യല്‍ ഉഴുതുമറിക്കാന്‍ മാത്രമല്ല, മീന്‍പിടിത്ത തോണികള്‍ കടലിലിറക്കാനും കയറ്റാനും ട്രാക്ടര്‍. പള്ളിക്കര കടപ്പുറത്താണ് വടക്കന്‍ കേരളത്തില്‍ ആദ്യമായി ട്രാക്ടര്‍ 'മീന്‍പിടിക്കാന്‍' ഇറങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നാണ് ട്രാക്ടറും ഡ്രൈവര്‍മാരും എത്തിയിരിക്കുന്നത്. തോണിയുടെ കൊമ്പില്‍ തള്ളി രാവിലെ കടലിലേക്ക് ഇറക്കിവിടും. 

മീന്‍പിടിത്തം കഴിഞ്ഞു തിരികെവരുന്ന തോണി വടംകെട്ടിവലിച്ച് സുരക്ഷിതമായ സ്ഥലത്ത് എത്തിക്കുകയും ചെയ്യും. മുമ്പ് തണ്ടും വടവും ഉപയോഗിച്ച് തൊഴിലാളികള്‍ തോണി പൊക്കിയെടുത്ത് കടലില്‍ ഇറക്കുകയും അതേ പോലെ തോളില്‍ എടുത്ത് കരയില്‍ കയറ്റുകയുമായിരുന്നു.

 ഇപ്പോള്‍ വലുപ്പമുള്ള റബ്ബര്‍ കുഴലുകള്‍ മണലില്‍ നിരത്തിയിട്ട് അതിനു മുകളിലൂടെ തോണി തള്ളി ഇറക്കുകയും കയറ്റുകയും ചെയ്തുകൊണ്ടിരിക്കെയാണ് പള്ളിക്കരയില്‍ ട്രാക്ടര്‍ എത്തിയത്. ഒരു വലിയ തോണി ഇറക്കാനും കയറ്റാനും ഇരുപതോളം തൊഴിലാളികള്‍ ആവശ്യമാണ്. ആ പണി ട്രാക്ടര്‍ ഏറ്റെടുത്തതോടെ മിനിറ്റുകള്‍ക്കുള്ളില്‍ കടലിലും കരയിലും എത്തുകയാണ്. തോണികളുടെ വലുപ്പം അനുസരിച്ചാണ് കൂലി.

കടപ്പുറത്ത് തിരകള്‍ വെട്ടിച്ച് തോണി സുരക്ഷിതമായി ഇറക്കാനും കയറ്റാനും പരിശീലനം ലഭിച്ച രണ്ട് ഡ്രൈവര്‍മാരും ട്രാക്ടറും ഒരുമാസം മുന്‍പാണ് പള്ളിക്കരയിലേക്ക് എത്തിയത്. പള്ളിക്കര മഠം കടപ്പുറത്ത് തിരുവനന്തപുരത്തുനിന്നുള്ള മീന്‍പിടിത്ത തൊഴിലാളികള്‍ നേരത്തെതന്നെ താമസം ഉണ്ട്. അവരാണ് ട്രാക്ടര്‍ കൊണ്ടുവരാന്‍ മുന്നിട്ടിറങ്ങിയത്.

Content Highlights: Tractor Using For Fishing In Kasaragod