ഉപയോഗശൂന്യമായ ടയറുകള്‍ പാഴാക്കാതെ വീട്ടുപകരണങ്ങളും മനോഹരങ്ങളായ അലങ്കാരവസ്തുക്കളും നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് അയ്യപ്പന്‍കോവില്‍ ചേന്നാട്ട് സി.കെ.ഷിജു.
അനവധി ആട്ടുതൊട്ടില്‍, കസേരകള്‍, മുറികളെ മനോഹരങ്ങളാക്കുന്ന അലങ്കാരവസ്തുക്കള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയെല്ലാം ഇതിനോടകം ഈ യുവ കലാകാരന്റെ കരവിരുതില്‍ പൂര്‍ത്തിയായി. 15 വര്‍ഷക്കാലമായി മാട്ടുക്കട്ടയില്‍ ടയറ് കട നടത്തിവരുകയാണ്.
ലോക് ഡൗണിനെ തുടര്‍ന്ന് കട തുറക്കാന്‍ കഴിയാതെവന്നതോടെ വിരസത അകറ്റാനാണ് ഷിജു ഉപയോഗശൂന്യമായ ടയറുകളില്‍ ചിത്രപ്പണി തുടങ്ങിയത്.
ഷിജു നിര്‍മിച്ച വസ്തുക്കള്‍ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും കൗതുകമുണര്‍ത്തി. ഇവരുടെ പ്രോത്സാഹനംകൂടിയായതോടെ കൂടുതല്‍ സമയം ഇതിന് ചെലവഴിച്ചു. ടയര്‍ ഉപയോഗിച്ച് മീന്‍കുളം നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷിജു. കടയിലെ തിരക്കൊഴിയുന്ന സമയങ്ങളെല്ലാം ഇതിനുമാത്രമായി ചെലവഴിക്കുകയാണ് ഷിജു ഇപ്പോള്‍. കൂട്ടിന് ഭാര്യ മെര്‍ളിനും മക്കളായ ഷാരോണും ഷോണും ഒപ്പമുണ്ട്.