ചെറുതും വലുതുമായി അഞ്ഞൂറോളം വാഹനങ്ങളാണ് ചെത്തുകടവിന് സമീപത്തെ രണ്ടേക്കര്‍ വരുന്ന ഡമ്പിങ് യാര്‍ഡിലുള്ളത്. ജില്ലയില്‍ അപകടങ്ങളിലും കേസുകളിലും പെടുന്ന വാഹനങ്ങളെല്ലാം ഈ കാടുപിടിച്ച മൈതാനത്ത് കൊണ്ടുതള്ളുകയാണ്. നിത്യേന ഇങ്ങോട്ടെത്തുന്ന വാഹനങ്ങള്‍ മുഴുവന്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്തതിനാല്‍ റോഡിലും കൂട്ടിയിടുന്നുണ്ട്. ഇത് പലപ്പോഴും അകപകടങ്ങള്‍ക്കിടയാവുന്നുണ്ട്.

ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിടുന്ന വാഹനങ്ങള്‍ പ്രദേശവാസികള്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഗ്രൗണ്ടിനുചുറ്റും പാറമ്മല്‍ ഭാഗത്ത് 50 വീടുകളുണ്ട്. ഉയര്‍ന്നസ്ഥലത്താണ് യാര്‍ഡുള്ളത്. വര്‍ഷങ്ങള്‍ പഴകിയ വാഹനങ്ങളുടെ തുരുമ്പും ഓയിലും ഗ്രീസും സമീപവീടുകളിലെ കിണറ്റിലേക്ക് ഒലിച്ചിറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് തലേച്ചമണ്ണില്‍ പ്രബില്‍കുമാര്‍ പറയുന്നു. യാര്‍ഡ് കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇഴജീവികളുടെ ശല്യവും കൂടുതലാണ്.

കാലപ്പഴക്കംകൊണ്ട് ഇവിടെ കൂട്ടിയിട്ട പല വാഹനങ്ങളും അസ്ഥികൂടമായിട്ടുണ്ട്. കേസുകഴിയുന്ന മുറയ്ക്കാണ് ഇവ നീക്കംചെയ്യാറ്. എന്നാല്‍ ഇതിനു സമയമെടുക്കുന്നതിനാല്‍ മിക്കവാഹനങ്ങളും ഇവിടെകിടന്ന് നശിക്കുകയാണ്.

Vehicle Yard
വാഹനങ്ങള്‍ കൂട്ടിയിട്ട യാര്‍ഡ് കാടുമൂടിയനിലയില്‍.

പ്രദേശവാസികളോട് കാണിക്കുന്നത് ക്രൂരത

വാഹനമാലിന്യങ്ങള്‍ കൂട്ടിയിടുന്നത് പാറമ്മല്‍ഭാഗത്ത് താമസിക്കുന്നവരോട് കാണിക്കുന്ന ക്രൂരതയാണെന്ന് തീരം റെസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറി ജയചന്ദ്രന്‍ പറയുന്നു. കഴിഞ്ഞ ആഴ്ച യാര്‍ഡിലുണ്ടായ തീപ്പിടുത്തത്തില്‍നിന്ന് സമീപ വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണ്. 

യാതൊരു സുരക്ഷയും ഇവിടെയില്ല. ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യസംസ്‌കരണ പ്ലാന്റും ഇവിടെ വരുന്നുണ്ട്. കാടുമൂടിയ യാര്‍ഡ് മദ്യപാനികളുടെയും കേന്ദ്രമായി മാറുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ആളുകള്‍ മാലിന്യം തള്ളുന്നുമുണ്ട്. 

എട്ടുവര്‍ഷംമുമ്പേ വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റാന്‍ ആവശ്യപ്പെട്ടതാണ്. ജനകീയപ്രക്ഷോക്ഷങ്ങളും നടത്തി. അതൊന്നും ഫലംകണ്ടില്ല. സര്‍ക്കാരിന്റെ കണ്ണായസ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

Old Bikes
യാര്‍ഡില്‍ കൂട്ടിയിട്ട ബൈക്കുകള്‍.

വാഹനങ്ങള്‍ കൂട്ടിയിടുന്ന യാര്‍ഡുകളില്‍ തീപ്പിടിത്തം ഉണ്ടാവുമ്പോള്‍ പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാല്‍ ഫയര്‍ബ്രേക്കര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയതായി അഗ്‌നിശമനസേന വെള്ളിമാട്കുന്ന് സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ബാബുരാജ് പറഞ്ഞു. 

ആളപായവും നാശനഷ്ടവും ഉണ്ടാവാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കേസില്‍പ്പെട്ട വാഹനങ്ങള്‍ ഇത്തരം യാര്‍ഡുകളിലേക്ക് കൊണ്ടുവരുമ്പോള്‍ അവയുടെ ടാങ്കില്‍നിന്ന് ഇന്ധനവും ഓയിലും പൂര്‍ണമായും മാറ്റണം. 

യാര്‍ഡിനു ചുറ്റും മൂന്ന് മീറ്റര്‍ ചുറ്റളവില്‍ കാട് നീക്കിയാണ് സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാന്‍ ഫയര്‍ബ്രേക്കര്‍ നിര്‍മിക്കേണ്ടതെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlights: Vehicle Dumping In Public Place