ന്റെ വാഹനങ്ങളെല്ലാം ആംബുലന്‍സാക്കി കോവിഡ് ആവശ്യങ്ങള്‍ക്കു വിട്ടുനല്‍കുകയാണ് തൃക്കാക്കര ഉണിച്ചിറ സ്വദേശി വെള്ളക്കല്‍ നജീബ്. സൈനുല്‍സ് ട്രാവല്‍സ് ഉടമയായ നജീബ്, 15 ടെംപോ ട്രാവലറുകളാണ് ആംബുലന്‍സായി രൂപമാറ്റം വരുത്തി വിവിധ സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വിട്ടുനല്‍കിയത്.

കോവിഡ് ബാധിച്ച തന്റെ തൊഴിലാളിയെ സ്വദേശമായ പാലക്കാട്ടെത്തിക്കാന്‍ ആംബുലന്‍സ് വിട്ടുകിട്ടാത്ത സംഭവത്തില്‍നിന്നാണ് നജീബിന്റെയുള്ളില്‍ ഇത്തരമൊരു ചിന്ത പിറന്നത്. അന്നൊരു ട്രാവലര്‍ ആംബുലന്‍സായി ഉപയോഗിച്ചു. ഇതുപോലെ ആംബുലന്‍സ് കിട്ടാതെ വിഷമിക്കുന്നവരെ കുറിച്ചാണ് അന്നേരം ഓര്‍ത്തതെന്ന് നജീബ് പറയുന്നു.

പിന്നെ ഒന്നും നോക്കിയില്ല, ആദ്യമൊരു ട്രാവലര്‍ സ്വന്തം ചെലവില്‍ രൂപമാറ്റം വരുത്തി. ഓക്‌സിജന്‍ സിലിന്‍ഡറുകളുള്‍െപ്പടെ സൗകര്യങ്ങളൊരുക്കി. തന്റെ ഡ്രൈവര്‍മാരിലൊരാളെയും ഏര്‍പ്പെടുത്തി ആ വാഹനം കൊച്ചി കോര്‍പറേഷനു കൈമാറി. അതാണു തുടക്കം. പിന്നാലെ, മറ്റു ട്രാവലറുകളും കൈപ്പടമുകളിലുള്ള സ്വന്തം വര്‍ക്ഷോപ്പില്‍ രൂപമാറ്റം വരുത്തി.

തൃക്കാക്കര നഗരസഭയുടെയും തൃക്കാക്കര പോലീസിന്റെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് 14-ാമത്തെ ആംബുലന്‍സ് വിട്ടുനല്‍കിയത്, ഇതിനുള്ള ഇന്ധനവും നിറച്ചുനല്‍കി.15-ാമത്തെ വാഹനം വൈകാതെ പി.ടി. തോമസ് എം.എല്‍.എ.യുടെ കീഴിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും.

20 വര്‍ഷമായി ട്രാവല്‍സ് രംഗത്തുള്ള നജീബ് ആശ്രയ കൊച്ചി ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടന രൂപവത്കരിച്ചാണ് സൗജന്യ ആംബുലന്‍സുള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുന്നത്. ട്രസ്റ്റ് പ്രസിഡന്റാണ് ഇദ്ദേഹം.

ഓക്‌സിജന്‍ സിലിന്‍ഡറുള്‍െപ്പടെ ഘടിപ്പിച്ച്, രൂപമാറ്റം വരുത്തുന്നതിന് ഓരോ വണ്ടിക്കും 38,000 മുതല്‍ 45,000 രൂപ വരെ ചെലവു വരുന്നുണ്ട്. എന്നാല്‍, ഈ മഹാമാരിക്കാലത്ത് സാമ്പത്തികച്ചെലവു നോക്കാതെ മറ്റുള്ളവര്‍ക്കായി കഴിയുന്നതു ചെയ്യണമെന്ന ആഗ്രഹത്തിലാണ് ഇദ്ദേഹത്തിന്റെ ആംബുലന്‍സ് കോവിഡ് രോഗികള്‍ക്കായി ഓടുന്നത്.

അര്‍ഹരായ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കോവിഡ് സമാശ്വാസമായി 1,500 രൂപ വീതവും നിര്‍ധന കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റും ഇദ്ദേഹം നല്‍കുന്നുണ്ട്. ക്വാറന്റീനില്‍ കഴിയാന്‍ സൗകര്യമില്ലാത്ത കോവിഡ് രോഗികള്‍ക്കായി തന്റെ നാല് ടൂറിസ്റ്റ് ബസുകള്‍ രൂപമാറ്റം വരുത്താനൊരുങ്ങുകയാണ് ഈ 43-കാരന്‍. 10 കാറുകളും ഇദ്ദേഹത്തിനുണ്ട്. ഭാര്യ സോനം നജീബ് ആര്‍ക്കിടെക്ടാണ്. മക്കള്‍: നോറ ഫാത്തിമ, ഹയ ഫാത്തിമ.

Content Highlights: Travel Service Owner Gives His 15 Tourist Traveler To Covid Service