പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഓട്ടത്തിനിടയില്‍ വാഹനങ്ങള്‍ക്ക് തീപ്പിടിച്ചുള്ള അപകടങ്ങള്‍ കൂടുന്നു. ഭൂരിഭാഗം തീപ്പിടിത്തവും വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് സംഭവിച്ചത്. പരിപാലനക്കുറവും വാഹന രൂപമാറ്റവും കൃത്യമല്ലാത്ത വയറിങ്ങുമാണ് തീപ്പിടിത്തത്തിന് പ്രധാന കാരണം. ഇന്ധനം, എന്‍ജിന്‍ ഓയില്‍ എന്നിവയുടെ ചോര്‍ച്ചയും സ്പാര്‍ക്കും തീ പിടിപ്പിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വെള്ളിയാഴ്ച രാത്രി 10-ന് കണ്ണൂര്‍ എടക്കാട് ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ബോണറ്റിന്റെ ഭാഗത്താണ് തീ പടര്‍ന്നത്. ലോറിയുടെ മുന്‍ഭാഗം മുഴുവന്‍ കത്തി. അഗ്‌നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഏപ്രില്‍ ഒന്നിന് കണ്ണൂരില്‍നിന്നും ഗോവയിലേക്ക് വിനോദയാത്രയ്ക്ക് പോയ ബസിന് തീ പിടിച്ചിരുന്നു. മാതമംഗലം ജേബീസ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസിനാണ് തീപിടിച്ചത്. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി. എന്‍ജിന്‍ ഭാഗത്തുനിന്നാണ് തീ വന്നത്. അധ്യാപകര്‍ ഉള്‍പ്പെടെ 37 പേര്‍ രക്ഷപ്പെട്ടു.
കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചത് നടുക്കിയ സംഭവമായിരുന്നു. ബസ് പൂര്‍ണമായും കത്തി. ഡ്രൈവറുടെ സീറ്റിന്റെ സൈഡില്‍നിന്നാണ് തീപ്പൊരി ഉയര്‍ന്നത്. ബസിലെ അന്‍പതോളം യാത്രക്കാര്‍ അന്ന് അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. മാര്‍ച്ച് മാസം തിരുവല്ല മണിപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കോഴിക്കോട് നടക്കാവില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. മാസങ്ങള്‍ മാത്രം പഴക്കമുള്ള പുതിയ കാറായിരുന്നു കത്തിയത്. തൃശ്ശൂര്‍ ചേറൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിയതും മാര്‍ച്ചിലായിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍
വൈദ്യുതിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവം നടന്നുകഴിഞ്ഞു. നിര്‍മാണത്തകരാറിനൊപ്പം ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് ഇവിടെയും വില്ലന്‍. വണ്ടിയിലെ ലിഥിയം-അയണ്‍ ബാറ്ററിക്ക് തീപിടിക്കാന്‍ ഇത് കാരണമാകും. കത്തുമ്പോള്‍ വാതകങ്ങളും പുറത്തേക്ക് വിടും. ബാറ്ററി ചാര്‍ജ് ചെയ്യുന്നതും അവ സൂക്ഷിക്കുന്ന സ്ഥലവും കൃത്യമായിരിക്കണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
രൂപമാറ്റം അപകടം
രൂപമാറ്റവും അധിക ഫിറ്റിങ്ങും വാഹനങ്ങളില്‍ തീപിടിക്കാനുള്ള പ്രധാന കാരണമാണ്. അനാവശ്യ ഹെഡ്ലൈറ്റിങ്ങടക്കം വെക്കുമ്പോള്‍ ഇലക്ട്രിക്കല്‍ വയറിങ് കൃത്യമാവാറില്ല. ഇപ്പോഴുള്ള ബി.എസ്-6 വാഹനങ്ങള്‍ രൂപമാറ്റം നടത്തുന്നത് ഏറ്റവും അപകടകരമാണ്. നിര്‍മാണക്കമ്പനിയുടെ അനുമതിയില്ലാതെ വയറിങ് ലൂപ്പ് നടത്തരുത്.
ജഗന്‍ലാല്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, കണ്ണൂര്‍
ഷോര്‍ട്ട് സര്‍ക്യൂട്ട് ശ്രദ്ധിക്കണം
ഇലക്ട്രിക്കല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് തന്നെയാണ് ഭൂരിഭാഗം വാഹനങ്ങളും തീപിടിക്കാനുള്ള പ്രധാന കാരണം. വാഹനം കൃത്യമായി പരിപാലിക്കുക (സര്‍വീസിങ്) എന്നത് മുഖ്യം. തീപിടിക്കുന്നുവെന്ന് കണ്ടാല്‍ വാഹനം ഓഫാക്കി വാഹനത്തില്‍നിന്നും ഇറങ്ങുക. ആദ്യഘട്ടത്തിലുള്ള തീ അണയ്ക്കാന്‍ പ്രാഥമിക അഗ്‌നിശമന ഉപകരണം (ഫയര്‍ എക്സ്റ്റിങ്ക്യുഷര്‍) ഉപയോഗിക്കാം. ചെറിയ സ്പാര്‍ക്കാണെങ്കില്‍ ബാറ്ററി കണക്ഷന്‍ വേര്‍പെടുത്തണം. ഉടന്‍ അഗ്‌നിരക്ഷാസേനയെ അറിയിക്കുക. സ്വയം മാറ്റല്‍ പ്രവൃത്തി ചെയ്യരുത്.
ടി.പി.ധനേഷ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, അഗ്‌നിരക്ഷാസേന, കണ്ണൂര്‍
കൃത്യമായ സര്‍വീസ് വേണം
കൃത്യമായ സര്‍വീസ് നടത്തിയാല്‍ അപകടം കുറയ്ക്കാം. അധിക ഫിറ്റിങ്ങ് നടത്തി ഓടുന്നത് വളരെ ശ്രദ്ധിക്കണം. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. വാഹനങ്ങളിലുള്ള ഫ്യൂസ് ഒരു മുന്നറിയിപ്പാണ്. അത് എരിഞ്ഞാല്‍ കാരണം എന്താണെന്ന് മനസ്സിലാക്കണം. സ്വയം മാറ്റി ഇടുംമുന്‍പ് മനസ്സില്‍ കരുതണം, ഏതോ ഭാഗം തകരാറിലാണെന്ന്.
ഹരികൃഷ്ണന്‍, ലയ്ലന്‍ഡ് സര്‍വീസ് ട്രെയിനര്‍
Content Highlights: Vehicle caught fire, Vehicle short circuit, Vehicle Modification, Lack of maintenance
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..