വൈദ്യുതവാഹനങ്ങളുടെ നിര്‍മാണ ഹബ്ബായി ഇന്ത്യയെ മാറ്റാനുള്ള പദ്ധതികള്‍ക്ക് തിരിച്ചടിയായി ലിഥിയം ദൗര്‍ലഭ്യം. വൈദ്യുതവാഹനങ്ങളില്‍ ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികളുടെ പ്രധാനഘടകമാണിത്. ഇന്ത്യയില്‍ ലിഥിയം ശേഖരമില്ലാത്തതിനാല്‍ ബാറ്ററി നിര്‍മാണവും പ്രതിസന്ധിയിലാണ്. ലോകത്തിലെ ലിഥിയംശേഖരത്തിന്റെ പകുതിയിലധികവും കൈകാര്യംചെയ്യുന്ന ചൈനീസ് കമ്പനികളെ ആശ്രയിച്ചുവേണം ഇന്ത്യക്ക് ഇറക്കുമതി ചെയ്യാനെന്നതാണ് പ്രധാന വെല്ലുവിളി.

ചൈനയില്‍ വൈദ്യുതവാഹനവിപണി ഏറെ മുന്നേറിക്കഴിഞ്ഞു. 2011 മുതല്‍ ചൈന വൈദ്യുതവാഹനങ്ങളിലേക്ക് മാറാന്‍ ശ്രമം തുടങ്ങി. ലിഥിയത്തിന്റെ സാധ്യത മനസ്സിലാക്കി ലോകത്തെ പ്രധാന ശേഖരങ്ങളിലെല്ലാം ഖനനത്തിന് വന്‍തുക നിക്ഷേപിച്ചു. 2018-ല്‍ യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുപ്രകാരം ലോകത്താകെ 1.6 കോടി ടണ്‍ ലിഥിയം ശേഖരമാണ് കണ്ടെത്തിയിട്ടുള്ളത്. 

ഉത്പാദനത്തില്‍ മുന്നിലുള്ള ഓസ്ട്രേലിയ, ചിലി, അര്‍ജന്റീന, കോംഗോ, ബൊളീവിയ എന്നിവിടങ്ങളിലെല്ലാം ചൈനീസ് കമ്പനികള്‍ വന്‍നിക്ഷേപം നടത്തിയിട്ടുണ്ട്. തെക്കേ അമേരിക്കയില്‍മാത്രം രണ്ടു വര്‍ഷത്തിനിടെ ചൈന 420 കോടി ഡോളര്‍ (ഏകദേശം 29,000 കോടി രൂപ) ലിഥിയത്തിനായി നിക്ഷേപിച്ചിട്ടുണ്ട്. ലിഥിയത്തിനു പുറമെ ബാറ്ററിയുടെ മറ്റൊരു പ്രധാനഘടകമായ കോബാള്‍ട്ടിലും അവര്‍ ആധിപത്യമുറപ്പിച്ചുകൊണ്ടിരിക്കുന്നു.

ലിഥിയത്തിന്റെ ആഗോളശേഖരത്തില്‍ പങ്കാളിത്തത്തിനായി ഇന്ത്യന്‍ കമ്പനികള്‍ ശ്രമം തുടങ്ങിയിട്ടേ ഉള്ളൂ. ഇതിന്റെ ഭാഗമായി നാഷണല്‍ അലുമിനിയം കമ്പനി, ഹിന്ദുസ്ഥാന്‍ കോപ്പര്‍, മിനറല്‍ എക്‌സ്പ്ലോറേഷന്‍ കമ്പനി എന്നിവ ചേര്‍ന്ന് ഖനീജ് ബിദേഷ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്ക് 2019-ല്‍ രൂപം നല്‍കിയിരുന്നു. വിദേശരാജ്യങ്ങളില്‍നിന്ന് ലിഥിയം, കോബാള്‍ട്ട് തുടങ്ങിയവ നേരിട്ട് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിലുപരി രാജ്യത്ത് ബാറ്ററികളുടെ നിര്‍മാണവും വിതരണവും ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ലിഥിയം അയോണ്‍ ബാറ്ററി പ്ലാന്റുകള്‍ ഇവിടെ നിര്‍മിക്കാന്‍ പദ്ധതികള്‍ തുടങ്ങിയിട്ടേ ഉള്ളൂ.

രാജ്യത്തെ രണ്ടാം വലിയ ബാറ്ററി നിര്‍മാതാക്കളായ അമരരാജ ബാറ്ററീസും തോഷിബ, ഡെന്‍സോ കോര്‍പ്പറേഷന്‍ എന്നിവയുമായി ചേര്‍ന്ന് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷനും ഇന്ത്യയില്‍ ലിഥിയം അയോണ്‍ ബാറ്ററി പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ഓസ്ട്രേലിയയിലെ നിയോമെറ്റല്‍സുമായി ചേര്‍ന്ന് മണികരണ്‍ പവര്‍ ലിമിറ്റഡ് എന്ന കമ്പനി ലിഥിയം റിഫൈനറി തുടങ്ങാന്‍ കരാറായി. വര്‍ഷം 10,000 മുതല്‍ 15,000 വരെ ടണ്‍ ശേഷിയുള്ള പ്ലാന്റാണ് ഇവര്‍ സജ്ജമാക്കുക. 2030 -ഓടെ ഇന്ത്യയില്‍ രണ്ടുലക്ഷം ടണ്‍ ലിഥിയം ഹൈഡ്രോക്‌സൈഡിന്റെ ആവശ്യമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.

നിലവില്‍ ലിഥിയം ബാറ്ററി ഉത്പാദനത്തിന്റെ 60 ശതമാനവും ചൈനയിലാണ്. ഇന്ത്യയില്‍ വൈദ്യുതവാഹന വിപണി ഒരു ശതമാനത്തില്‍ താഴെയാണിപ്പോള്‍. വൈദ്യുതവാഹനങ്ങളുടെ ശ്രേണി കമ്പനികള്‍ വിപുലമാക്കിവരുന്നു. ടാറ്റ മോട്ടോഴ്സ് കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ പദ്ധതിയിടുന്നുണ്ട്. 2020 സാമ്പത്തികവര്‍ഷം ആയിരം വൈദ്യുതവാഹനങ്ങള്‍ വിറ്റഴിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത്. അടുത്ത രണ്ടു മൂന്നുവര്‍ഷംകൊണ്ട് ഇത് പലമടങ്ങ് വര്‍ധിപ്പിക്കാനും ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി ചെലവുകുറഞ്ഞ വാഹനങ്ങള്‍ നിരത്തിലെത്തിക്കും. മഹീന്ദ്ര, മാരുതി, ഹ്യൂണ്ടായ് തുടങ്ങിയ കമ്പനികളും വൈദ്യുതവാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ പദ്ധതിയിടുന്നുണ്ട്.

Content Highlights: Unavailability Of Lithium For Making Electric Vehicle Batteries