പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്ചേഞ്ചില്‍ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശി നിഥിന്‍ സുരേന്ദ്രന്‍ 2020 ഡിസംബര്‍ 31-നാണ് വൈദ്യുത കാര്‍ വാങ്ങിയത്. 32,000 കിലോമീറ്റര്‍ ഓടി. ഡീസലിന് മാസം 15,000 മുതല്‍ 20,000 രൂപവരെ ചെലവായിരുന്നു. ശരവേഗത്തില്‍ കുതിക്കുന്ന ഇന്ധനവിലയില്‍ ജനം നട്ടംതിരിയുമ്പോള്‍ അതൊന്നും ബാധിക്കാതെ നിഥിന്‍ ആഡംബരക്കാറുകളും ബൈക്കുമൊക്കെ ഓടിക്കുന്നു. സൗരോര്‍ജ പാനല്‍വഴിയാണ് വീട്ടില്‍ വൈദ്യുതി ഉത്പാദനം. വീട്ടാവശ്യത്തിന് എടുക്കുന്നതിനുപുറമേ കാറും ചാര്‍ജ് ചെയ്ത് ബാക്കി കെ.എസ്.ഇ.ബി.ക്ക് നല്‍കാനും കഴിയുന്നുണ്ട്.
ഡീസല്‍ കാര്‍ ആയിരുന്നപ്പോള്‍ ഇന്ധനച്ചെലവിനുപുറമേ സര്‍വീസ് ചാര്‍ജ്, അറ്റകുറ്റപ്പണി എന്നിവയടക്കം 32,000 കിലോമീറ്ററിന് ഏതാണ്ട് 2.75 ലക്ഷം രൂപയെങ്കിലും ചെലവാകുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. വൈദ്യുത കാറിന് ഇത്രയും കിലോമീറ്റര്‍ ഓടിയതിന് 4000 രൂപയും അറ്റകുറ്റപ്പണികള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 15,000 രൂപയില്‍ താഴയേ ചെലവുള്ളൂ.
വൈദ്യുത വാഹനത്തിലേക്ക് മാറിയാല്‍ വലിയ സാമ്പത്തികലാഭമാണെന്ന് കുസാറ്റ്, കുസെക് ഇലക്ട്രിക്കല്‍ വിഭാഗം മേധാവി സാജന്‍ ജോസഫ് പറഞ്ഞു. സാധാരണവഴികളില്‍ ഡീസല്‍ കാറിന് ഒരു കിലോമീറ്റര്‍ ഓടാന്‍ 10 രൂപ ചെലവാകുമ്പോള്‍ വൈദ്യുത കാറിന് ഒരുരൂപമാത്രമാണ് ചെലവ്. അത്യാവശ്യം മൈലേജ് ഉള്ള ബൈക്കിന് ഒരു കിലോമീറ്റര്‍ ഓടാന്‍ രണ്ടുരൂപ ചെലവാകും. വൈദ്യുത സ്‌കൂട്ടറിന് 25-30 പൈസ മാത്രമാണ് ചെലവ് -അദ്ദേഹം പറഞ്ഞു.
ആക്‌സിലറേറ്ററില്‍നിന്ന് കാലെടുക്കുമ്പോള്‍ ചലനോര്‍ജം ബാറ്ററിയിലേക്ക് ഊര്‍ജമായെത്തുന്ന 'എനര്‍ജി റീജനറേഷന്‍' സംവിധാനം വൈദ്യുതവാഹനങ്ങള്‍ക്കുണ്ട്. നഗരഗതാഗതത്തില്‍ എപ്പോഴും ഇങ്ങനെ സ്പീഡ് കുറയ്ക്കലും ബ്രേക്കിങ്ങും വേണ്ടിവരുന്നതിനാല്‍ ബാറ്ററിയിലേക്കു ചാര്‍ജ് തിരിച്ചെത്തുന്നതിന്റെ അളവ് കൂടും. കൂടുതല്‍ ദൂരം ഓടാനുള്ള ഊര്‍ജം ലഭിക്കുകയും ചെയ്യും.
താത്പര്യമേറുന്നു
രാജ്യത്ത് 2019-ല്‍ 675 വൈദ്യുത കാര്‍ മാത്രം വിറ്റപ്പോള്‍ 2020-ല്‍ 3117-ഉം 2021-ല്‍ 11,671-ഉം വൈദ്യുത കാറുകളുടെ വില്‍പ്പന നടന്നു. 2020-ല്‍ 27,300 വൈദ്യുത ബൈക്കുകള്‍ വിറ്റഴിച്ചിടത്ത് 2021-ല്‍ വില്‍പ്പന 1.5 ലക്ഷം കവിഞ്ഞു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍മാത്രം വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന 1632 കാറുകളും 1183 ഓട്ടോകളും 5875 ബൈക്കുകളും നിരത്തിലിറങ്ങി.
സ്‌കൂട്ടറിന് സര്‍ക്കാര്‍ സബ്സിഡി
സ്‌കൂട്ടറുകളില്‍ 56,000 രൂപമുതല്‍ ഒന്നേകാല്‍ ലക്ഷം രൂപവരെ വിലയുള്ള മോഡലുകള്‍ ലഭ്യമാണ്. വിലയുടെ 27.47 ശതമാനം സര്‍ക്കാര്‍ സബ്സിഡി ലഭിക്കും. ലോ സ്പീഡ് വാഹനങ്ങള്‍ 16 വയസ്സ് പൂര്‍ത്തിയായ സൈക്കിള്‍ ബാലന്‍സുള്ളവര്‍ക്ക് ഓടിക്കാം. രജിസ്ട്രേഷന്‍, ലൈസന്‍സ്, ഇന്‍ഷുറന്‍സ്, റോഡ് ടാക്‌സ്, ഹെല്‍മറ്റ് തുടങ്ങിയവ ഇതിനാവശ്യമില്ല.
60 കിലോമീറ്റര്‍വരെ വേഗതയില്‍ ഓടിക്കാവുന്ന ഹൈസ്പീഡ് മോഡലുകളുമുണ്ട്. ഇവയ്ക്ക് ലൈസന്‍സും രജിസ്ട്രേഷനും മറ്റ് വ്യവസ്ഥകളും ബാധകമാണ്. കേരളത്തിലിപ്പോള്‍ അഞ്ചു ശതമാനമാണ് ഇവയുടെ റോഡ് നികുതി. പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് വിലയുടെ നിശ്ചിത ശതമാനം എന്ന നിലയില്‍ പല സ്ലാബുകളിലായി 20 ശതമാനംവരെ നികുതിയുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..