കിഴക്കില്‍നിന്ന് ഉദിച്ചുയര്‍ന്ന് ഇന്ത്യയിലേക്ക് വെളിച്ചം പകരാനെത്തുകയാണ് പുതിയ താരം. കൊറിയയില്‍ നിന്നും ഇന്ത്യയില്‍ സ്ഥാനമുറപ്പിക്കാനെത്തുകയാണ് കിയ. കിയയെന്നാല്‍ കിഴക്കില്‍ നിന്നും ഉദിക്കുന്നവനെന്നര്‍ഥം. ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച സങ്കല്‍പ്പ വാഹനമായ എസ്.പി. കണ്‍സെപ്റ്റാണ് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ആഡംബരത്തിനും സൗകര്യത്തിനും കരുത്തിനും ഒട്ടും മായമേല്‍പ്പിക്കാത്ത കിയയുടെ ഇന്ത്യയിലേക്കുള്ള വരവ് മറ്റ് കമ്പനികള്‍ക്ക് ഭീഷണിയായിരിക്കുമെന്നുറപ്പ്.

Kia

ഇന്ത്യയെപ്പോലൊരു രാജ്യത്ത് വിലയിലാണ് കാര്യം എന്നതിനാല്‍ കിയ പ്രാധാന്യം നല്‍കുന്നതും അതിനായിരിക്കും. അടുത്ത വര്‍ഷം പകുതിയോടെ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്. എസ്.പി. കണ്‍സെപ്റ്റ് എന്തിനുംപോന്ന എസ്.യു.വി.യുടേതാണ്. കിയയുടെ ടൈഗര്‍ നോസ് ഗ്രില്ലാണ് എസ്.പി. കണ്‍സെപ്റ്റിനും നല്‍കിയിട്ടുള്ളത്. കരുത്തുറ്റ ബോഡിലൈനും അതിന് മാറ്റുകൂട്ടുന്നു. 1.5 ലിറ്റര്‍ ഡീസല്‍, 1.2 ലിറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകളുമായിട്ടായിരിക്കും ഇത് വരുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.

ആന്ധ്രാപ്രദേശിലെ അനന്ത്പുര്‍ പ്ലാന്റിലാണ് ഇവ നിര്‍മിക്കുന്നത്. പത്തു ലക്ഷം മുതല്‍ 15 ലക്ഷത്തിനുള്ളിലായിരിക്കും വിലയെന്നാണ് കരുതുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമുണ്ടാവും. ഇന്ത്യയില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഹ്യുണ്ടായിക്ക് അവരുടെ നാട്ടില്‍നിന്നുതന്നെയുള്ള എതിരാളിയാണ് കിയ. ഹ്യുണ്ടായ് ഇപ്പോള്‍ മേധാവിത്വം പുലര്‍ത്തുന്ന എല്ലാ സെഗ്മെന്റിലും കിയയും വരുന്നുണ്ട്. ഒരുവഴിക്ക് പറയുകയാണെങ്കില്‍ ഇരുവരും തമ്മില്‍ കൊടുക്കല്‍ വാങ്ങലുമുണ്ട്. കിയയുടെ ഇരുപത് ശതമാനം ഷെയറുകള്‍ ഇപ്പോള്‍ ഹ്യുണ്ടായിയുടെ കൈയിലാണ്. എങ്കിലും നാട്ടില്‍ തന്നെ ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടം തന്നെയാണ് നടത്തുന്നത്. ഇന്ത്യയിലേക്ക് വരാന്‍ പോകുന്ന കിയയുടെ മറ്റ് വാഹനങ്ങളെ ഒന്നു പരിചയപ്പെടാം.

കിയ പികാന്തോ

Picanto

ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ ടെന്നിന്റെ ഇരട്ടസഹോദരന്‍ എന്ന് ഒറ്റനോട്ടത്തില്‍ തോന്നും. ഒരുകാര്യത്തില്‍ ഇരുവരും ഒരേ ജനുസാണ്. ഇരുവരും നിര്‍മിച്ചിരിക്കുന്ന പ്ലാറ്റ്ഫോം ഒന്നുതന്നെ. മുന്നിലെ ഗ്രില്ലും ഹെഡ്ലാമ്പ് ക്ലസ്റ്ററുമൊഴിച്ച് ബാക്കിയൊക്കെ ഗ്രാന്‍ഡ് ഐ ടെന്നില്‍ നിന്ന് കടമെടുത്തതാണെന്നു കാണാം. അന്താരാഷ്ട്ര വിപണിയില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്തേകുന്നത്.

കിയ റിയോ

Rio

ഹ്യുണ്ടായ് ഐ ട്വന്റി, മാരുതി ബലേനോ, ഹോണ്ട ജാസ് എന്നിവയ്ക്കുള്ള കിയയുടെ മറുപടിയാണ് റിയോ. അന്താരാഷ്ട്ര വിപണിയില്‍ നാലുമീറ്ററില്‍ കൂടുതല്‍ നീളമുണ്ടെങ്കിലും ഇന്ത്യയിലെത്തുമ്പോള്‍ അത് നാലുമീറ്ററില്‍ കുറയാനാണ് സാധ്യത. കാരണം ഈ വിഭാഗത്തിലെ നികുതിയിളവു തന്നെ. 1.2 ലിറ്റര്‍ േെപട്രാള്‍ എന്‍ജിനാണിതിന് കരുത്തേകുന്നത്.

കിയ സെററ്റോ

Cerato

സെഡാനിലേക്ക് കിയയുടെ സംഭാവനയാണ് സെററ്റോ. പ്രധാന എതിരാളി ഹ്യുണ്ടായ് തന്നെ. ഹ്യുണ്ടായ് എലാന്‍ട്ര, സ്‌കോഡ ഒക്ടോവിയ, ഹോണ്ട സിവിക് എന്നിവയോട് ഏറ്റുമുട്ടാനാണ് സെററ്റോയുടെ വരവ്. അമേരിക്കന്‍ വിപണിയില്‍ സെററ്റോയ്ക്ക് ആരാധകരുണ്ട്. 157 എന്‍.എം. ടോര്‍ക്കില്‍ 130 എച്ച്.പി. കരുത്ത് നല്‍കുന്ന 1.6 ലിറ്റര്‍ എന്‍ജിനാണിതിന്. സിക്സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സിന്റെ പിന്തുണയുമുണ്ട്. വലുപ്പക്കാര്യത്തില്‍ എലാന്‍ട്രയേക്കാള്‍ നീളം കുറവാണ് സെററ്റോയ്ക്ക്.

കിയ സ്പോര്‍ട്ടേജ്

Sportage

ഇന്ത്യയില്‍ തഴച്ചുവളരുന്ന എസ്.യു.വി. മേഖലയിലേക്കാണ് കിയയുടെ സ്പോര്‍ട്ടേജ് വരുന്നത്. ഫോക്സ്വാഗണ്‍ ടിഗ്വാന്‍, ഹോണ്ട സി. ആര്‍.വി, ഹ്യുണ്ടായ് ട്യൂസോണ്‍, ജീപ്പ് കോംപാസ് എന്നിവയുടെ എതിരാളിയായിരിക്കും എല്ലാം തികഞ്ഞ സ്പോര്‍ട്ടേജ്. കരുത്തിലും കാഴ്ചയിലും എതിരാളികള്‍ക്കൊത്ത എതിരാളിയായിരിക്കും സ്പോര്‍ട്ടേജ്. 402 എന്‍.എം. ടോര്‍ക്കില്‍ 185 എച്ച്.പി. കരുത്ത് നല്‍കുന്ന 2.0 ലിറ്റര്‍ എന്‍ജിനായിരിക്കും സ്പോര്‍ട്ടേജിനെ മുന്നോട്ട് നയിക്കുക.

കിയ സൊറെന്റോ

Sorento

കഴിഞ്ഞവര്‍ഷത്തെ ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ഷോയില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി എത്തിയതാണ് സൊറെന്റോയുടെ പുതുരൂപം. ഇതായിരിക്കും ഇവിടെ എത്തുന്നത്. കിയ മുന്നോട്ടുവെയ്ക്കുന്ന പ്രധാന വാഹനം ഇതുതന്നെയായിരിക്കും. കാരണം ഇന്ത്യന്‍ റോഡുകളില്‍ ഇതിനെ കണ്ടവരുണ്ട്. ആന്ധ്രാപ്രദേശിലെ നിര്‍മാണ യൂണിറ്റിന് സമീപമാണ് സൊറെന്റോവിനെ കണ്ടത്. ഇന്ത്യയില്‍ ഹ്യുണ്ടായ് സാന്റാ ഫേ, സ്‌കോഡ കൊഡിയാക് എന്നിവയായിരിക്കും പ്രധാന എതിരാളികള്‍. അന്താരാഷ്ട്ര വിപണിയില്‍ േെപട്രാളില്‍ 2.2 ലിറ്ററും ഡീസലില്‍ 2.0 ലിറ്റര്‍ എന്‍ജിനുമാണ് വിപണിയിലുള്ളത്. സിക്സ് സ്പീഡ് മാന്വലും ഓട്ടോമാറ്റിക്കുമാണ് വിപണിയിലുള്ളത്. ഫ്രാങ്ക്ഫര്‍ട്ടില്‍ പുറത്തിറക്കിയ സൊറെന്റോയ്ക്ക് എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സായിരുന്നു. ഫോര്‍ വീല്‍ ഡ്രൈവും ഓപ്ഷണലായി നല്‍കുന്നുണ്ട്.

കിയ സ്റ്റോണിക്

Stonic

യൂറോപ്യന്‍ വിപണിയില്‍ കിയ കൊണ്ടുവന്ന ചെറിയ എസ്.യു.വി.യാണ് സ്റ്റോണിക്. നാലുമീറ്ററില്‍ കുറഞ്ഞ എസ്.യു.വി.യാണിത്. യൂറോപ്യന്‍ വിപണിയില്‍ ഇതിന് നാലുമീറ്ററിലും കൂടുതലുണ്ടെങ്കിലും ഇന്ത്യയില്‍ നീളം കുറച്ചായിരിക്കും വരിക എന്നും പറയപ്പെടുന്നു. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡും 1.4 ലിറ്റര്‍ എന്‍ജിനുമായിരിക്കും പെട്രോളില്‍ ഉള്ളത്. ഡീസലില്‍ 1.6 ലിറ്ററായിരിക്കും. ഇന്ത്യയില്‍ ഇറങ്ങിയാല്‍ ടാറ്റയുടെ നെക്സോണ്‍, ഫോര്‍ഡ് എകോസ്പോര്‍ട്ട്, മാരുതി ബ്രെസ എന്നിവയായിരിക്കും പ്രധാന എതിരാളികള്‍.

കിയ സ്റ്റിങ്ങര്‍

Stinger

പെര്‍ഫോമന്‍സ് സെഡാന്‍ എന്നാണ് സ്റ്റിങ്ങറിന് നല്‍കുന്ന വിശേഷണം. അമേരിക്കന്‍ വിപണിയില്‍ കിയയുടെ ശക്തിയാണ് സ്റ്റിങ്ങര്‍. ബോഡിയുടെ പ്രത്യേകതതന്നെയാണ് ഇതിനെ വാഹനപ്രേമികളുടെ പ്രിയങ്കരനാക്കുന്നത്. കരുത്തുറ്റ ബോഡിലൈനിങ്ങും മുന്നിലെ ഗ്രില്ലുകളുമാണ് സ്റ്റിങ്ങറിന്റെ പ്രത്യേകത. ഇന്ത്യയിലിറങ്ങുന്ന സെഡാന്‍ കാറുകളില്‍ കാണാത്ത രൂപകല്‍പ്പനയാണ് സ്റ്റിങ്ങറിന്റെ ഇന്ത്യയിലെ പ്ലസ് പോയിന്റ്. അമേരിക്കയില്‍ 244 ബി.എച്ച്.പി. കരുത്തുള്ള 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 197 ബി.എച്ച്.പി. കരുത്ത് നല്‍കുന്ന 3.3 ലിറ്റര്‍ എന്‍ജിനുമാണ് നല്‍കിയിട്ടുള്ളത്. ഇതു രണ്ടും കൂടാതെ പെര്‍ഫോമന്‍സ് കാര്‍ എന്ന് ഉറപ്പിക്കുന്ന 365 ബി.എച്ച്.പി. കരുത്ത് നല്‍കുന്ന 3.3 ലിറ്റര്‍ േെപട്രാള്‍ വേരിയന്റും അമേരിക്കയിലുണ്ട്. ഇതില്‍ ആദ്യ രണ്ടു വേരിയന്റുകളാണ് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്നത്. ഓള്‍ വീല്‍ ഡ്രൈവും പാഡില്‍ ഷിഫ്റ്റും ഇതിലുണ്ടാവും. 

Content Highlights; Upcoming Kia Cars In India