പ്രതീകാത്മക ചിത്രം | Image Courtesy: Facebook|3M Car Care India
കൊറോണ നമ്മെ ചുറ്റിവരിയുകയാണ്. ബ്രേക്ക് ദ ചെയിനു വേണ്ടി പുതിയ ജീവിതക്രമങ്ങളിലേക്കു നമ്മള്‍ നിര്‍ബന്ധിതരായി. കൈകഴുകിയും അണുവിമുക്തമാക്കിയും മാസ്‌ക് ധരിച്ചുമെല്ലാം നമ്മള്‍ പോരാടുകയാണ്. ഇതോടൊപ്പം നമ്മുടെ സന്തത സഹചാരികളെക്കൂടി ഇതേ വഴിയിലേക്കു നയിക്കേണ്ടിയിരിക്കുന്നു. ലോക്ഡൗണിലും നമ്മുടെ വാഹനം അണുവിമുക്തമാക്കേണ്ടതു പ്രധാനമാണ്.
ഇപ്പോള്‍ പുറത്തിറങ്ങുന്നത് അഭിലഷണീയമല്ല. എങ്കിലും പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാല്‍ നിങ്ങളുടെ കാര്‍ വൃത്തിയാക്കുകയും സാനിറ്റൈസ് ചെയ്യുകയും അണുവിമുക്തമാക്കുകയും വേണം. വാഹനത്തിന്റെ അകത്തളത്തിനു കേടുവരുത്താത്ത അണുനശീകരണ ലായനി വേണം ഉപയോഗിക്കാന്‍. അണുവിമുക്തമാക്കാനുള്ള ചെറിയ യന്ത്രമുണ്ട്. അതു വിപണിയില്‍ ലഭിക്കും.
ഡാഷ്‌ബോര്‍ഡ് പോലുള്ള ഭാഗങ്ങളിലേക്ക് ഇതു നേരിട്ടടിക്കരുത്. മൈക്രോഫൈബര്‍ ടവലിലേക്കു സ്‌പ്രേ ചെയ്തശേഷം അതുപയോഗിച്ചു തുടയ്ക്കുക. വാക്വം ക്ലീനര്‍ ഉപയോഗിച്ച് സീറ്റിലെയും ഹെഡ് ലൈനറിലെയും പൊടി കളയുക. ഷാംപൂ ഉപയോഗിച്ചുള്ള വെറ്റ് വാക്വം ക്ലീനിങ്ങാണു കൂടുതല്‍ നല്ലത്.
ബ്ലീച്ച്, അസെറ്റോണ്‍, ക്ലോറിന്‍, അമോണിയ പോലുള്ള ഹാനികരമായ വസ്തുക്കള്‍ ഇല്ലാത്ത ഉത്പന്നങ്ങള്‍ വേണം തിരഞ്ഞെടുക്കാന്‍. തുകല്‍ ഭാഗങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ ആദ്യം ചെറിയൊരു സ്ഥലത്തു ഇതടിച്ചു നോക്കുക. നിറം മങ്ങുകയോ കറയുണ്ടാകുകയോ ചെയ്യുന്നില്ലെങ്കില്‍ മാത്രം മൊത്തത്തില്‍ ഉപയോഗിക്കുക. നിങ്ങള്‍ എവിടെയൊക്കെ തൊടുന്നുവോ അതൊക്കെ തുടച്ചു വൃത്തിയാക്കണം. കാര്‍ അണുനശീകരണം ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ കൈ സോപ്പ് ഉപയോഗിച്ചു വൃത്തിയായി കഴുകണം.
ഇവിടെയൊക്കെ വൃത്തിയാക്കണം
താക്കോല്‍, പുറത്തും അകത്തുമുള്ള ഡോര്‍ ഹാന്‍ഡില്‍, ലോക്ക്, അണ്‍ലോക്ക് ബട്ടണ്‍, ഇന്റീരിയര്‍ ഡോര്‍ റിലീസ്, സീറ്റ്‌ബെല്‍റ്റ്, സീറ്റ്‌ബെല്‍റ്റ് ബക്കിള്‍, റിലീസ് ബട്ടണ്‍, പുഷ് ടു സ്റ്റാര്‍ട്ട് ബട്ടണ്‍, ഇഗ്‌നീഷന്‍ ഏരിയ, റിയര്‍വ്യൂ മിറര്‍, ഓട്ടോമാറ്റിക് സൈഡ് മിറര്‍ ബട്ടണുകള്‍, ഹീറ്റിങ്, വെന്റിലേഷന്‍, എ.സി. ബട്ടണുകള്‍ , നോബുകള്‍, ഇന്‍ഫൊടെയ്ന്‍മെന്റ് ടച്ച് സ്‌ക്രീന്‍, ഗിയര്‍, പാര്‍ക്കിങ് ബ്രേക്ക് ലീവര്‍, സ്റ്റിയറിങ് വീലും അതിലുള്ള ബട്ടണുകളും, സിഗ്‌നല്‍, വൈപ്പര്‍ ലീവര്‍, ഹെഡ് ലൈറ്റ് നോബ്, സെന്റര്‍ കണ്‍സോള്‍, കപ്പ് ഹോള്‍ഡറുകള്‍, ടെയില്‍ഗേറ്റ്/ഹാച്ച് റിലീസ്, പവര്‍ ക്ലോസ് ബട്ടണ്‍, ഫ്യൂവല്‍ ക്യാപ്.
Content Highlights: Vehicle Cleaning, Covid-19 Lockdown, Break The Chain, Car Care
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..