ളിമ്പിക്‌സില്‍ രണ്ട് മെഡല്‍ നേടി ചരിത്രമെഴുതി ഒരോ ഇന്ത്യക്കാരന്റെയും അഭിമാനമായി മാറിയിരിക്കുകയാണ് പി.വി.സിന്ധു. സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ് താരത്തിന് ലഭിക്കുന്നത്. ഇതിനിടെ സിന്ധുവിന്റെ ഒരു ആരാധകന്റെ ട്വീറ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. മെഡല്‍ നേട്ടമുണ്ടാക്കിയ സിന്ധുവിന് ഥാര്‍ സമ്മാനമായി നല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

മഹീന്ദ്രയുടെ മേധാവിയായ ആനന്ദ് മഹീന്ദ്രയേയും പി.വി. സിന്ധുവിനേയും ടാഗ് ചെയ്താണ് ഈ ട്വീറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിന്ധു ഒരു ഥാര്‍ സമ്മാനമായി നേടാന്‍ അര്‍ഹയാണെന്നായിരുന്നു ആ ട്വീറ്റിന്റെ ചുരുക്കം. രാജ്യത്തിനായി അഭിമാന നേട്ടമുണ്ടാക്കിയിട്ടുള്ള മറ്റ് താരങ്ങള്‍ക്ക് ആനന്ദ് മഹീന്ദ്ര ഥാര്‍ എസ്.യു.വി. ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്‍കിയിട്ടുള്ളതിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉയരുന്നത്. 

അതേസമയം, ഈ ആരാധകനുള്ള മറുപടിയുമായി ആനന്ദ് മഹീന്ദ്രയും ട്വിറ്ററില്‍ എത്തിയിരുന്നു. സിന്ധുവിന്റെ ഗ്യാരേജില്‍ നിലവില്‍ ഒരു മഹീന്ദ്ര ഥാര്‍ ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്. ഇതിനൊപ്പം 2016 ഒളിമ്പിക്‌സിലെ മെഡല്‍ ജേതാക്കളായ സിന്ധുവും സാക്ഷി മാലികും മഹീന്ദ്ര ഥാറില്‍ യാത്ര ചെയ്യുന്നതിന്റെ ചിത്രവും ഈ ആവശ്യം ഉന്നയിച്ച ആരാധകനായി ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

2016 റിയോ ഒളിമ്പിക്‌സില്‍ പി.വി. സിന്ധു വെള്ളിയും സാക്ഷി മാലിക് വെങ്കലവും മെഡല്‍ നേടിയതിന് പിന്നാലെ ആനന്ദ് മഹീന്ദ്ര ഇവര്‍ക്ക് മഹീന്ദ്ര ഥാര്‍ സമ്മാനിക്കുമെന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. അദ്ദേഹം ആ വാക്ക് പാലിക്കുകയും രണ്ട് താരങ്ങള്‍ക്കും കസ്റ്റമൈസ് ചെയ്ത ഥാര്‍ എസ്.യു.വി. സമ്മാനിക്കുകയും ചെയ്തിരുന്നു. ഈ വാഹനത്തിന്റെ ചിത്രമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പി.വി. സിന്ധുവിന്റെ മികച്ച പ്രകടനത്തേയും പ്രതിബദ്ധതയേയും സഹിഷ്ണുതയേയും അഭിനന്ദിക്കുന്നതായും ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു. മനോവീര്യത്തിന് ഒരു ഒളിമ്പിക്‌സ് പോരാട്ടമുണ്ടെങ്കില്‍ ഏറ്റവും ഉയര്‍ന്ന നേട്ടമുണ്ടാക്കുന്ന വ്യക്തിയായിരിക്കും പി.വി. സിന്ധുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മനോവീര്യം കൈവിടാതെ ഈ നേട്ടമുണ്ടാക്കിയ സിന്ധു ഗോള്‍ഡന്‍ ഗേള്‍ ആണെന്നും അദ്ദേഹം കുറിച്ചു.

Content Highlights: Twitter User Demand Anand Mahindra To Give Thar SUV To PV Sindhu