റോഡരികിലും പോലീസ് സ്റ്റേഷനടുത്തുമൊക്കെ തുരുമ്പുപിടിച്ചു കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാനുള്ള പദ്ധതിക്ക് അന്തിമരൂപം നല്‍കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ട് എട്ടു മാസം കഴിഞ്ഞു. 

അപകടഭീഷണിയും ഗതാഗതക്കുരുക്കും സൃഷ്ടിച്ച് ഈ വാഹനങ്ങള്‍ ഇപ്പോഴും റോഡരികില്‍ത്തന്നെ കിടക്കുന്നു. പല കേസുകളിലായി പോലീസ് പിടികൂടി, സ്റ്റേഷനില്‍ കൊണ്ടിട്ട വാഹനങ്ങള്‍ പോലും യഥാസമയം നടപടികള്‍ പൂര്‍ത്തിയാക്കി അവിടെ നിന്നു മാറ്റാന്‍ കഴിയുന്നില്ല.

അപകടത്തില്‍പ്പെട്ട് തിരികെ കൊണ്ടുപോകാന്‍ സാധിക്കാതെ ഉടമകള്‍ ഉപേക്ഷിച്ചതും പഴക്കം ചെന്നതുകൊണ്ട് ഉപേക്ഷിച്ചു പോയതുമായ വാഹനങ്ങള്‍ റോഡരികിലുണ്ട്. ഇതിനു പുറമെയാണ് പോലീസ് പിടിച്ചുകൊണ്ടുവരുന്നവ. 

ലക്ഷക്കണക്കിനു രൂപയുടെ മുതല്‍ തെരുവില്‍ക്കിടന്നു നശിക്കുന്നു എന്നതു മാത്രമല്ല ഇതുകൊണ്ടുള്ള പ്രശ്‌നം. റോഡിനെ അലങ്കോലമാക്കി, നഗരത്തിന്റെ വൃത്തികേടിന് മാറ്റുകൂട്ടി ഇവയെ അങ്ങനെ സൂക്ഷിച്ചിരിക്കുകയാണ്.

Vehicles

അനുസരിക്കാത്ത ഉത്തരവുകള്‍

പിടികൂടിയ വാഹനങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ എസ്.പിക്കും ഡി.വൈ.എസ്.പി.ക്കും അധികാരം നല്‍കി, 2009 ആദ്യം ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയതാണ്. 2012-ലും 13-ലും ഇതുപോലുള്ള ഉത്തരവുകളിറങ്ങി. പക്ഷേ, തുരുമ്പെടുത്ത വാഹനങ്ങള്‍ ഇപ്പോഴും റോഡില്‍ത്തന്നെ. ഉത്തരവുകള്‍ അനുസരിക്കുന്നില്ല. 

നഗരത്തിലെവിടെയും വഴിയരികില്‍ ഉപേക്ഷിച്ച, ഉപയോഗശൂന്യമായ വാഹനങ്ങളുടെ അസ്ഥികൂടങ്ങള്‍ കാണാം. തുരുമ്പിച്ചതും തകര്‍ന്നതുമായ ഈ വാഹനങ്ങള്‍ മാലിന്യങ്ങള്‍ക്കൊപ്പം റോഡരികില്‍ക്കിടന്നു മണ്ണോടു ചേരുന്നു. 

ഉടമസ്ഥരോ അധികൃതരോ തിരിഞ്ഞു നോക്കുന്നില്ല. പലയിടത്തും ഇത്തരം വാഹനങ്ങളുടെ മുകളില്‍ കാടുകയറി. പാലാരിവട്ടം ബൈപ്പാസിനു സമീപം, വൈറ്റില, കതൃക്കടവ്, കടവന്ത്ര പോലീസ് സ്റ്റേഷന്‍.... ഇങ്ങനെ പോകുന്ന ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുടെ ശവപ്പറമ്പുകള്‍. ബൈക്കും കാറും ഓട്ടോയും ലോറിയും ഒക്കെ ഇക്കൂട്ടത്തിലുണ്ട്.

Seized Vehicles

അപകടത്തില്‍പ്പെട്ട വണ്ടികളും

റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്ന വാഹനങ്ങളില്‍ പലതും അപകടങ്ങളില്‍പ്പെട്ടവയാണ്. അപകടത്തില്‍പ്പെട്ട് പുനരുപയോഗിക്കാന്‍ കഴിയാത്ത വാഹനങ്ങളെ പിന്നീടാരും തിരഞ്ഞുനോക്കില്ല. പ്രളയം ബാധിച്ച പ്രദേശങ്ങളില്‍ പലയിടങ്ങളിലും ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളുണ്ട്. 

പ്രളയത്തില്‍ പൂര്‍ണമായി കേടുവന്ന വാഹനങ്ങള്‍ ഉപയോഗ ശൂന്യമായിപ്പോയതും ഉപേക്ഷിക്കപ്പെടുന്നതിന് കാരണമായി. ഇന്‍ഷുറന്‍സ് ലഭിക്കാതെ വന്ന വാഹനങ്ങള്‍ പലതും ഉടമകള്‍ ഉപേക്ഷിച്ചു. ഇവയുടെ ഉപയോഗപ്രദമായ ഭാഗങ്ങള്‍ മോഷണം പോയിട്ടുണ്ട്. ബാക്കി വന്ന ഭാഗങ്ങള്‍ വഴിയരികില്‍ കിടന്ന് നശിക്കുകയാണ്.

നീലേശ്വരം പോലീസ് സ്റ്റേഷനില്‍ തൊണ്ടിവാഹനങ്ങള്‍ നിറഞ്ഞു

പോലീസ് സ്റ്റേഷനിലും

പോലീസ് സ്റ്റേഷനിലും വാഹനങ്ങളുടെ ശവപ്പറമ്പ് പുതിയ കാഴ്ചയല്ല. നിയമപ്രശ്‌നങ്ങളില്‍പ്പെടുന്ന വാഹനങ്ങള്‍ വേഗത്തില്‍ വിട്ടു നല്‍കാന്‍ പോലീസ് ഇപ്പോള്‍ ശ്രമിക്കാറുണ്ട്. എങ്കിലും പഴയ വാഹനങ്ങളുടെ കാര്യത്തില്‍ വലിയ മാറ്റമില്ല. അപകടസംബന്ധമായ കേസുകളാണെങ്കില്‍ വിധി പൂര്‍ണമായാല്‍ കോടതി വഴി വാഹനം ഉടമയ്ക്ക് ലഭിക്കും. 

എന്നാല്‍ ചില കേസുകളില്‍ വാഹനങ്ങള്‍ തിരിച്ചെടുക്കാന്‍ ഉടമകള്‍ വരാറില്ല. പഴക്കം ചെന്ന വാഹനങ്ങള്‍ നിശ്ചിത കാലയളവിനുള്ളില്‍ ലേലം ചെയ്യണമെന്നാണ്. എന്നാല്‍ പലപ്പോഴും അത് നടക്കാറില്ല. ലഹരി വസ്തുക്കളുടെ കടത്ത്, മണല്‍ക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട വാഹനങ്ങളാണ് പോലീസ് പ്രധാനമായും പിടിച്ചിടുന്നത്.

Content Highlights: Vehicle Dumping In Road Side and Public Places