ബ്ലാക്ക് പാന്തറാണ് പ്രേരണ; ഇലക്ട്രിക് വാഹനങ്ങളുടെ തലവരമാറ്റുന്നത് ഒരു മലയാളി ​ടച്ച്


അജിത് ടോംമാര്‍വല്‍ കോമിക് ഫ്രാഞ്ചൈസിയില്‍ 2018-ല്‍ പുറത്തിറങ്ങിയ സിനിമയാണ് ബ്ലാക്ക് പാന്തര്‍. സിനിമയിലെ കഥാപത്രത്തിന്റെ പ്രത്യേകത പോലെ തന്നെ തന്നിലേക്ക് എത്തുന്നതിനെ ഊര്‍ജമാക്കി മാറ്റുന്ന പ്രക്രിയയാണ് കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റും ചെയ്യുന്നത്.

IN-DEPTH

പ്രൊഫ. ജയൻ തോമസ്‌

താഗത സംവിധാനങ്ങള്‍ മലിനീകരണ മുക്തമാക്കുകയെന്നത് 21-ാം നൂറ്റാണ്ടിന്റെ പ്രതിജ്ഞയാണ്. 2035-ഓടെ ഇലക്ട്രിക് വാഹന നിര്‍മാണത്തിലേക്ക് മാത്രം ചുവടുമാറാനാണ് ലോകത്താകമാനുള്ള വാഹന നിര്‍മാതാക്കള്‍ തയ്യാറെടുക്കുന്നത്. വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നാണ് ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം. അതേസമയം, 2030-ഓടെ 100 മില്ല്യണ്‍ ഇലക്ട്രിക് വാഹനങ്ങള്‍ ലോകത്താകാമാനം എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍, ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ യാത്ര ചെയ്യാന്‍ സാധിക്കുന്ന ദൂരം ഇപ്പോഴും വളരെ കുറവാണെന്നതാണ് ഇലക്ട്രിക് വാഹനങ്ങളുടെ പോരായ്മയായി ചൂണ്ടിക്കാട്ടുന്നത്.

ബാറ്ററിയുടെ എണ്ണവും വലിപ്പവും ഉയര്‍ത്തുന്നതിലൂടെ റേഞ്ച് എന്ന പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് കരുതാം. എന്നാല്‍, ഇതോടെ വാഹനങ്ങളുടെ ഭാരവും വീണ്ടും ഉയരും. ഇതിന് വാഹനത്തിന്റെ ഭാരം കൂടാതെ കൂടുതല്‍ ഊര്‍ജം സംഭരിക്കാന്‍ കഴിയുന്ന സംവിധാനം മാത്രമാണ് പരിഹാരം. ഇത്തരത്തില്‍ വാഹനത്തിന്റെ ഭാരം കൂടാതെ, കൂടുതല്‍ ഊര്‍ജം സംഭരിക്കാന്‍ നാനോ ടെക്‌നോളജിയെ അടിസ്ഥാനമാക്കിയുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് സെന്റര്‍ ഫ്‌ളോറിഡ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറും മലയാളിയുമായി ജയന്‍ തോമസ്. ഇലക്ട്രിക് വാഹനമേഖലയില്‍ വലിയ വിപ്ലവങ്ങള്‍ക്ക് വഴിവെച്ചേക്കാവുന്ന കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ് എന്ന കണ്ടുപിടിത്തത്തെ കുറിച്ച് പ്രൊഫ. ജയല്‍ തോമസ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ് എന്ന ആശയത്തിലേക്ക്

ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ദിവസേന ഉയരുകയാണ്. വൈദ്യുതി വാഹന അതികായരായ ടെസ്ലയുടെ ഉള്‍പ്പെടെയുള്ള മോഡലുകള്‍ ഒറ്റത്തവണ ചാര്‍ജിലൂടെ 300 മുതല്‍ 325 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്നത്. എന്നാല്‍, അമേരിക്ക പോലുള്ള രാജ്യത്തെ യാത്രകളുടെ സ്വഭാവം അനുസരിച്ച് ഇത് വളരെ കുറവാണ്. ചാര്‍ജിങ്ങിനായി സൂപ്പര്‍ ചാര്‍ജിനെ ആശ്രയിച്ചാലും ഒരു മണിക്കൂറോളം സമയമെടുത്താണ് ബാറ്ററി നിറയുന്നത്. സാധാരണ ചാര്‍ജറില്‍ ഇത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ എടുക്കും. അതുകൊണ്ട് ദീര്‍ഘദൂര യാത്രകള്‍ക്ക് ഇലക്ട്രിക് വാഹനങ്ങളെ ആശ്രയിക്കാന്‍ ഇപ്പോഴും ആളുകള്‍ക്ക് മടിയാണ്. ഇതിനെ മറികടക്കാനുള്ള പരീക്ഷണങ്ങളാണ് ഇലക്ട്രിക് വാഹന മേഖലയില്‍ നടക്കുന്നത്.

റേഞ്ച് വര്‍ധിപ്പിക്കണമെങ്കില്‍ ബാറ്ററികളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് സാധാരണ രീതി. ഇത് വാഹനത്തിന്റെ ഭാരവും വര്‍ധിപ്പിക്കും. നിലവിലെ സാഹചര്യത്തില്‍ വാഹനത്തിന്റെ ആകെ ഭാരത്തിന്റെ 30 ശതമാനവും ബാറ്ററിയുടേതാണ്. ബാറ്ററിയുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ ഭാരം കൂടുകയും റേഞ്ചിനെ ബാധിക്കുകയും ചെയ്‌തേക്കും. ഈ സാഹചര്യത്തിലാണ് വാഹനത്തിന്റെ ഭാരം കൂടാതെ റേഞ്ച് ഉയര്‍ത്താനുള്ള സാധ്യതകള്‍ തിരഞ്ഞ് തുടങ്ങിയത്. കാറിന്റെ ബോഡി തന്നെ വൈദ്യുതി സംഭരിക്കുന്ന ഒന്നാക്കി മാറ്റുകയെന്നതായിരുന്നു കണ്ടെത്തിയ ആശയം. ഇതിനായി കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റിന്റെ സഹായത്തില്‍ വാഹനത്തിന്റെ ബോഡി ഷെല്‍ ഒരുക്കുകയാണ് പ്രായോഗികമായി ചെയ്യാന്‍ കഴിയുക.

ഉയര്‍ന്ന ദൃഢത, കുറഞ്ഞ ഭാരം, തീപിടിത്തം പോലുള്ളവ പ്രതിരോധിക്കാന്‍ കഴിയുന്നത് തുടങ്ങിയവയാണ് വാഹനങ്ങളുടെ ബോഡി ഷെല്ലുകള്‍ക്ക് വേണ്ട സവിശേഷതകള്‍. സ്റ്റീല്‍, അലുമിനിയം തുടങ്ങിയവയാണ് സാധാരണയായി വാഹനങ്ങളുടെ ബോഡിഷെല്‍ നിര്‍മാണം. എന്നാല്‍, ഇവയ്ക്ക് പകരമായി വേറൊരു പദാര്‍ഥം ഉപയോഗിക്കുമ്പോള്‍ അത് ദീര്‍ഘകാലം ഈടുനില്‍ക്കുന്നതാകണം. അങ്ങനെയാണ് കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റിലേക്ക് എത്തുന്നത്. കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ് അലുമിനിയത്തേക്കാള്‍ ഭാരം കുറഞ്ഞതും സ്റ്റീലിനെക്കാള്‍ ബലമുള്ളതുമാണ്. അതുപോലെ ഏറെ കാലം ഈടുനില്‍ക്കുകയും ചെയ്യുമെന്നതും ഇതിന്റെ മേന്മയാണ്.

കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റിന്റെ പ്രവര്‍ത്തനം

വാഹനത്തിന്റെ ബോഡിയില്‍ തന്നെ എനര്‍ജി സ്‌റ്റോര്‍ ചെയ്യുന്ന സംവിധാനമാണ് ഞങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റാണ് ഇതിന് അടിസ്ഥാനം. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് വാഹനത്തിന്റെ ബോഡിഷെല്‍ രൂപകല്‍പ്പന ചെയ്യും. ബാറ്ററിയിലെ ഇലക്ട്രോഡുകള്‍ പോലെ വൈദ്യുതി കടത്തിവിടാന്‍ ശേഷിയുള്ള നാരാണ് കാര്‍ബണ്‍ ഫൈബര്‍. ഇതിന്റെ സര്‍ഫസ് ഏരിയയിലാണ് വൈദ്യുതി സംഭരിക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ഫസ് ഏരിയ വര്‍ധിപ്പിക്കാനായിരുന്നു ആദ്യ ശ്രമം. ഇതിനായി കാര്‍ബണ്‍ ഫൈബറില്‍ ഫാന്‍ പോലെയുള്ള സ്ട്രക്ചറില്‍ ഗ്രാഫൈന്‍ എന്ന പദാര്‍ഥം ഘടിപ്പിച്ചു. രണ്ട് വശങ്ങളുള്ള നേര്‍ത്ത പദാര്‍ഥമായാണ് ഗ്രാഫൈന്‍ വിശേഷിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ കാര്‍ബണ്‍ ഫൈബറുകള്‍ക്കൊപ്പം ഗ്രാഫൈന്‍ ഘടിപ്പിക്കാന്‍ സാധിക്കും. ഇതുവഴി ഊര്‍ജം സംഭരിക്കുന്നതിനുള്ള വലിയ ഏരിയയാണ് ഒരുങ്ങുന്നത്. പിന്നീട് കാര്‍ബണ്‍ ഫൈബറുകള്‍ ഒരു മാറ്റ് രൂപത്തില്‍ വികസിപ്പിച്ചെടുക്കുകയാണ് ചെയ്തിട്ടുള്ളത്.

നിരവധി കാര്‍ബണ്‍ ഫൈബറുകള്‍ ഉപയോഗിച്ചാണ് മാറ്റ് നിര്‍മിച്ചെടുത്തത്. ഇതിന് മുകളിലായി ഗ്രാഫൈനുകള്‍ നിരത്തി, ഇത് മറ്റൊരു കാര്‍ബണ്‍ ഫൈബര്‍ മാറ്റും ഒരു ഗ്ലാസ് ഫൈബറുമായി ചേര്‍ത്ത് വെച്ചാണ് കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ് രൂപപ്പെടുത്തിയത്. ഇതിലേക്ക് ചാര്‍ജ് എത്തിക്കുന്നതിനുള്ള കണക്ഷനുകളും നല്‍കിയിട്ടുണ്ട്. ദൃഢമാണെന്നതിന് പുറമെ, ഏത് രൂപത്തിലേക്കും മാറ്റാന്‍ കഴിയുമെന്നതും കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റിന്റെ സവിശേഷതയാണ്. ഈ കാര്‍ബണ്‍ കംപോസിറ്റാണ് ബോഡി ഷെല്‍ രൂപത്തിലേക്ക് മാറ്റിയെടുക്കുന്നത്. എത്ര വലിപ്പത്തില്‍ വേണമെങ്കിലും ഈ കംപോസിറ്റി നിര്‍മിക്കാന്‍ സാധിക്കുമെന്നതാണ് ഈ കണ്ടുപിടിത്തെ ഇലക്ട്രിക് വാഹനവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നതിന്റെ പ്രാധാന്യം.

ബാറ്ററിക്ക് പകരക്കാരനാകുമോ കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ്

ഇലക്ട്രിക് വാഹനത്തിന്റെ മൊത്തഭാരത്തിന്റെ 30 ശതമാനവും ബാറ്ററി പാക്കിന്റേതാണെന്നാണ് കണക്ക്. എന്നാല്‍, ഭാരം കുറഞ്ഞതും ദൃഢത കൂടിയതുമായ കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റി സ്റ്റോറേജ് ഡിവൈസായി പ്രവര്‍ത്തിക്കുകയും ബാറ്ററിയുടെ ഉപയോഗം സാധ്യമാകുകയും ചെയ്യുമെന്നാണ് കണ്ടുപിടിത്തം തെളിയിക്കുന്നത്. നിലവില്‍ ബാറ്റിയുടെ അനുബന്ധ സ്റ്റോറേജ് സംവിധാനമായാണ് ഈ കംപോസിറ്റ് ഉപയോഗിക്കാന്‍ സാധിക്കുന്നത്. എന്നാല്‍, ഇത് പൂര്‍ണമായ സ്റ്റോറേജ് സംവിധാനമാക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ബാറ്ററിയെക്കാള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നത് കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റിന്റെ സവിശേഷതയാകുമ്പോള്‍ ബാറ്ററിയുടെ അത്രയും ദീര്‍ഘസമയ ചാര്‍ജ് ലഭിക്കില്ലെന്നതാണ് പ്രധാന പോരായ്മ.

ഇലക്ട്രിക് വാഹന മേഖലയിലെ മറ്റ് സാധ്യതകള്‍

കണ്ടുപിടിത്തത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ കാര്‍ബണ്‍ കംപോസിറ്റ് നല്‍കുന്നതിലൂടെ 80 മുതല്‍ 120 കിലോമീറ്റര്‍ വരെ അധികം സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് തെളിയിച്ചിരിക്കുന്നത്. അതേസമയം, ഈ കംപോസിറ്റിന്റെ ഒരു വശം സോളാര്‍ പാനലായി ഉപയോഗിക്കാനുള്ള ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. സോളാര്‍ പാനല്‍ നല്‍കിയിട്ടുള്ള കംപോസിറ്റ് വാഹനത്തിന്റെ റൂഫില്‍ നല്‍കുന്നതിലൂടെ ഈ പാനല്‍ സൗരോര്‍ജം സ്വീകരിക്കുകയും കാര്‍ബണ്‍ ഫൈബറില്‍ ശേഖരിക്കുകയും ചെയ്യും. ഇത്തരത്തില്‍ ലഭിക്കുന്ന ഊര്‍ജം ഉപയോഗിച്ച് 50 കിലോമീറ്റര്‍ വരെ വാഹനം ഓടിക്കാനുള്ള ഗവേഷണങ്ങളും പുരോഗമിക്കുന്നുണ്ട്. കുറഞ്ഞ കിലോമീറ്റര്‍ സ്ഥിരം യാത്ര ചെയ്യുന്ന ആളുകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.

മറ്റ് മേഖലകളിലെ പ്രായോഗികത

സയന്‍സ് മേഖലയില്‍ പുതിയ ഒരു കണ്‍സെപ്റ്റ് വികസിപ്പിക്കുകയും പ്രൂഫ് ഓഫ് കണ്‍സെപ്റ്റ് ഒരുക്കുകയുമാണ് ഈ കണ്ടുപിടിത്തത്തിലൂടെ സാധ്യമാക്കിയിരിക്കുന്നത്. എന്നാല്‍, ഇത് പ്രായോഗിക തലത്തില്‍ എത്തുന്നതിന് ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. ഇതിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ നാസയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. റോക്കറ്റ്, സാറ്റ്ലൈറ്റ് എന്നിവയുടെ സ്ട്രെക്ചറുകള്‍ നിര്‍മിക്കുന്നതിന് കാര്‍ബണ്‍ കംപോസിറ്റുകള്‍ ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ക്കായാണ് നാസയുമായുള്ള സഹകരണം.

റോക്കറ്റ്, സാറ്റ്ലൈറ്റ് എന്നിവയുടെ സ്ട്രെക്ചര്‍ കാര്‍ബണ്‍ കംപോസിറ്റ് ഉപയോഗിച്ച് വികസിപ്പിക്കുകയും ഇതില്‍ എനര്‍ജി സംഭരിക്കാന്‍ സാധിക്കുകയും ചെയ്താല്‍ അത് ഏറെ ഗുണകരമായിരിക്കുമെന്നാണ് നാസയുടെ വിലയിരുത്തല്‍. എന്നാല്‍, ഇപ്പോള്‍ വികസിപ്പിച്ചിട്ടുള്ള കാര്‍ബണ്‍ കംപോസിറ്റിന്റെ ടെക്നോളജി റെഡിനസ് ലെവല്‍ (ടി.ആര്‍.എല്‍) ഇപ്പോള്‍ നാല് മുതല്‍ അഞ്ച് വരെയാണ്. നാസയുടെ മാനദണ്ഡം അനുസരിച്ച് അവരുടെ വാഹനങ്ങളിലും സാങ്കേതിക സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ടെക്നോളജികളുടെ ടി.ആര്‍.എല്‍ ഒമ്പത് മുതല്‍ പത്ത് വരെ ആയിരിക്കണമെന്നാണ്. അതുകൊണ്ടുതന്നെ ഇനിയും ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്.

കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ് ഒരുക്കുന്ന സുരക്ഷ

ലിഥിയം അയേണ്‍ ബാറ്ററികള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ അപകടത്തില്‍പെട്ടാല്‍ അതിലെ രാസപദാര്‍ഥങ്ങള്‍ ലീക്ക് ചെയ്യുകയും തീപിടിത്തമുണ്ടാകുകയും ചെയ്യാറുണ്ട്. എന്നാല്‍, വാഹനത്തിന്റെ ബോഡി നിര്‍മിക്കുമ്പോള്‍ തീപിടിക്കാത്ത ഒരു വസ്തു ആയിരിക്കണമെന്നത് അനിവാര്യമാണ്. അതുകൊണ്ടുതന്നെ വെള്ളം ഉപയോഗിച്ചുള്ള ഒരു പോളിമെര്‍ മെറ്റീരിയല്‍ വെച്ചാണ് ഈ കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ അപകടമുണ്ടായാലും ഇതില്‍ തീപിടിത്തമുണ്ടാകില്ല. അതുപോലെ മനുഷ്യന് ഹാനികരമാകാത്ത രാസപദാര്‍ഥങ്ങളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും ഉയര്‍ന്ന സുരക്ഷയാണ് കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റില്‍ ഉറപ്പാക്കിയിട്ടുള്ളത്.

ഈ കണ്ടുപിടിത്തത്തിന്റെ ഭാവി

കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റിനെ കൂടുതല്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതില്‍ തന്നെ കൂടുതല്‍ എനര്‍ജി സ്റ്റോര്‍ ചെയ്യുന്നതിനുള്ള ഉയര്‍ന്ന ശേഷി ഉറപ്പാക്കുകയാണ് പ്രധാനം. ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തലത്തിലേക്ക് ഉര്‍ജ സംഭരണ ശേഷി ഉറപ്പാക്കിയാല്‍ മാത്രമേ അടുത്ത തലത്തിലേക്ക് ഈ കണ്ടുപിടിത്തത്തെ എത്തിക്കാന്‍ കഴിയൂ. നിലവില്‍ 18,000 തവണ ചാര്‍ജ് ചെയ്തും ഡിസ്ചാര്‍ജ് ചെയ്തും ഇതിന്റെ ചാര്‍ജിങ്ങ് കപ്പാസിറ്റി ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം, സാധാരണ ലിഥിയം അയേണ്‍ ബാറ്ററികള്‍ 2000 മുതല്‍ 3000 തവണ മാത്രമാണ് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നത്. ഈ കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റിയുടെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്.

പേരിന് പിന്നിലെ പ്രചോദനം

മാര്‍വല്‍ കോമിക് ഫ്രാഞ്ചൈസിയില്‍ 2018-ല്‍ പുറത്തിറങ്ങിയ സിനിമയാണ് ബ്ലാക്ക് പാന്തര്‍. സിനിമയിലെ കഥാപാത്രത്തിന്റെ പ്രത്യേകത പോലെ തന്നെ തന്നിലേക്ക് എത്തുന്നതിനെ ഊര്‍ജമാക്കി മാറ്റുന്ന പ്രക്രിയയാണ് കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റും ചെയ്യുന്നത്. വാഹനത്തിന്റെ ബേഡി ഷെല്ലിലാണ് എനര്‍ജി സ്റ്റോര്‍ ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കരുത്ത് ഉള്‍ക്കൊണ്ടിരിക്കുന്നത് എന്ന അര്‍ഥത്തിലാണ് ബ്ലാക്ക് പാന്തര്‍ എന്ന പേര് നല്‍കിയിട്ടുള്ളത്. സാധാരണ ജനങ്ങള്‍ക്ക് പെട്ടെന്ന് കണക്ട് ചെയ്യുന്നതിനുള്ള ഒരു സ്ട്രാറ്റജി കൂടിയാണിത്.

കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ് കാര്‍

ബാറ്ററിയുടെ അനുബന്ധ സംഭരണ സംവിധാനം എന്നതിലുപരി പൂര്‍ണമായും കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റില്‍ അധിഷ്ഠിതമായ വാഹനം ഒരുക്കാനുള്ള പരീക്ഷണങ്ങള്‍ ഭാവിയില്‍ ആരംഭിക്കും. സൗരോര്‍ജം ആഗിരണം ചെയ്ത് പ്രവര്‍ത്തിക്കുന്ന കാറുകളും പ്രായോഗികമാണ്. പക്ഷെ, ഒരു വാഹനത്തില്‍ ഘടിപ്പിക്കാന്‍ സാധിക്കുന്ന സോളാര്‍ സെല്ലുകളുടെ ഏരിയ പരിമിതമായിരിക്കും. അതുകൊണ്ടുതന്നെ എനര്‍ജി കണ്‍വേര്‍ഷന്‍ ലെവല്‍ വളരെ കുറവായിരിക്കും. അതുകൊണ്ടുതന്നെ പൂര്‍ണമായും ഒരു വാഹനം ചാര്‍ജ് ചെയ്യാനുള്ള ചാര്‍ജ് ഇതില്‍ നിന്ന് ലഭിക്കാനുള്ള സാഹചര്യം പരിമിതമാണ്.

പ്രതിസന്ധികള്‍

ഒരു വാഹനം നിര്‍മിക്കുമ്പോള്‍ ചെലവ് പരമാവധി കുറയ്ക്കുകയെന്നതാണ് കമ്പനികളുടെ പ്രധാന പരിഗണന. എന്നാല്‍, സ്റ്റീല്‍, അലുമിനിയും തുടങ്ങി വാഹനങ്ങളുടെ ബോഡി ഷെല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഇത്തരം വസ്തുതകളെക്കാള്‍ കാര്‍ബണ്‍ ഫൈബറിന് വില അധികമാണെന്നതാണ് പ്രധാന വെല്ലുവിളി. കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റിന്റെ ഉത്പാദനം വലിയ അളവില്‍ ആയാല്‍ മാത്രമേ ഇതിന്റെ വിലയില്‍ കുറവ് പ്രതീക്ഷിക്കാന്‍ സാധിക്കൂ. അടുത്തിടെ എം.ഐ.ടി. ചെലവ് കുറഞ്ഞ രീതിയില്‍ കാര്‍ബണ്‍ ഫൈബര്‍ കംപോസിറ്റ് വികസിപ്പിച്ചെടുത്തതായി അമേരിക്കയിലെ പ്രധാന മീഡിയയായ ഡെയ്ലി ബീസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വാഹനത്തില്‍ പരീക്ഷണം നടത്തുന്നതിനായി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒരു വാഹന നിര്‍മാതാക്കളുമായി സഹകരണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താവുന്ന ഘട്ടത്തിൽ എത്തിയിട്ടില്ല.

പ്രൊഫ. ജയന്‍ തോമസ്‌

പൂര്‍ണമായും കേരളത്തില്‍ പഠനം പൂര്‍ത്തിയാക്കി അമേരിക്കയില്‍ എത്തിയ ശാസ്ത്രജ്ഞനാണ് ജയന്‍ തോമസ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പാറയാണ് സ്വദേശം. പ്രാഥമിക വിദ്യാഭ്യാസം കാനം സി.എം.എസ്. ഹൈസ്‌കൂളിലായിരുന്നു. കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹൈസ്‌കൂളിലെ പഠനത്തിന് ശേഷം ബിരുദാനന്തര ബിരുദം വരെ ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ പഠിച്ചു. കൊച്ചി യൂണിവേഴ്‌സിറ്റിയിലായിരുന്നു പി എച്ച് ഡി ഗവേഷണം. പിന്നീട് യൂണിവേഴിസിറ്റി ഓഫ് അരിസോണയില്‍ ശാസ്ത്രജ്ഞനായി ചേര്‍ന്നു. 2011 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയിലേക്ക് പ്രവര്‍ത്തനം മാറ്റി.

Content Highlights: University of Central Florida Professor develops carbon fibre inspired electric vehicle technology

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022

Most Commented