നല്ലൊരു ഭാരതത്തെ കെട്ടിപ്പെടുക്കാന്‍ വരും തലമുറയ്ക്ക് പ്രചോദനമാകുക... സ്വന്തമായി നിര്‍മിച്ച സൗരോര്‍ജ്ജക്കാറില്‍ കഴിഞ്ഞ ഒരുപതിറ്റാണ്ടായി ഇന്ത്യ ചുറ്റുന്ന സയ്യിദ് സജ്ജന്‍ അഹ്മദിന്റെ ലക്ഷ്യം ഇതാണ്. 63കാരനായ ഇദ്ദേഹം ഇതുവരെ 40,000 കിലോമീറ്ററിലധികം യാത്ര ചെയ്തുകഴിഞ്ഞു. ഐ.ഐ.ടി ഡല്‍ഹി ക്യാംപസില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി നടന്നുവരുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ സയന്‍സ് ഫെയറിലും സംസാരവിഷയമായിരിക്കുകയാണ് ഈ സൗരോര്‍ജക്കാര്‍.

ഇതേ വാഹനത്തില്‍ തന്നെയാണ് സയ്യിദ് ബെംഗളൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള 3000 കിലോമീറ്റര്‍ താണ്ടിയത്. നവംബര്‍ ഒന്നിന് രാജ്ഭവനില്‍ നിന്ന് ആരംഭിച്ച യാത്ര, വിന്ധ്യ പര്‍വതമേഖലകള്‍ കടന്ന് ഡിസംബര്‍ ഒന്നിന് ലക്ഷ്യസ്ഥാനം കണ്ടു. ബന്ധുവായ സലിം പാഷ ഒരു സാധാരണ കാറില്‍ യാത്രയിലുടനീളം അദ്ദേഹത്തെ അനുഗമിച്ചിരുന്നു. മലയോരപ്പാതകളെ ഈ വാഹനം എങ്ങനെ അതിജീവിക്കുമെന്ന് ആദ്യമൊക്കെ സംശയിച്ചിരുന്നുവെങ്കിലും പ്രശ്‌നങ്ങളൊന്നും കൂടാതെ എത്തിച്ചേരാനായത് അഭിമാനകരമായ നേട്ടമായതായി സയ്യിദ് പറയുന്നു. 

സൗരോര്‍ജക്കാറില്‍ ഒരിന്ത്യന്‍ പര്യടനം

കര്‍ണാടകയിലെ കോളാര്‍ സ്വദേശിയായ സയ്യിദ്, ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ പത്രണ്ടാം ക്ലാസില്‍ വച്ച് പഠനം ഉപേക്ഷിച്ചതാണ്. ചെറുപ്രായത്തില്‍ പഴക്കച്ചവടത്തിലേക്ക് കടന്നു. പിന്നീട് ഇലക്ട്രോണിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി ആരംഭിച്ചു. റേഡിയോയും ടേപ്പ് റെക്കോഡറും ടെലിവിഷനുമൊക്കെയാണ് കൈകാര്യം ചെയ്തിരുന്നത്. വര്‍ഷങ്ങളോളം ഇലക്ട്രോണിക്‌സ് രംഗത്ത് പ്രവര്‍ത്തിച്ചുനേടിയ അറിവ് ഉപയോഗിച്ച്, 2002ല്‍ സൗരോര്‍ജക്കാര്‍ എന്ന ആശയം സാക്ഷാത്കരിക്കാന്‍ ഇറങ്ങിത്തിരിച്ചു. ശരീരം ക്ഷീണിക്കുന്നതിനു മുമ്പ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമാണ് ഇതിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു.

ബൈക്കിലാണ് ആദ്യമായി സൗരോര്‍ജ പാനലുകള്‍ ഘടിപ്പിച്ചത്. അതേ സാങ്കേതികവിദ്യ പിന്നീട് മുച്ചക്രവാഹനത്തിലേക്കും കാറിലേക്കും പകര്‍ത്തി. അഞ്ച് പാനലുകള്‍ ചേര്‍ന്ന് ഉത്പാദിപ്പിക്കുന്ന 100 വാട്ട്‌സാണ് വാഹനത്തിന്റെ ചലനശക്തി. ആറു ബാറ്ററികളായാണ് ഇവ ശേഖരിക്കുക. ഒരു ലക്ഷം രൂപയാണ് കാര്‍ നിര്‍മിക്കാനായി ചിലവായത്. 

സയ്യിദ്ദിന്റെ സൗരോര്‍ജക്കാറിന് 2006ലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിനുള്ള കര്‍ണാടക സര്‍ക്കാരിന്റെ  പുരസ്‌കാരവും ലഭിച്ചിരുന്നു. അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാമാണ് അന്ന് പുരസ്‌കാരം സമ്മാനിച്ചത്. അബ്ദുള്‍ കലാം വിഭാവനം ചെയ്ത ഇന്ത്യയിലേക്ക് എത്തിച്ചേരാന്‍ വിദ്യാര്‍ഥികള്‍ക്കു പ്രചോദനമാകുകയെന്നതാണ് തന്റെ യാത്രയുടെ ലക്ഷ്യമെന്ന് സയ്യിദ് പറയുന്നു. മേളയ്ക്കു ശേഷം കലാമിന്റെ ജന്‍മനാടായ രാമേശ്വരത്തേക്ക് സൗരോര്‍ജക്കാറില്‍ യാത്രതിരിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.