് എന്നിവയില്‍ വേറെ നിറം നല്‍കുന്നതില്‍ വിലക്കുകളില്ല.

അലോയി വീലുകള്‍

അടുത്തിടെ ഏറ്റവുമധികം പ്രചാരണം നടന്നത് അലോയി വീലുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നത് സംബന്ധിച്ചാണ്. എന്നാല്‍, ഇത് തികച്ചും വസ്തുതാ വിരുദ്ധമാണ്. അലോയി വീലുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കാം. അതേസമയം, പുറത്തേക്ക് തള്ളി നില്‍ക്കുന്ന വൈഡ് റിമ്മുകള്‍ക്കും അത്തരത്തിലുള്ള ടയറുകളും ഉപയോഗിക്കുന്നതിനാണ് വിലക്കുള്ളത്. കമ്പനി നിര്‍ദേശിക്കുന്ന അലോയി വീലുകള്‍ നിയമ വിധേയമാണ്.

കൂളിങ്ങുകളും കര്‍ട്ടണും

വാഹനത്തിനുള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകള്‍, കര്‍ട്ടണുകള്‍ എന്നിവ നിയമ വിരുദ്ധമാണ്. ഇത് ഉപയോഗിക്കുന്നത് സുപ്രീം കോടതി തന്നെ വിലക്കിയിട്ടുള്ളതാണ്. അപകടം നടന്നാല്‍ ഗ്ലാസുകള്‍ പൊട്ടാതെ അപകട തീവ്രത ഉയരുന്നതാണ് കൂളിങ്ങ് ഫിലിമുകള്‍ തടയാനുള്ള പ്രധാന കാരണം. അതേസമയം, വാഹന നിര്‍മാതാക്കള്‍ ഉപയോഗിക്കുന്ന ടിന്റഡ് ഗ്ലാസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. 

ലൈറ്റുകള്‍

വാഹനത്തില്‍ കമ്പനി നല്‍കുന്ന ഫോഗ്‌ലാമ്പ്, മറ്റ് ലൈറ്റുകള്‍ എന്നിവയ്ക്ക് പുറമെ വാഹനം മോടിപിടിപ്പിക്കുന്നതിനായി അധികം ലൈറ്റുകള്‍ നല്‍കുന്നത് നിയമവിരുദ്ധമാണ്. പല വാഹനങ്ങളുടെയും മുകളിലും മറ്റ് ഭാഗങ്ങളിലും ലൈറ്റുകൾ നല്‍കുന്നതും മറ്റ് എല്‍.ഇ.ഡി. ലൈറ്റുകള്‍ നല്‍കുന്നതും നിയമവിരുദ്ധമാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇത് മറ്റ് വാഹനങ്ങള്‍ക്കും ബുദ്ധമുട്ട് സൃഷ്ടിക്കും.

എക്‌സ്‌ഹോസ്റ്റ്/ സൈലൻസര്‍

വാഹനങ്ങളിലെ സൈലൻസര്‍ മാറ്റി കൂടുതല്‍ ശബ്ദമുള്ളവ നല്‍കുന്നത് ഇപ്പോള്‍ കൂടി വരികയാണ്. പ്രധാനമായും ഇരുചക്ര വാഹനങ്ങളിലാണ് ഈ പ്രവണത കാണുന്നത്. എന്നാല്‍, ഇത് വാഹനത്തിന്റെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നതാണ്. ഇതില്‍ രൂപമാറ്റം വരുത്താന്‍ പാടില്ല. അതേസമയം, നിശ്ചിത ഡെസിബല്‍ ശബ്ദത്തില്‍ താഴെയുള്ള ഓട്ടോമോട്ടീവ് സ്റ്റാന്റേഡുകള്‍ പാലിച്ചുള്ളവയും ഉപയോഗിക്കാന്‍ കഴിയും. 

ബുള്‍ബാര്‍/ ക്രാഷ്ഗാര്‍ഡ്

വാഹനങ്ങളുടെ മുന്നിലും പിന്നിലും നല്‍കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്ക് സുപ്രീം കോടതി തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വാഹന സുരക്ഷയെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ക്രാഷ്ഗാര്‍ഡ് ഉള്ള വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ എയര്‍ബാഗ് പ്രവര്‍ത്തിക്കില്ലെന്നാണ് വിലയിരുത്തലുകള്‍. ഇതിനുപുറമെ, ഇത്തരം പാര്‍ട്‌സുകള്‍ നിരത്തുകളിലെ കാല്‍നട യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുന്നവയാണ്. 

നമ്പര്‍പ്ലേറ്റ്

ഒരു വാഹനത്തിന്റെ ഐഡന്റിറ്റിയാണ് അതിലെ നമ്പര്‍പ്ലേറ്റ്. ഇതില്‍ അലങ്കാര പണികള്‍ വരുത്തുന്നതും മറ്റും നിയമലംഘനമാണ്. വാഹനത്തിലെ നമ്പര്‍ പ്ലേറ്റുകള്‍ക്ക് കൃത്യമായ അളവുകളും മറ്റും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനുപുറമെ, 2019-മുതല്‍ പുതുതായി ഇറങ്ങുന്ന വാഹനങ്ങളില്‍ അതിസുരക്ഷ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് വാഹന ഡീലര്‍മാരാണ് വാഹനത്തില്‍ ഘടിപ്പിക്കേണ്ടത്.

Content Highlights: Vehicle Modification, Legal Modifications In Vehicles