രിഷ്‌കരിച്ച വാഹന ഇന്‍ഷുറന്‍സ് വ്യവസ്ഥകളെക്കുറിച്ച് ജനങ്ങള്‍ക്കുള്ള ആശയക്കുഴപ്പം അധികൃതര്‍ക്കു തലവേദനയാകുന്നു. 2018 സെപ്റ്റംബര്‍ ഒന്നിനാണ് വാഹന ഇന്‍ഷുറന്‍സ് രീതിയില്‍ ഇന്‍ഷുറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആര്‍.ഡി.എ.ഐ.) മാറ്റംവരുത്തിയത്. 

ഇതനുസിച്ച് സ്വകാര്യ കാറുകള്‍ക്ക് മൂന്നുവര്‍ഷത്തെയും ഇരുചക്രവാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തെയും തേര്‍ഡ് പാര്‍ട്ടി പ്രിമിയം മുന്‍കൂര്‍ അടയ്ക്കണം. എന്നാല്‍, വാഹനം ഓടിക്കുന്നയാള്‍ അപകടത്തില്‍ മരിക്കുകയോ അപകടങ്ങളില്‍ വണ്ടിക്കു കേടുപാടുകളുണ്ടാവുകയോ ചെയ്താലുള്ള നഷ്ടം നികത്താനുള്ള പോളിസി വര്‍ഷംതോറും പുതുക്കണം. എന്നാല്‍, നല്ലൊരുവിഭാഗം ഉടമകളും വര്‍ഷംതോറും പുതുക്കേണ്ട പോളിസി പുതുക്കാറില്ല. ഇങ്ങനെയുള്ളവര്‍ക്കുവണ്ടി അപകടത്തില്‍പ്പെട്ടാല്‍ ഒരു ആനുകൂല്യവും ലഭിക്കില്ല

പോളിസികള്‍ മൂന്നുവിധം

വാഹനങ്ങള്‍ക്ക് മൂന്നുവിധം പോളിസികളാണുള്ളത്. വാഹനം നിമിത്തം മൂന്നാമതൊരാളുടെ ജീവനും സ്വത്തിനുമുണ്ടാകുന്ന നഷ്ടംനികത്തുന്ന തേര്‍ഡ് പാര്‍ട്ടി പോളിസി (ടി.പി.), വാഹന ഉടമയായ ഡ്രൈവര്‍ക്ക് നിര്‍ബന്ധമായുള്ള അപകടമരണ ഇന്‍ഷുറന്‍സ് പോളിസി (സി.പി.എ.), വാഹനത്തിനുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിനുള്ള പോളിസി (ഓണ്‍ ഡാമേജ്). 

ഇരുചക്രവാഹനങ്ങളും സ്വകാര്യ കാറുകളും രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മൂന്നു പോളിസികള്‍ക്കുള്ള പ്രിമിയം ഒന്നിച്ചടയ്ക്കണം. ഇതനുസരിച്ച് ഒറ്റ പോളിസിയാണു കിട്ടുന്നത്. പിന്നീട്, ഓണ്‍ ഡാമേജും സി.പി.എ.യും വര്‍ഷാവര്‍ഷം പുതുക്കണം. കാറിനുള്ള തേര്‍ഡ് പാര്‍ട്ടി പ്രിമിയം മൂന്നുവര്‍ഷം കൂടുമ്പോഴും ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷമാകുമ്പോഴും പുതുക്കിയാല്‍ മതി.

ശ്രദ്ധിക്കേണ്ടത്

കൈവശമുള്ള വാഹന ഇന്‍ഷുറന്‍സ് പോളിസിയില്‍ വിവിധവിഭാഗങ്ങളിലെ ഇന്‍ഷുറന്‍സുകളുടെ കാലാവധി പരിശോധിക്കണം. തേര്‍ഡ് പാര്‍ട്ടി, ഓണ്‍ ഡാമേജ്, സി.പി.എ. എന്നിവയുടെ കാലാവധി പോളിസിയുടെ ഒന്നാംപുറത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കാലാവധികഴിഞ്ഞാല്‍ ഉടന്‍ പുതുക്കണം. ഒരാള്‍ക്ക് ഒന്നിലധികം വാഹനമുണ്ടെങ്കില്‍ ഏതെങ്കിലും ഒന്നിന് സി.പി.എ. എടുത്താല്‍ മതിയാകും. 15 ലക്ഷം രൂപയുടെ അപകട മരണ ഇന്‍ഷുറന്‍സ് സംരക്ഷണമാണ് സി.പി.എ. വഴി ലഭിക്കുന്നത്

വാഹനം നിരത്തിലിറക്കാന്‍ തേര്‍ഡ് പാര്‍ട്ടി പ്രിമിയം മതി

രാജ്യത്ത് വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ തേര്‍ഡ് പാര്‍ട്ടി പോളിസിയും വണ്ടിയുടെ ആര്‍.സി. ഉടമയ്ക്കുള്ള നിര്‍ബന്ധിത ഇന്‍ഷുറന്‍സും മാത്രം മതിയാകും. വണ്ടിക്കുണ്ടാകുന്ന നഷ്ടം നികത്താനുള്ള പോളിസി ഉടമയ്ക്ക് താത്പര്യമുണ്ടെങ്കില്‍മാത്രം എടുക്കാം.

Content Highlights: Vehicle Long Term Insurance Policy, Auto Insurance