വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട ചില പ്രധാന നിര്‍ദേശങ്ങള്‍ പോലീസിന്റെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്. വണ്ടിയോടിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍. എന്നാല്‍, വലിയൊരു വിഭാഗം ആളുകള്‍ ഇവ പൂര്‍ണമായും അവഗണിക്കുന്നു. ചിലരാകട്ടെ, സ്വന്തം സൗകര്യമനുസരിച്ചുള്ള ഗതാഗത നിര്‍ദേശങ്ങള്‍ മാത്രം പാലിക്കുന്നു. പലപ്പോഴും പോലീസും നിയമലംഘനങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നതായി ആക്ഷേപമുയരുന്നു.

വെബ്സൈറ്റിലെ ചില നിര്‍ദേശങ്ങളും ഇപ്പോഴത്തെ സ്ഥിതിയും:

  • ഗതാഗത നിയമങ്ങളും റോഡ് സിഗ്‌നലുകളും പാലിച്ചുമാത്രം വാഹനമോടിക്കുക.

-അടിസ്ഥാന നിയമങ്ങള്‍ പലതും ലംഘിക്കുന്നു. റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനമോടിക്കണമെന്ന കാര്യം പോലും അധികമാരും പാലിക്കുന്നില്ല. സിഗ്‌നല്‍ ജങ്ഷനുകളില്‍ ഫ്രീ ലെഫ്റ്റ് അനുവദിക്കുന്നില്ല. പച്ച സിഗ്‌നല്‍ കത്തുന്നതിനു മുമ്പും ചുവപ്പു സിഗ്‌നല്‍ തെളിഞ്ഞതിനു ശേഷവും മുന്നോട്ട് പോകുന്നവരുണ്ട്.

  • അമിത വേഗവും മദ്യലഹരിയില്‍ വണ്ടി ഓടിക്കുന്നതും അലക്ഷ്യമായ വാഹന ഉപയോഗവും ഒഴിവാക്കുക.

-ഗതാഗതക്കുരുക്കില്ലെങ്കില്‍ തോന്നുന്ന വേഗത്തിലാണ് പലരും വാഹനമോടിക്കുന്നത്, ബസുകാര്‍ പ്രത്യേകിച്ചും. മദ്യപിച്ചുള്ള വാഹനമോടിക്കലുമുണ്ട്. മറ്റു വാഹനങ്ങളെ തീരെ പരിഗണിക്കാറില്ല ചില സ്വകാര്യബസുകാര്‍.

  • ഇടതുവശത്തു കൂടിയുള്ള ഓവര്‍ടേക്കിങ്, വാഹനങ്ങളുടെ ഇടയിലൂടെയുള്ള വണ്ടിയോട്ടം എന്നിവ പാടില്ല.

-ഇത് നഗരത്തില്‍ നിത്യക്കാഴ്ചയാണ്. ഇരുചക്ര വാഹനക്കാരാണ് ഇതില്‍ ഏറ്റവും മുന്നില്‍. എവിടെ സ്ഥലം കാണുന്നുവോ അവിടം വഴി ഓടിക്കും. റോഡില്‍ സ്ഥലമില്ലെങ്കില്‍ ഫുട്പാത്തില്‍ കയറും.

  • * കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുക.

-മിക്കവാറും കാര്‍ഡ്രൈവര്‍മാര്‍ സീറ്റ്ബെല്‍റ്റ് ധരിക്കാറുണ്ട്. പക്ഷേ, മറ്റു യാത്രക്കാര്‍ ഭൂരിഭാഗവും ബെല്‍റ്റ് ധരിക്കാറില്ല.

  • കാല്‍നട യാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കുന്നതിന് അര്‍ഹമായ പരിഗണന നല്‍കുക.

-കാല്‍നടക്കാര്‍ക്ക് ഒരു പരിഗണനയും നഗരത്തിലില്ല. തന്റെ യാത്രയ്ക്ക് ഭംഗം വരുത്തുന്ന ആളെന്ന മട്ടിലാണ് ഡ്രൈവര്‍മാര്‍ റോഡ് മുറിച്ചുകടക്കുന്നവരെ കാണുന്നത്. വളരെനേരം കാത്തുനിന്നാല്‍ മാത്രമേ മറുവശം എത്താനാകൂ. കാല്‍നടക്കാരും മോശമല്ല. തോന്നുന്നിടത്തു കൂടി റോഡ് മുറിച്ചുകടക്കും. സീബ്രാലൈന്‍ തൊട്ടടുത്തുണ്ടെങ്കിലും അത് ഉപയോഗിക്കില്ല.

  • രാത്രിയാത്രയില്‍ എതിരെ വരുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്തുകൊടുക്കുക.

-അങ്ങനെ ചെയ്യുന്നവര്‍ തീരെ കുറച്ചേയുള്ളൂ. പലരും അതോര്‍ക്കാറേ ഇല്ല.

  • വളവുകളിലും ജങ്ഷനുകളിലും ഓവര്‍ടേക്കിങ് ഒഴിവാക്കുക.

-ഇരുചക്ര വാഹനക്കാരും സ്വകാര്യ ബസുകാരും പലപ്പോഴും ഇത് പാലിക്കാറില്ല.

  • പരിശീലനം: പദ്ധതി നടപ്പായില്ല


ബസ് ഡ്രൈവര്‍മാര്‍ക്ക് മനഃശാസ്ത്രപരമായ പരിശീലനം നല്‍കാനും 'നല്ല ഡ്രൈവിങ്' പരിചയപ്പെടുത്താനും മൂന്നു മാസത്തിലൊരിക്കല്‍ ക്ലാസുകള്‍ സംഘടിപ്പിക്കാന്‍ പോലീസ് പദ്ധതിയിട്ടിരുന്നു. ബസപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍, പരിക്കേറ്റ് ചികിത്സ കഴിഞ്ഞെത്തിയവര്‍ എന്നിവരുമായി ബസ് ഡ്രൈവര്‍മാര്‍ ആശയവിനിമയം നടത്തുന്ന പരിപാടിയും ആലോചിച്ചിരുന്നതാണ്. അതും നടന്നില്ല.