ഗതാഗത നിയമലംഘനങ്ങള്‍ കുറച്ച് സുരക്ഷിതമായ വാഹനയാത്ര ഒരുക്കുന്നതിന്റെ ഭാഗമായി നിയമലംഘനം നടത്താത്തവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനൊരുങ്ങി ട്രാഫിക് പോലീസ്. ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് തുകയില്‍ ഇളവു വരുത്താനാണ് നീക്കം. ഗതാഗത നിയമങ്ങള്‍ തെറ്റിക്കാത്തവര്‍ക്ക് ഇന്‍ഷുറന്‍സ് തുകയില്‍ പ്രത്യേക ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് സര്‍ക്കാരിന് കത്തെഴുതി.
ഇതോടൊപ്പം തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരില്‍നിന്ന് ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ അധിക തുക ഈടാക്കണമെന്നും ട്രാഫിക് പോലീസ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ബെംഗളൂരു ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഗതാഗതനിയമ ലംഘനങ്ങള്‍ കൂടിവരുന്നത് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്‍ഷുറന്‍സ് തുകയില്‍ ഇളവ് ലഭിക്കുമെന്നതിനാല്‍ ആളുകള്‍ നിയമലംഘനം നടത്താതെ ശ്രദ്ധിക്കുമെന്നാണ് ട്രാഫിക് പോലീസിന്റെ വിലയിരുത്തല്‍.
ട്രാഫിക് പോലീസിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ഗതാഗത നിയമലംഘനങ്ങള്‍ തടയാനുള്ള പോലീസിന്റെ ശ്രമങ്ങള്‍ എളുപ്പമാകുമെന്നാണ് പ്രതീക്ഷ. ഗതാഗത നിയമലംഘനങ്ങള്‍ നടത്തുന്നവരില്‍ അധികവും ഇരുചക്രവാഹന യാത്രക്കാരാണ്. ഹെല്‍മറ്റില്ലാതെ യാത്ര, സിഗ്‌നല്‍ തെറ്റിക്കല്‍ തുടങ്ങിയ ലംഘനങ്ങളാണ് ഇരുചക്രവാഹനയാത്രക്കാര്‍ കൂടുതലായി ചെയ്തുവരുന്നത്.
അടുത്തിടെ ബെംഗളൂരുവില്‍ ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടയ്ക്കാതെ കുടിശ്ശിക വരുത്തിയവരെ പിടികൂടാന്‍ ട്രാഫിക് പോലീസ് വാഹനപരിശോധന ശക്തമാക്കിയിരുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി ട്രാഫിക് ജങ്ഷനുകളിലെ ക്യാമറ, ഫീല്‍ഡ് ട്രാഫിക് വയലേഷന്‍ റിപ്പോര്‍ട്ട് (എഫ്.ടി.വി.ആര്‍.) തുടങ്ങിയ വിവിധ രീതികളിലൂടെ നിമയലംഘനങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ മൂന്നുവര്‍ഷത്തിനിടെ 95 ലക്ഷം പേരില്‍ നിന്നായി 390 കോടി രൂപയാണ് പിഴയായി ലഭിക്കാനുള്ളത്. പിഴ അടയ്ക്കാനുള്ള നോട്ടീസ് അയച്ചാലും പ്രതികരണമുണ്ടാകാറില്ല. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് അടയ്ക്കാനുള്ള പിഴത്തുക സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് ലഭിക്കുന്നത്. ഇതില്‍ ക്യാമറയില്‍ കുടുങ്ങിയ കേസുകളും പോലീസുകാര്‍ നേരിട്ട് പിഴ ചുമത്തിയ കേസുകളും ഉള്‍പ്പെടും. ട്രാഫിക് പോലീസിന്റെ പുതിയ പദ്ധതി നടപ്പായാല്‍ ഗതാഗത നിയമലംഘനങ്ങള്‍ കുത്തനെ കുറഞ്ഞേക്കും.
Content Highlights: Vehicle Insurance Premium; Traffic Rule Violations, Traffic Rules


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..